ജീവിത യാത്രയില്‍ അപൂര്‍വ്വം സംഭവിക്കുന്ന ചില നിമിഷങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.

Saturday, February 12, 2011

ബാംഗ്ലുരെക്കൊരു യാത്ര-1


ബാംഗ്ലുരെക്കൊരു യാത്ര


(ഞങ്ങള്‍ നാല് സുഹൃത്തുക്കളുടെ നാല് ദിവസത്തെ സാഹസികവും ഉദ്വേഗജനകവും ആയ യാത്രയുടെ ഓര്‍മക്കുറിപ്പുകള്‍ )

രംഗം ഒന്ന്
(ആനന്ദ ശരവണന്‍ സാറിന്‍റെ ക്ലാസ്, എന്ത് കാര്യത്തെ പറ്റിയും ഡിസ്കസ് ചെയ്യാന്‍ പറ്റിയ ക്ലാസ്സ്‌)
“ശ് ..ഡാ ..ഡാ പ്രവീണേ നമ്മക്ക് പ്രൊജക്റ്റ്‌ ബാംഗ്ലൂരില്‍ ചെയ്യാം..”
(പുറകീന്നു ലോബോ പുറത്തു തോണ്ടിക്കൊണ്ട് ചോദിച്ചു)
“അതിനു നിനക്കവിടെ ആരെയെലും പരിചയമുണ്ടോ?”
“പിന്നെ നമ്മടെ ആള്‍ക്കാരൊക്കെ ഉണ്ട് പക്ഷെ ആദ്യം അവിടെ പോയി പ്രൊജക്റ്റ്‌ തപ്പി കണ്ടുപിടിക്കണം, ആ പേരും പറഞ്ഞു മൂന്നാല് ദിവസം അടിച്ചു പോളിക്കുവേം ചെയ്യാം” 
“അയ്യേ! അതൊക്കെ മോശമല്ലേ ..”
“പോടാ തെണ്ടീ.. നീയല്ലേ പറഞ്ഞത് നിനക്കീ കോയമ്പത്തൂര്‍ മടുത്തെന്നും കൊറച്ചു ദിവസം എങ്ങോട്ടെങ്കിലും ഒന്ന് കറങ്ങാന്‍ പോണമെന്നും.”
അത് സത്യമാ എന്നാലും നമ്മളെ ആരേലും കണ്ടാലോ
“ഡാ അതിനു പ്രൊജക്റ്റ്‌ തപ്പാന്‍ പോകുന്നെന് ആരെന്തു പറയാന്‍”
“അല്ല അതിനു ആരും ഒന്നും പറയില്ല പക്ഷെ നമ്മള്‍ അവിടെ ചെന്ന് നിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി വല്ല ബാറിലും ഒക്കെ കേറിയാല്‍, ഞാന്‍ നാട്ടിലൊക്കെ ഭയങ്കര ഡീസന്‍റാ, നിന്നെ പോലെയല്ല. അങ്ങനെ ആരേലും കണ്ടാലോ എന്നാ ഞാന്‍ ഉദ്ദേശിച്ചേ ..”
“എടാ കോപ്പേ ..ഒരുമാതിരി കൊണാപ്പിക്കല്ലേ, നിനക്ക് സൗകര്യം ഉണ്ടേല്‍ വന്നാ മതി ഞാനേതായാലും പോകാന്‍ തീരുമാനിച്ചു”
“ഹാ ഡാ ലോബോ ..അങ്ങനെ അങ്ങ് പിണങ്ങാതെടാ, ഞാന്‍ ചുമ്മാ തമാശ പറഞ്ഞതല്ലേ. പിന്നെ പോകുവാണേല്‍ നമ്മടെ അനിലിനേം റിനോഷിനേം കുടെ വിളിച്ചേക്കാം. പണ്ട് അവന്മാര് അങ്ങനെ ഏതാണ്ടൊക്കെ പറഞ്ഞാരുന്നു”
“അതൊക്കെ നിന്‍റെ  ഇഷ്ടം, പിന്നെ നിന്‍റെ ആരേലും ഉണ്ടോ അവിടെ? നമ്മക്ക് സേഫ് ആയിരിക്കണം. കാര്യം എന്‍റെ അമ്മാച്ചനും, അച്ചാച്ചനും ഒക്കെ അവിടെ ഉണ്ട്. പക്ഷെ ഇതിനൊക്കെ പോകുമ്പോ അവരൊക്കെ അറിഞ്ഞാല്‍ മോശമല്ലേ ..ഞാന്‍ നിന്നെപോലെയല്ല വീട്ടിലൊക്കെ ഭയങ്കര ഡീസന്‍റാണു”
“അല്ല പ്രൊജക്റ്റ്‌ തപ്പാന്‍ പോകുന്നെന് എന്നാ പ്രശ്നം”.
“അതിനു പ്രശ്നം ഒന്നും ഇല്ല, പിന്നെ നമ്മളെ അവര് വല്ലോം ബാറിലേക്ക് വിളിച്ചാല്‍ അതൊരു പ്രശ്നം ആകും”
“ഓ അങ്ങനെ... അപ്പൊ അവരും നിന്നെ പോലെ കച്ചറകളാ അല്ലെ ..”
അവനു മറുത്തൊന്നും പറയാന്‍ പറ്റുന്നെനു മുന്നേ ആനന്ദ ശരവണന്‍ ക്ലാസ്‌ അവസാനിപ്പിച്ചു
അങ്ങനെ നാട്ടിലെ ഡീസന്‍റായ ഞാനും  വീട്ടിലെ ഡീസന്‍റായ ലോബോയും  കൂട്ടത്തില്‍ രണ്ടിടത്തും ഡീസന്‍റായ അനിലും റിനോഷും കൂടെ പ്രൊജക്റ്റ്‌ തപ്പാന്‍ (അങ്ങനെ തപ്പിയാ വല്ലോം കിട്ടുന്ന സാധനമാണോ ഇത്) ബാംഗ്ലൂര്‍ക്ക് പോകാന്‍ തീരുമാനിക്കുന്നു.
സംഭവ ബഹുലമായ ബംഗ്ലൂര്‍ യാത്രയിലേക്ക്... 
ഐലന്‍റ് എക്സ്പ്രസ്സിന്‍റെ സ്ലീപ്പര്‍ ക്ലാസില്‍ കിട്ടിയ ടിക്കറ്റുമായി ഞങ്ങള്‍ നാലുപേരും കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബാംഗ്ലൂര്‍ എന്ന ഐ ടി നഗരത്തിലേക്ക് വൈകുന്നേരം കൃത്യം അഞ്ച് അഞ്ച് എന്ന ശുഭ മുഹൂര്‍ത്തത്തില്‍ യാത്ര തിരിക്കുന്നു

രംഗം രണ്ടു (ട്രെയിന്‍ യാത്ര ).

ഡാ റിനോഷേ.. കലക്കിട്ടോണ്ടല്ലോടാ പുതിയ ഷൂസ്. അനില്‍ റിനോഷിന്‍റെ പുതിയ ഷൂസിലേക്ക് നോക്കി പറഞ്ഞു
“ഹോ.. ഇപ്പോഴെങ്കിലും നീയതു കണ്ടല്ലോ! സമാധാനമായി, ചേട്ടന്‍ ബോംബേന്നു വന്നപ്പോ കൊണ്ടുവന്നതാ.ഒറിജിനല്‍ വുഡ്ലാന്‍ഡ്സാ. രണ്ടായിരത്തി അഞ്ഞൂറ് രൂപയായി.” റിനോഷ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.
പിന്നെ ഇതിന്‍റെ ലയ്സ് ഇങ്ങനെയാണ്, സോള്‍ അങ്ങനെയാണ് അവന്‍ കാലു പൊക്കുന്നു, താക്കുന്നു. ട്രയിനെ കിടന്നു വന്‍ പ്രകടനം. ഇത്രയും ആയപ്പോള്‍ അവനോടു ഇതിനെപറ്റി ചോദിക്കണ്ടാരുന്നു എന്ന് അനിലിന് തോന്നിയെങ്കില്‍ അതിനു അവനെ കുറ്റം പറയാന്‍ പറ്റുമോ.
ഞാനും ലോബോയും ഇരിക്കുന്നെന്‍റെ  ഇടയ്ക്കു കൊണ്ടെയാണ് റിനോഷ് കാലു വച്ചേക്കുന്നെ.
ഡാ..റിനോഷേ കാലെടുത്തു താഴെ വക്കടാ..ഞാന്‍ പറഞ്ഞു
“പോടാ അവിടുന്ന് ഇത്രേം കാശ് കൊടുത്തു മേടിചേച്ചു, നാല് പേര് കാണട്ടെ ..നീ വേണേല്‍ അവുത്തെ പിടിചോണ്ടിരുന്നോ..”      
പോടാ തെണ്ടീ ..മനസ്സില്‍ അവനെ പിരാകിക്കൊണ്ടു ഞാന്‍ ഒന്ന് കൂടി ഇളകി ഇരുന്നു.   
“നീ പറഞ്ഞ ആളു വരുമല്ലോ അല്ലെ..”ലോബോ കുറച്ചു സംശയത്തോടെ എന്നോട് ചോദിച്ചു. 
“പിന്നെ വരാതെ പുള്ളി അവിടുത്തെ ഏതോ വലിയ കമ്പനിയില്‍ നല്ല  ഏതോ പോസ്റ്റിലാ. മിക്കവാറും പുള്ളിക്കാരന്‍റെ കമ്പനില്‍ തന്നെ നമ്മക്ക് പ്രോജെക്ടും ശരിയാക്കി കിട്ടും.”
“ശരിക്കും നിങ്ങള്‍ തമ്മില്‍ ഉള്ള ബന്ധം എന്താ? എനിക്കങ്ങോട്ട് അത് വ്യക്തമായില്ല”. അപ്പുറത്ത് നിന്നും അനിലിന്‍റെ ചോദ്യം  
“എടാ പുള്ളിക്കാരന്‍ അതായത് നമ്മള്‍ കാണാന്‍ പോകുന്ന നവീന്‍ ചേട്ടന്‍ എന്‍റെ വീടിന്‍റെ നേരെ എതിര്‍വശത്തുള്ള വീട്ടിലെയാ, എന്‍റെ അച്ഛന്‍ അല്ലെ അവരെ ആ വീട് മേടിക്കാന്‍ സഹായിച്ചേ. അവര്‍ നേരത്തെ രാജസ്ഥാനില്‍ ആരുന്നു, പിന്നെ ഇങ്ങോട്ട് പോന്നു. നവീന്‍ ചേട്ടന്‍ നല്ല പച്ചവെള്ളം പോലെ   ഹിന്ദി പറയും. നമ്മടെ കാര്യം പറഞ്ഞപ്പോള്‍ അച്ഛനാ പറഞ്ഞെ നവീന്‍ ചേട്ടന്‍റെ അടുത്ത് താമസിക്കാം പുള്ളി അവിടെ വലിയ നിലയില്‍ ആണന്നു.”
“നിന്‍റെ അച്ഛന്‍ പറഞ്ഞതായകൊണ്ട് എനിക്കിതത്ര വിശ്വാസം ഇല്ല, പുള്ളി കാശു ലാഭിക്കാന്‍ വേണ്ടി പറഞ്ഞതാവും” ലോബോയുടെ മുന വച്ച സംസാരം. 
“പോടാ അവിടുന്ന്..എനിക്കും ശരിക്ക് അറിയാം നവീന്‍ ചേട്ടനെ ..പുള്ളി ഒരു കിടിലനാ. കിടിലന്‍ ..”..(എന്‍റെ നാക്ക് പൊന്നാവട്ടെ).
.........................................................................................................................................................
യാത്രിയ്യോം പ്രത്യാഖാന്‍..കന്യാകുമാരിസെ ആനെവാലി ഐലാന്‍ഡ്‌ എക്സ്പ്രസ്സ്‌ പ്ലാറ്റ്ഫോം നമ്പര്‍ ദോ..
ഡാ സ്റ്റേഷന്‍ എത്തി എഴുനെല്‍ക്ക്..ഞാന്‍ എല്ലാരേം വിളിച്ചുണര്‍ത്തി.
ഞങള്‍ കെട്ടും ഭാണ്ടോം ഒക്കെയായി ബംഗ്ലൂര്‍ കണ്ടോന്മേന്റ്റ്‌ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി.

രംഗം മൂന്ന് (റെയില്‍വേ സ്റ്റേഷന്‍)

“ആണ്ടെ..അതാണ്‌ നവീന്‍ ചേട്ടന്‍...” ഞാന്‍ ദൂരെ നില്‍ക്കുന്ന ഒരു പച്ച ഷര്‍ട്ടുകാരനെ ചൂണ്ടി പറഞ്ഞു. പുള്ളിക്കാരന്‍ ഞങ്ങളെ കണ്ടിട്ട് ഇങ്ങോട്ട് നടന്നു വരുകയായിരുന്നു.
നവീന്‍ ചേട്ടനെ കണ്ടാല്‍ ഒരാറടി പൊക്കം, അതിനനുസരിച്ച വണ്ണം. നല്ല കുടവയര്‍ ഉണ്ട്. കട്ടി മീശ അങ്ങിങ്ങായി നരച്ചിരിക്കുന്നു, മുടി പറ്റെ വെട്ടിയോതുക്കിയിരിക്കുന്നു. മൊത്തത്തില്‍ കണ്ടാല്‍ ഒരു എക്സ് മിലിട്ടറി ആണന്നു തോന്നും. ശരിക്കും ആളൊരു ക്രോണിക് ബാച്ച്‌ലര്‍ ആണ്.
“ഹലോ മിസ്റ്റര്‍ പ്രവീണ്‍..കൈസേ ഹേ.....യാത്ര എങ്ങനെ ഉണ്ടാരുന്നു ... ഉറക്കം ഒക്കെ ശരിക്കും നടന്നില്ലേ.”
“വളരെ സുഖമാരുന്നു നവീന്‍ ചേട്ടാ, ഇതാണ് എന്‍റെ ഫ്രണ്ട്സ്‌... ഇത് റിനോഷ്‌, അനില്‍ പിന്നെ ലോബോ ..”
“ഹലോ ഫ്രണ്ട്സ്‌ കൈസേ ഹെ..”
എല്ലാരും കൂടി കോറസ് ആയി “ടീക്ക് ഹേ ...നവീന്‍ ചേട്ടാ...”
“ങാ..അപ്പൊ നിങ്ങള്‍ പ്രവീണിനെ പോലെയല്ല ഹിന്ദി ഒക്കെ അറിയാം അല്ലെ”
“ഇപ്പൊ ഈ പറഞ്ഞത് മാത്രം അറിയാം” ഞാന്‍ ചാടി പറഞ്ഞു..അങ്ങനെ ഇപ്പൊ ഇവന്മാര് ഷൈന്‍ ചെയ്യണ്ട.
“ങാ എന്നാല്‍ നമ്മക്കൊരു ഓട്ടോ പിടിക്കാം, ഇവിടുന്നു കുറച്ചു ദൂരം ഉണ്ട് ഞാന്‍ താമസിക്കുന്നെടതെക്ക്”
“അപ്പൊ ഇയാള്‍ക്ക് കാറില്ലേ,”(ലോബോ എന്‍റെ ചെവിയില്‍ ചോദിച്ചു).
“പിന്നെ.. കാറുണ്ട് വല്ല വര്‍ക്ക്‌ഷോപ്പിലും ആരിക്കും” ഞാന്‍ പറഞ്ഞു. (സത്യത്തില്‍ എനിക്കറിയാന്‍ മേല ഞാനും വിചാരിച്ചത് കാറുണ്ടന്നാണ്)   
അങ്ങനെ നവീന്‍ ചേട്ടന്‍റെ പുറകെ ഞങ്ങള്‍ നാല് പേരും ഓട്ടോയിലേക്ക്.

രംഗം നാല് (ഓട്ടോറിക്ഷ യാത്ര)

ഞങ്ങള്‍ നാല് പേരും ഓട്ടോയുടെ പുറകില്‍ വിത്ത്‌ ബാഗ്, നവീന്‍ ചേട്ടന്‍ ഡ്രൈവറുടെ കൂടെ ഫ്രണ്ടില്‍. ഒരുപാട് നേരം തര്‍ക്കിചിട്ടാണ് ഡ്രൈവര്‍ ഞങ്ങളെ അഞ്ചു പെരേയും  ഓട്ടോയില്‍ കയറ്റിയത്.
അങ്ങനെ ഏതൊക്കെയോ ഗുദാമില്‍ക്കൂടി സഞ്ചരിച്ചു ഒരു വലിയ വീടിന്‍റെ മുന്നില്‍ ഓട്ടോ നിന്നു.
“ങാ സ്ഥലമെത്തി എല്ലാരും ഇറങ്ങിക്കോ” ഇതും പറഞ്ഞു പുള്ളിക്കാരന്‍ ഓട്ടോക്കാരന്‍റെ കയ്യില്‍ കുറച്ചു പൈസ വച്ച് കൊടുത്തു..
“അയ്യോ നവീന്‍ ചേട്ടാ ഞാന്‍ കൊടുക്കാം, (അത് കേട്ട് ബാക്കി എല്ലാര്‍ക്കും സന്തോഷം, എല്ലാരേം മാറി മാറി നോക്കിട്ടു ഞാന്‍ പറഞ്ഞു)
അല്ല ഞങള്‍ കൊടുത്തോളം” (പെട്ടെന്ന് എല്ലാരുടേം മുഖത്തെ ആദ്യത്തെ ആ സന്തോഷം അപ്രത്യക്ഷമായി)
 “ഏയ് അത് ശരിയല്ല നിങ്ങള്‍ എന്‍റെ ഗസ്റ്റ് ആണ് അപ്പൊ ഞാന്‍ വേണം നിങ്ങളെ ട്രീറ്റ്‌ ചെയ്യാന്‍, അല്ലങ്കില്‍ തന്നെ ഇനിം അങ്ങോട്ട്‌ നിങ്ങള്‍ക്ക് നല്ല ചിലവുള്ളതല്ലേ”
(ആ പറഞ്ഞതിന്‍റെ അര്‍ഥം അന്നേരം മനസ്സിലായില്ലങ്കിലും പിന്നീട് നല്ലതു പോലെ മനസ്സിലായി).

രംഗം അഞ്ച് (ബംഗ്ലൂരിലെ വീട്ടില്‍ )

മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പടുകൂറ്റന്‍ ബംഗ്ലാവിലേക്ക് നോക്കി  ഞങ്ങള്‍ നാല് പേരും നെടുവീര്‍പ്പിട്ടു.
ഹൊ..എന്നാ വീടാ ...ഇനിം നാല് ദിവസം ഇവിടെ അടിച്ചു പൊളി ഞാന്‍ മനസ്സില്‍ കരുതി
ഞങ്ങളുടെ നോട്ടം കണ്ടിട്ടാവണം നവീന്‍ ചേട്ടന്‍ ഞങ്ങളോടായി പറഞ്ഞു
“അയ്യോ ഇത് മുഴവന്‍ ഒന്നും ഞാന്‍ താമസിക്കുന്നതല്ല, ഞാനങ്ങു മോകളിലത്തെ നിലയിലാ”
എന്നാലും ഇഷ്ടം പോലെ സ്ഥലം, ഞങ്ങള്‍ പുറത്തുകൂടെയുള്ള സ്റെപ്പ്‌ കയറി മോകളിലത്തെ നിലയിലേക്ക്.
“അയ്യോ ഇവിടെ അല്ല, ഇതിന്റെം മോകളിലത്തെ നിലയിലാ” രണ്ടാം നിലയില്‍ വച്ച് വാതിലിന്‍റെ അടുക്കലേക്ക് തിരിഞ്ഞ റിനോഷിനെ നോക്കി നവീന്‍ ചേട്ടന്‍ പറഞ്ഞു
ഇതിന്റേം മുകളിലോ , ഞങ്ങള്‍ എല്ലാരും പരസ്പരം ഒന്ന് നോക്കി. ആകെ രണ്ടു നിലയെ ഉള്ളു വീടിനു.  അതിന്‍റെ മോകളില്‍ ഏതു നില.
അങ്ങനെ ഞങ്ങള്‍ നവീന്‍ ചേട്ടന്‍ പറഞ്ഞ നിലയില്‍ എത്തി. അതായത് ടെറസ്സ്. അവിടെ ഒരു ഒറ്റമുറി. അതിലാണ് പുള്ളിക്കാരന്‍റെ താമസം.
എല്ലാരുടെയും തീപാറുന്ന നോട്ടം എന്‍റെ നേര്‍ക്കായി, ലോബോ എന്‍റെ ചെവിയുടെ അടുത്ത്  വന്നിട്ട് (“%^%&^&#@$% ..ഇതാണോടാ നീ പറഞ്ഞ സെറ്റപ്പ്”).
എല്ലാ കുറ്റങ്ങളും ഏറ്റുപറഞ്ഞു കൊണ്ട് ഞാനാ മുറിയിലേക്ക് കടന്നു. ഇവിടെയാണ്‌ ഞങ്ങള്‍ നാല് പേരും അടുത്ത നാല് ദിവസം കിടക്കാന്‍ പോകുന്നത്.
പല്ല് തേച്ചു കുളിച്ചു രാവിലെ തന്നെ ഞങ്ങള്‍ റെഡി ആയി. ആദ്യം ഭക്ഷണം പിന്നെ ബംഗ്ലൂര്‍ ഒക്കെ ഒന്ന് കാണണം. ഇതിനിടയില്‍ നവീന്‍ ചേട്ടനെ ഒഴിവാക്കുകേം വേണം.
ഞങ്ങള്‍ പല വഴികളും നോക്കിയെങ്കിലും പുള്ളിക്കാരന്‍ ഞങ്ങളെ വിട്ടു പോകുന്ന ലക്ഷണം ഒന്നും ഇല്ല. അവസാനം ഞങ്ങള്‍ സ്പ്ലിറ്റ്‌ ആകാന്‍ തീരുമാനിച്ചു. അപ്പോള്‍ ആരുടെ കൂടെ പോകും എന്നാ കണ്ഫ്യുഷനില്‍ പുള്ളി ഞങ്ങളെ വെറുതെ വിട്ടു.
അപ്പൊ വൈകുന്നേരം കാണാം എന്ന് പറഞ്ഞു ഞങ്ങള്‍ എല്ലാം അവിടെ നിന്നും പിരിയുന്നു. അതുവരെ ..
സ്വര്‍ഗത്തിലോ..നമ്മള്‍ സ്വപ്നത്തിലോ ...
ഗന്ധര്‍വ സംഗീത ലോകത്തിലോ ....

ദിവസം-1
(ഇനിം രംഗങ്ങള്‍ ഇല്ല ദിവസങ്ങള്‍ ആണ് )

പുള്ളിക്കാരന്‍റെ കണ്ണ് വെട്ടിച്ചു ഞങ്ങള്‍ എല്ലാവരും അര മണിക്കൂറിനകം ഒത്തു കൂടി, സ്വപ്ന നഗരമായ ബാന്ഗ്ലുര്‍ നഗരത്തിന്‍റെ ചൂടും ചൂരും അറിയാനുള്ള യാത്രയുടെ ആരംഭം കുറിക്കുന്നു .

ആദ്യം ഞങ്ങള്‍ പോയത് ലോബോയുടെ അനുജന്‍ സോജിയുടെ നഴ്സിംഗ് വിദ്യാര്‍ഥികളായ ചില സുഹൃത്തുക്കളുടെ അടുത്തേക്കാണ് . ഊഷ്മളമായ വരവെല്പ്പിനു ശേഷം ഞങ്ങളുടെ ആഗമനോദ്ദേശം അന്വേഷിച്ചറിഞ്ഞ അവര്‍ ആദ്യം ഒന്നമ്പരന്നു. സോജിയുടെ ചേട്ടന് പഠിത്ത കാര്യത്തില്‍ ഇത്രയ്ക്കു ശുഷ്കാന്തിയുണ്ടന്നു അറിഞ്ഞ അവരില്‍ ചിലര്‍ പൊട്ടിക്കരയുക വരെ ചെയ്തു.  ബംഗളൂര്‍ നഗരത്തെ ഇത്ര അടുത്തറിയാവുന്ന അവരില്‍ നിന്ന് ഞങ്ങളുടെ യഥാര്‍ത്ഥ ആഗമനോദ്ദേശം മറച്ചു വച്ചതില്‍ ഞങ്ങള്‍ മൂന്നുപേര്‍ക്കും ലോബോയോടു തെല്ലൊരമര്‍ഷം തോന്നാതിരുന്നില്ല. എന്നാല്‍ അനുജന്‍റെ സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് അവന്‍റെ ഇമേജ് സംരക്ഷിക്കുക എന്ന ദൌത്യം സുഹൃത്തുക്കളായ ഞങ്ങള്‍ പാലിച്ചല്ലേ പറ്റൂ ..

വൈകുന്നേരം വരെ ബ്രിഗേഡ്‌ റോഡില്‍ക്കൂടി തെക്ക് വടക്ക് നടന്നു എന്നല്ലാതെ യാതൊന്നും സംഭവിച്ചില്ല. അതിനിടയില്‍ റിനോഷ് തന്‍റെ പുതിയ ഷൂസ് ഉപയോഗിക്കുന്നതില്‍ കാണിച്ച ചില സാങ്കേതിക തടസ്സങ്ങള്‍ വഴിയില്‍ ചില്ലറ കശ പിശ ഉണ്ടാക്കുകയും ചെയ്തു. അത് പിന്നെ ആമത്തോട്‌ പോലത്തെ ഷൂവിട്ടു വഴിയെ നടക്കുന്നോരെ ചവുട്ടിയാല്‍ അവര് വെറുതെ വിടുമോ? എല്ലാവരോടും ഈ ഷൂവിന്‍റെ വില പറഞ്ഞാല്‍ അവര് പേടിക്കുമോ ? ഇല്ല ..അപ്പൊ ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാവും. കൂട്ടുകാരായ നമ്മള്‍ വേണം പിന്നെ ചവിട്ടു കിട്ടിയോരെ ഇതിന്‍റെ മഹത്വം പറഞ്ഞു മനസ്സിലക്കിക്കാന്‍.   

സന്ധ്യ ആയതോടെ സോജിയുടെ സുഹൃത്തുക്കള്‍ കളം പിരിഞ്ഞു. ഇനിയെന്ത്? എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടാരുന്നുളളു നവീന്‍ ചേട്ടനെ വിളിക്കുക.
ഞങ്ങള്‍ വിളിച്ചു ...നവീന്‍ ചേട്ടന്‍ എത്തി. 

"ആ  ...ഞാന്‍ നിങ്ങള്‍ എവിടെപോയി എന്നാലോചിക്കുവാരുന്നു. ഇനിയെന്താ പരിപാടീ ..പ്രൊജക്റ്റ്‌ വല്ലോം ശരിയായോ?"

"ഹോ എവിടെ ശരിയാവാനാ എന്‍റെ നവീന്‍ ചേട്ടാ  ...ഒന്നും ഒത്തില്ല" ഞാന്‍ വളരെ നിരാശ അഭിനയിച്ചു പറഞ്ഞു 

"എന്നാല്‍ വാ...നമ്മക്ക് വീട്ടില്‍ പോയേക്കാം എന്നിട്ട് നാളെ നമ്മക്കൊരുമിച്ചു ഒന്ന് തപ്പാം...എന്താ

"അല്ല ഞങ്ങള്‍ ഒന്നും കഴിച്ചില്ല വല്ലോം കഴിച്ചിട്ട്" 

"ങാ എന്നാല്‍ അങ്ങനെ തന്നെ കഴിച്ചിട്ട് പോകാം അല്ലെ 

തിരക്കേറിയ ബ്രിഗേഡ്‌ റോഡില്‍ കൂടി ഹോട്ടല്‍ ലക്ഷ്യമാക്കി ഞങ്ങള്‍ മുന്നോട്ടു നടന്നു, ഒരു  ബാറിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ ലോബോ എന്നെ പിടിച്ചു വലിക്കാന്‍ തുടങ്ങി, അവനിലെ ചെകുത്താന്‍ ഉണര്‍ന്നു കഴിഞ്ഞു.

"ഡാ ചോദിക്ക് ചോദിക്ക്" ലോബോ പയ്യെ എന്‍റെ ചെവിയില്‍ പറഞ്ഞു.

"നീ ചോദിക്ക് എനിക്ക് മോശമാ ഞങ്ങള്‍ അയല്‍ക്കരല്ലേ

എന്നെ ഇനിം തള്ളിട്ടു പ്രയോജനം ഇല്ല എന്ന് മനസിലാക്കിട്ടാവം ലോബോ സധൈര്യം നവീന്‍ ചേട്ടനെ വിളിച്ചു 

"നവീന്‍ ചേട്ടാ ...നമ്മക്ക് വല്ലോം തണുത്തത് കഴിച്ചാലോ" 
“തണുത്തതോ യു മീന്‍”
“എസ് അത് തന്നെ, ചേട്ടന്‍ ഉദ്ദേശിച്ചതു തന്നെ”
ലോബോയുടെ ഈ മറുപടി കേട്ടതും  നവീന്‍ ചേട്ടന്‍റെ മുഖത്ത് വിടര്‍ന്ന നവരസങ്ങള്‍ അത് വര്‍ണിക്കാന്‍ വാക്കുകള്‍ ഇല്ല.
"നിങ്ങള്‍ കഴിക്കും അല്ലെ  ...ഞാന്‍ വിചാരിക്കുവേം ചെയ്തു നിങ്ങള്‍ എന്നാ കൊണാഞ്ജന്‍മാരാന്നു..  "
പിന്നെ എല്ലാം  ശട് പിടേന്നാരുന്നു ..നേരെ ബാറിലോട്ടു ഓടിക്കേറുന്നു മേശ പിടിക്കുന്നു, ഓര്‍ഡര്‍ ചെയ്യാന്‍ സപ്ലയറെ ശൂ...ശൂന്ന് വിളിക്കുന്നു.
"അപ്പൊ എങ്ങനെയാ നിങ്ങള്‍ എന്താ കഴിക്കുന്നെ " നവീന്‍ ചേട്ടന്‍ ചോദിച്ചു 
"ഞങ്ങള്‍ക്ക് ബിയര്‍ മതി  ..."  അനില്‍ പറഞ്ഞു
"ദെന്‍ ഉധര്‍ ചാര്‍ ബിയര്‍ മുജ്കോ ഏക് ഓള്‍ഡ്‌ മങ്ക്  പൈണ്ട്.." നവീന്‍ ചേട്ടന്‍ ഓര്‍ഡര്‍ കൊടുത്തു .

നുരഞ്ഞു പൊങ്ങുന്ന ബിയര്‍ കുപ്പികള്‍ നാലെണ്ണം ഞങ്ങടെ മുന്നില്‍ നിരന്നു
എല്ലാരുടേം മുഖത്തൊരു ആഹ്ലാദം ..(അപ്പൊ ഒരു ചെറിയ പാട്ടാവാം അല്ലെ ...) ഈ ഗ്യാപ്പില്‍ ഒരു അടിച്ചുപൊളി ബാര്‍ ഡാന്‍സ് പോരട്ടെ ...

വിശന്നിരിക്കുന്ന ചെന്നായുടെ മുന്നില്‍ ഇരയെ കിട്ടിയ  പോലെ നവീന്‍ ചേട്ടന്‍ ആര്‍ത്തിയോടെ ഒറ്റയ്ക്ക് ആ പൈണ്ട് മുഴവന്‍ തീര്‍ത്തു. 
കലങ്ങിയ കണ്ണുകളും ഉറക്കാത്ത കാലുകളുമായി ഞങ്ങള്‍ക്ക് മുന്നേ നടക്കുന്ന നവീന്‍ ചേട്ടന്‍റെ പുറകെ ഞങ്ങളും. 

(തുടരും)
  


   



   





Wednesday, November 24, 2010

വികാരി അച്ഛനും ഫുട്ബോളും


(കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് ഒരു മടക്കയാത്ര, ബോറടിക്കുന്നെങ്കില്‍ പൊറുത്തു മാപ്പാക്കണം എന്ന് അപേക്ഷ ... )

ഇതൊരു ദേശത്തിന്‍റെ കഥ ആണ്, എത്ര സമര്‍ഥമായി യുവജനങ്ങളെ രാഷ്ട്ര പുനര്‍നിര്‍മാണത്തിന് വേണ്ടി മാറ്റിയെടുക്കാം എന്നതിന്‍റെ ഉത്തമ ദ്രിഷ്ടാന്തമാണ് ഈ കഥ. 
കഥ നടക്കുന്നത് മീനച്ചില്‍ താലൂക്കില്‍ ആയതുകൊണ്ടാവം ഈ ദേശീയോദ്ഗ്രഥന പദ്ധതിയില്‍ പങ്കെടുക്കാന്‍ ഭാഗ്യവശാല്‍ ഒരു  വികാരിഅച്ചന് അവസരം കൈവന്നത്. മീനച്ചില്‍ താലൂക്കില്‍ റബ്ബര്‍ കഴിഞ്ഞാല്‍ ഏററവും കൂടുതല്‍ കണ്ടു വരുന്ന മറ്റൊരു പ്രസ്ഥാനമാണ് വികാരിഅച്ഛന്മാര്‍. സമൂഹനന്മക്കായി പലതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നതാണ് ഇവരുടെ ഹോബി. ആ ഹോബി പിന്നെ ഫോബിയ ആയി മാറിയ അച്ചന്മാരും വിരളമല്ല. എങ്കിലും കാലാകാലങ്ങളായി അവരുടെ പ്രവര്‍ത്തനം ജനക്ഷേമപരമായ പല പദ്ധതികള്‍ക്കും തുടക്കം കുറിപ്പിച്ചു  എന്നത് എടുത്തു പറയേണ്ട ഒരു വസ്തുതയാണ്.
    1998-ലെ ഫ്രാന്‍സിന്‍റെ ലോകകപ്പ്‌ വിജയം സ്വന്തം രാജ്യത്തിന്‍റെ വിജയമെന്നോണം ആഘോഷിക്കുകയാണ് ഞങ്ങള്‍ കുറച്ചാളുകള്‍. സാധാരണ അമേരിക്കയുടെ വിജയങ്ങളാണ് ഞങ്ങള്‍ ആഘോഷിക്കാര്, കാരണം ഇവിടെ ഭൂരിപക്ഷം വീടുകളിലും ഇന്ത്യന്‍ പൌരത്വം ഉള്ളവരേക്കാള്‍   അമേരിക്കന്‍ പൌരത്വം നേടിയവര്‍ ആയിരുന്നു കൂടുതല്‍. എന്നെങ്കിലും തങ്ങളുടെ മക്കള്‍ അമേരിക്കന്‍ സൈന്യവുമായി വന്നു ഈ വൃത്തികെട്ട ഇന്ത്യാ മഹാരാജ്യത്ത് നിന്നും തങ്ങളെ  രക്ഷിച്ചു കൊണ്ടുപോകും എന്ന് വിചാരിച്ച് പ്രാര്‍ത്ഥനയും നോമ്പുമായി കഴിയുന്ന  വൃദ്ധജനങ്ങള്‍, ഏതെങ്കിലും ഒരു നഴ്സിനെ കെട്ടി ഉടന്‍ തന്നെ അമേരിക്കക്ക് പോകാം എന്നാ കണക്ക് കൂട്ടലില്‍ കാത്തിരിക്കുന്ന യുവജനങ്ങള്‍. അങ്ങനെ അമേരിക്കന്‍ മോഹവുമായി കഴിയുന്ന ഒരു വലിയ ജനവിഭാഗം തന്നെ അവിടെ ഉണ്ടായിരുന്നു. അങ്ങനെ ഉള്ള അവിടെ ആണ് ഞങ്ങള്‍ ഫ്രാന്‍സിന്‍റെ വിജയം ആഘോഷിക്കുന്നത്. ഒരിക്കലും അമേരിക്കക്ക് പോകാന്‍ സാധ്യത ഇല്ലാത്ത ചില കുബുദ്ധികള്‍ ആയിരുന്നു ഈ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അവിടവിടെ ചില മുറുമുറുപ്പുകള്‍ ഉയര്‍ന്നെങ്കിലും അധികം വൈകാതെ അത് കെട്ടടങ്ങി. 
എന്നെപോലുള്ള കുട്ടികള്‍ ഫുട്ബാള്‍ കളിയ്ക്കാന്‍ സ്ഥലം അന്വേഷിച്ചു നാടായ നാട് മുഴവന്‍ കറങ്ങി. ആകെപ്പാടെ ഉണ്ടായിരുന്ന ഒരു ചെറിയ സ്കൂള്‍ ഗ്രൌണ്ട് അവിടുത്തെ തൊഴിലാളി യൂണിയന്‍ കയ്യടക്കി. യുണിയനില്‍ അംഗങ്ങള്‍ അല്ലാതിരുന്ന കൊണ്ട് ഞങ്ങള്‍ക്കാര്‍ക്കും അവിടെ പ്രവേശനമില്ലാരുന്നു. പിന്നെ ആകെപ്പാടെ ഉള്ളത് സ്കൂള്‍ വക പഴയ  മൂത്രപ്പെര ഇരിന്നിരുന്ന സ്ഥലം ആണ്. അവിടെ കളിക്കണമെങ്കില്‍ ഫുട്ബാള്‍ കളി മാത്രം അറിഞ്ഞാല്‍ പോരാ കൂടാതെ  ലോങ്ങ്‌ ജമ്പ്, ഹൈ ജമ്പ്, തവള ചാട്ടം തുടങ്ങിയ അതലെറ്റിക്ക് ഐറ്റംസ് കൂടി അറിഞ്ഞിരിക്കണമാരുന്നു.
പഴയ മൂത്രപ്പുര പൊളിച്ചിട്ടിരിക്കുന്നതിന്‍റെ അവശിഷ്ടങ്ങള്‍, റബ്ബര്‍ ചുവടെ വെട്ടിമാറ്റിയപ്പോള്‍ ഉണ്ടായ കുഴികള്‍ തുടങ്ങി സംഭവ ബഹുലമായ അവസ്ഥയില്‍ കിടക്കുന്ന ആ സ്ഥലത്ത് ബ്രസീലിനെ നാണിപ്പിക്കുന്ന കേളീമികവോടെ (അതിശയോക്തി) ഞങ്ങള്‍ കളിച്ചു വരുകയാരുന്നു. പെട്ടെന്നാണ് പള്ളി കമ്മറ്റി ആ തീരുമാനം എടുത്തത്‌ പഴയ സ്കൂള്‍ ഗ്രൗണ്ടില്‍ തെങ്ങ് വക്കാനും പകരം ഞങ്ങള്‍ കളിച്ചു കൊണ്ടിരുന്ന സ്ഥലം സ്കൂള്‍ ഗ്രൗണ്ടാക്കാനും തീരുമാനമായി.  
ഈ വാര്‍ത്ത ഞങ്ങള്‍ ബൂര്‍ഷ്വാസികളെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചത്, ഞങ്ങള്‍ക്ക് നല്ല കളിസ്ഥലം കിട്ടും എന്നതിനേക്കാള്‍ യുണിയന്‍കാരുടെ മൊട അവസാനിക്കും എന്നതിലും അവന്മാര്‍ക്കിനി ഈ വള്ളിച്ചിറക്കരേല്‍ കളിയ്ക്കാന്‍ ഒരു സ്ഥലവും കിട്ടില്ല എന്ന അറിവും  ഞങ്ങളില്‍ ആവേശവും ഉണര്‍വും പകര്‍ന്നു. പൂര്‍വാധികം ശക്തിയോടെ ഫുട്ബാള്‍ കളി തുടരുകയും ചെയ്തു.
യുണിയന്‍കാരല്ലേ എത്ര നേരം ഞങ്ങള്‍ പന്ത് തട്ടുന്നതും നോക്കി കയ്യാലപ്പൊറത്തിരിക്കും, പതിവ് ശൈലിയില്‍ ആദ്യം അവര്‍ നോക്ക് കൂലി ആവശ്യപെട്ടു, തരാന്‍ ഒക്കത്തില്ല എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ ബലമായി ഞങ്ങളുടെ കൂടെ ഇറങ്ങി കളിക്കാന്‍ ആരംഭിച്ചു. കായിക ശേഷിയില്‍ ഞങ്ങളെക്കാള്‍ പതിന്മടങ്ങ്‌ ശക്തി കൂടിയ അവരുമായി ഒരു തുറന്ന യുദ്ധം ഒട്ടും ബുദ്ധിയല്ലാത്തതുകൊണ്ട് ഞങ്ങള്‍ രഞ്ജിപ്പിന്റെ പാത തിരഞ്ഞെടുത്തു.

അവന്മാരുമായി ദിവസേന മല്‍സരം, അവര്‍ക്കും അത് സമ്മതമാരുന്നു. അങ്ങനെ കളി തുടങ്ങി. ഈ കുഴിയില്‍ കൂടിയുള്ള കളിയുണ്ടോ ഇവന്മാര്‍ക്ക് വശം ഉള്ളു, അങ്ങനെ കണ്ടാല്‍ അതിഭയങ്ങരന്മാരായ യുണിയന്‍കാരുടെ ടീം ഞങ്ങള്‍ കൊറച്ചു പിള്ളേരോട് ദയനീയമായി പരാജയപെട്ടുകൊണ്ടിരുന്നു. ദിവസവും ഇതാവര്‍ത്തിച്ചപ്പോള്‍ അവര്‍ കയ്യാങ്കളിയിലേക്ക് തിരിഞ്ഞു. അങ്ങനെ പരസ്പരം വഴക്കും വക്കാണോ ആയി. കേസ് വികാരി അച്ഛന്റെ അടുത്തും എത്തി. 

അങ്ങനെ ഒരു ദിവസം പതിവുപോലെ പരസ്പരം അലമ്പൊണ്ടാക്കി നിക്കുമ്പോഴാണ്  വികാരി അച്ഛന്‍ അങ്ങോട്ടേക്ക് എത്തിയത് . മൊത്തത്തില്‍ എല്ലാരേം ഒന്ന് നോക്കിയ ശേഷം അച്ഛന്‍ പറഞ്ഞു
“ആരും കളിക്കണ്ട വഴക്കിനും വക്കാണത്തിനും ഒന്നും എനിക്ക്  സമയം ഇല്ല, അല്ലങ്കില്‍ തന്നെ സ്കൂള്‍ ഗ്രൌണ്ട് ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്കുള്ളതാ, എന്താ എല്ലാര്‍ക്കും പറഞ്ഞത്‌ മനസ്സിലായില്ല എന്നുണ്ടോ”
വഴക്ക് തീര്‍ക്കാന്‍  വരുന്ന വികാരി അച്ഛന്‍ ഞങ്ങളുടെ കൂടെ നിക്കുമെന്നും പൊതുവേ യുണിയന്‍കാരേം തൊഴിലാളി വര്‍ഗത്തേം പുരോഹിത വര്‍ഗത്തിന് വെറുപ്പയതിനാല്‍ ഇവന്മാരെ  സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും പുറത്താക്കി ഞങ്ങള്‍ക്ക് കളിസ്ഥലം പതിച്ചു നല്‍കുമെന്നും കരുതി അച്ഛനെ പോയി വിളിച്ചോണ്ട് വന്ന ഞങ്ങള്‍ക്കിട്ടു ഇതൊരുമാതിരി ഇരുട്ടടി കിട്ടിയ പോലെ ആയി. 

“അല്ലച്ചോ ഞങ്ങളൊക്കെ ഈ  പള്ളിക്കുടത്തില്‍ പഠിച്ചിട്ടുള്ളതാ അപ്പൊ പിന്നെ ഗ്രൗണ്ടില്‍ കളിക്കാന്‍ ഞങ്ങള്‍ക്കും ഇല്ലേ ചില അവകാശങ്ങള്‍ ഒക്കെ” യുണിയന്‍കാരുടെ നേതാവ് ഗോവാലന്‍ ഇത് ചോദിച്ചതും അവന്മാരെല്ലാം കൂടി അച്ഛന് ചുറ്റും കൂടി  വട്ടത്തില്‍ നിന്ന് മുദ്രാവാക്യം വിളി തുടങ്ങി
“നേടിയെടുക്കും നേടിയെടുക്കും അവകാശങ്ങള്‍ നേടിയെടുക്കും
തൊഴിലാളി ഐക്യം സിന്ദാബാദ്‌ തൊഴിലാളി സമരം സിന്ദാബാദ്‌”
അച്ഛന്‍ ഒന്ന് വിയര്‍ത്തു, പിന്നെ ധൈര്യം വീണ്ടെടുത്ത്‌ അവരോടായി പറഞ്ഞു
“അല്ല ഞാന്‍ പറഞ്ഞു വന്നത് പറയാന്‍ ഉദ്ദേശിച്ചത് നിങ്ങള്‍ കളിക്കണ്ട എന്നല്ല, ആ കുട്ടികളെ കൂടെ കളിപ്പിച്ചു കൂടെ എന്ന് ചോദിക്കാനാണ്, അവരും ഈ സ്കൂളില്‍ പഠിച്ചവരല്ലേ. അതുമാത്രം അല്ല ഈ പറമ്പ് മുഴവന്‍ കല്ലും മണ്ണും കുഴിയും നിറഞ്ഞിരിക്കുവാ നിങ്ങള്‍ എല്ലാരും കൂടി ഉത്സാഹിച്ചു ആ കല്ലോക്കെ ഒന്ന് മാറ്റി ഇട്ടാല്‍ ഞാന്‍ ഉടനെ തന്നെ ടിപ്പറിനു മണ്ണടിച്ചു കുഴികള്‍ മുഴ്വന്‍ നികത്തി തരാം അപ്പൊ പിന്നെ നിങ്ങള്‍ക്ക് നന്നായി കളിക്കാമല്ലോ.  
നിങ്ങളില്‍ ആരാണോ ഈ കല്ല്‌ മുഴ്വന്‍ മാറ്റുന്നെ അവര്‍ക്കിവിടെ തുടര്‍ന്നും കളിക്കാന്‍ യാതൊരു തടസങ്ങളും ഉണ്ടാകുന്നതല്ല “
ഇത് പറയുമ്പോ അച്ഛന്‍റെ കണ്ണുകളില്‍ പഞ്ചാബി ഹൌസിലെ ജനാര്‍ദ്ദനന്‍റെ (നിങ്ങളില്‍ ആര്‍ക്കാ നന്നായി ഷൂ പോളിഷ് ചെയ്യാന്‍ അറിയാവുന്നെ) നിഷ്കളങ്കത ആയിരുന്നില്ല പകരം ഗൂഡമായ മറ്റെന്തോ ആയിരുന്നു.

അച്ഛന്‍ ഇത്രേം പറഞ്ഞപ്പോഴേക്കും ഞങ്ങള്‍ എല്ലാം സ്ഥലം വിട്ടിരുന്നു, കേരള കോണ്ഗ്രസ്സ്കാരടെ മക്കളെ കൊണ്ടാ അച്ഛന്‍ കല്ല്‌ ചുമപ്പിക്കാന്‍ നോക്കുന്നെ, അച്ഛന്‍ മനസ്സില്‍ കാണുമ്പോ ഞങ്ങള്‍ മരത്തെ കാണും.

എന്നാല്‍ എന്നും ചൂഷണങ്ങള്‍ക്ക് വിധേയരാവുന്ന തൊഴിലാളി വര്‍ഗം ഇവിടെയും ക്രൂരമായി വഞ്ചിക്കപ്പെട്ടു. കല്ലേല്‍ തോടണേല്‍ കാശ് ചോദിക്കുന്നവന്മാര് അഞ്ചു പൈസ പോലും വാങ്ങാതെ അവിടെ കിടന്ന കല്ല്‌ മുഴ്വന്‍ ചുമന്നു മാറ്റി. ഞങ്ങള്‍ എല്ലാം കാഴ്ചക്കാരായി നിക്കുമ്പോ ഗോവാലനും കൂട്ടരും വലിയ ഉരുളന്‍ കല്ലുകള്‍ തലച്ചുമടെ എടുത്തു മാറ്റുന്ന കാഴ്ച കണ്ടാല്‍ ഏതു വികാരി അച്ഛനും ഇവര്‍ക്കെതിരെ ഇടയലേഖനം വായിക്കാന്‍ ഒന്നുമടിക്കും.

ഞങ്ങള്‍ വിചാരിച്ച പോലെ തന്നെ സംഭവിച്ചു അച്ഛന്‍ മണ്ണടിച്ചു പക്ഷെ കുഴി നികത്തിയില്ല എന്ന് മാത്രമല്ല അവിടെ ഇനിം ഒരു തരത്തിലും കളിക്കാന്‍ പറ്റാത്ത വിധം ആയിരുന്നു മണ്ണ് കൊണ്ടേ ഇറക്കിയത്. കൊറേ നാള്‍ ഗോവാലനും കൂട്ടരും അച്ചനെ തെറി പറഞ്ഞു നടന്നു അവസാനം അവരും അത് മറന്നു തുടങ്ങി ....
പക്ഷെ ഇന്നവിടെ നല്ല ഒരു ഗ്രൌണ്ട് ഉണ്ട്, കളിക്കാന്‍ ആളില്ല എന്നതാണ് സങ്കടം ..ഞങ്ങള്‍ നിറഞ്ഞു കളിച്ചിരുന്ന നെല്പാടങ്ങളും, റബ്ബര്‍ തോട്ടങ്ങളും കളിക്കാന്‍ ആരും ഇല്ലാതെ വെറുതെ കിടക്കുന്നു ...
ഈ കുട്ടികള്‍ ഒക്കെ എവിടെപ്പോയി  ...
വീട്ടില്‍ അച്ഛനമ്മമാര്‍ മനസപുത്രിയിലും പാരിജാതത്തിലും അഭയം തേടുമ്പോള്‍ കുട്ടികളും അവരുടെ വഴിയെ നീങ്ങുകയാണ് എന്നതാണ് ദുഖകരമായ വസ്തുത...



         

Thursday, June 17, 2010

മുക്കാലാ മുക്കബുലാ.


മുക്കാലാ മുക്കബുലാ.....എന്‍റെ ഫിലിപ്സിന്റെ ചെറിയ ടേപ്പ് റിക്കാര്‍ഡറില്‍ നിന്നും ഫുള്‍ ശബ്ദത്തില്‍ തകര്‍ക്കുവാ 

"ഹോ..എന്നാ പാട്ടാ..ശരിക്കും ഇതൊക്കെ കേള്‍ക്കണേല്‍ സി ഡി പ്ളയര്‍ വേണം.
ഈ കസെറ്റ് ഇട്ടാലോന്നും അത്രേം ഇടി കിട്ടത്തില്ല ..ഞാനിന്നലെ കൊച്ചിയില്‍ ഉള്ള  അമ്മാവന്റെ വീട്ടില്‍ പോയപ്പോള്‍ അവിടുത്തെ സി ഡി പ്ളയരില്‍ ഈ പാട്ട് കേട്ടു ..എന്നാ ഇടി ആണന്നറിയാമോ..ചങ്ക് തകര്‍ന്നു പോകും "
പപ്പന്‍ അത് പറഞ്ഞപ്പോളാണ് മനസ്സില്‍ ലഡ്ഡു പൊട്ടിയത് . രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ അച്ഛന്‍ എത്തും.
നീണ്ട നാല് വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ആദ്യമായാണ് അച്ഛന്‍  നാട്ടില്‍ വരുന്നത്.
"നിനക്കെന്നാടാ ഞാന്‍ വരുമ്പോള്‍ കൊണ്ടുവരെണ്ടേ " എന്ന് ചോദിച്ചപ്പോള്‍ പിന്നെ പറയാം അച്ഛാ എന്നാ പറഞ്ഞെ ..
ഇത് തന്നെ പറ്റിയ അവസരം ഇന്ന് വിളിക്കുമ്പോള്‍ പറയണം സി ഡി പ്ലയെര്‍ വേണമെന്നു.എന്നിട്ട് വേണം പപ്പന്റെ ഒക്കെ മുന്നില്‍ ഞെളിഞ്ഞു നിക്കാന്‍ ..അവന്റെ അമ്മാവന്റെ സി ഡി പ്ലയെര്‍ ..ഹും

അവനൊക്കെ ഇനി പാട്ട് കേള്‍ക്കാന്‍ ഇവിടെ വരും , ബാസ് കൂട്ടി വച്ച് നെഞ്ചിന്‍ കൂട് തകര്‍ത്തു  വിടണം
അങ്ങനെ ദിവാസ്വപ്നം കണ്ടിരിക്കെ അമ്മയുടെ വിളി വന്നു ..
"എടാ അച്ഛന്‍ ഫോണ്‍ വിളിക്കുന്നു ഓടി വാ .."
"ഹലോ ..അച്ഛാ ഞാനാ .."
"ആ നീ ആലോചിച്ചോ ..എന്നാ വേണ്ടേ "
ഒറ്റ ശ്വാസത്തില്‍ പറഞ്ഞു .."സി ഡി പ്ലയെര്‍ വേണം .."
"എന്നതാ എന്നതാ  .."
"സി ഡി പ്ലയെര്‍ ..നല്ല ബാസ് ഉള്ളത് വേണം ..വീട്ടില്‍ വച്ചാല്‍ താമരക്കുളത്ത്  കേള്‍ക്കണം "..
"അത് മാത്രം മതിയോടാ.."
"പിന്നെ അച്ഛന് ഇഷ്ടമുള്ളതൊക്കെ കൊണ്ടുപോരെ ..."

ഹോ...അങ്ങനെ എനിക്കും സി ഡി പ്ലയെര്‍ കിട്ടാന്‍ പോകുന്നു ..ഈ വള്ളിച്ചിറ കരേല്  ഇടുക്കള സാറിന്റെ വീട്ടില്‍ മാത്രമേ ഉള്ളു സി ഡി പ്ലയെര്‍ .ബേബി ചേട്ടന്‍ അമേരിക്കെന്നു കൊണ്ട് വന്നതാ ..അവിടെ ആണേല്‍ ആരും അത് ഓണ്‍ പോലും ചെയ്യാറില്ല .

അങ്ങനെ എന്റെ വീട്ടിലും സി ഡി പ്ലയെര്‍ വരുന്നു ..ഈ വാര്‍ത്ത എല്ലാരേം അറിയിക്കണം ..
എല്ലാര്ക്കും കുശുമ്പ് തോന്നുമാരിക്കും ..തോന്നട്ടെ എനിക്കെന്നാ ചേതം ..

സി ഡി പ്ലയെരിന്റെ കാര്യം പറഞ്ഞതു കൊണ്ടാന്നു തോന്നുന്നു കളിയ്ക്കാന്‍ ചെന്നപ്പം ഫസ്റ്റ് ബാറ്റിംഗ് കിട്ടി ...
കാത്തിരിപ്പിന്റെ രണ്ടു ദിവസങ്ങള്‍ ..ഓരോ നിമിഷവും കഴിയാന്‍ പ്രാര്‍ഥിച്ചു കൊണ്ടിരുന്നു അങ്ങനെ ആ ദിവസം വന്നെത്തി..
മോഹനന്‍ കൊച്ചിച്ചന്റെ ടാറ്റ സുമോയില്‍ ഞാനും അമ്മയും അനിയത്തിയും അമ്മാവനും കൂടി രാവിലെ കൊച്ചിക്ക് പുറപെട്ടു. വഴിയില്‍ വച്ച് പപ്പനേം മുല്ലുനേം കണ്ടെങ്കിലും മൈന്‍ഡ് ചെയ്തില്ല വല്യ ഗമയില്‍ അങ്ങിരുന്നു.

അച്ഛനെ കാത്തുള്ള ആ ഇരുപ്പ്‌ , അതൊരു ഇരിപ്പ് തന്നെ ആരുന്നു
ആ ഫ്ലൈറ്റ് എത്തി ..അമ്മാവന്‍ അനൌണ്‍സ്മെന്റ് കേട്ട് പറഞ്ഞു ..
ഞങ്ങള്‍ എല്ലാം അക്ഷമരായി അച്ഛനെ കാത്തു പുറത്തു നില്‍ക്കുമ്പോള്‍ , ഓരോരുത്തരും ട്രോളിയില്‍ വലിയ കെട്ടുകളും   തള്ളിക്കൊണ്ട് ഇറങ്ങുന്നു ..
"ഇതെന്ന അച്ഛനെ കാണാത്തെ അമ്മെ"
"ഇപ്പൊ വരുമെടാ "
നാല് വര്‍ഷം കൂടി അച്ഛനെ കാണുന്നതില്‍ ഉള്ള ആഗ്രഹത്തേക്കാള്‍ അച്ഛന്‍ കൊണ്ട് വരുന്ന സി ഡി പ്ലയെരിനെ പറ്റി ആരുന്നു മനസ് മുഴവന്‍ ..സി ഡി കൂടെ കൊണ്ട് വരാന്‍ പറയാമാരുന്നു എന്നൊക്കെ അങ്ങനെ ചിന്തിച്ചു നില്‍ക്കുമ്പോള . അമ്മാവന്റെ വക ചങ്കി കുത്തുന്നെകൂട്ടു ചോദ്യം .
ഇനിം കസ്ടംസു കാരു വല്ലോം പിടിച്ചോ ..
കസ്റംസ് കാരു പിടിച്ചാല്‍ സി ഡി പ്ലയെര്‍ അവര് എടുക്കുമോ അമ്മാവാ..ഞാന്‍ ആകെ ടെന്‍ഷന്‍ ആയി
ആളു വന്നിലെലും അവനൊക്കെ സി ഡി പ്ലയെര്‍ കിട്ടിയാല്‍ മതി ..മിണ്ടാതിരിയെട ചെറുക്ക ..
അമ്മ മനസിനെ ടെന്‍ഷന്‍ മുഴവന്‍ എന്നോട് തീര്‍ത്തു ..
അങ്ങനെ നോക്കി നോക്കി നില്‍ക്കുമ്പോള്‍ വരുന്നുണ്ട് ....
അമ്മെ അച്ഛന്‍ ..ഞാനും അനിയത്തിം അച്ഛനെ നോക്കി കൈ വീശി കാണിച്ചു ..
ഞങ്ങളെ കണ്ട അച്ഛന്റെ മുഖത്ത് ഭയങ്കര സന്തോഷം ..അമ്മ കരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു .

കയ്യില്‍ വലിയ ഒരു കേട്ടുണ്ട് ..അതും ട്രോളിയില്‍ തള്ളി കൊണ്ടാണ് വരുന്നത് ..
എന്റെ മനസ്സില്‍ വീണ്ടും ലഡ്ഡു പൊട്ടി ..ഹോ അച്ഛന്‍ മറന്നില്ല ..പക്ഷെ ഒറ്റ കേട്ടെ ഉള്ളല്ലോ ..സി ഡി പ്ലയെര്‍ മാത്രമേ വാങ്ങിച്ചു കാണൂ ..എനിക്ക് വേറെ ഒന്നിലും യാതൊരു തല്പര്യോം ഇല്ലല്ലോ ..
നാല് വര്‍ഷത്തിനു ശേഷം ഭാര്യയെയും മക്കളെയും കണ്ട അച്ഛന്റെ സന്തോഷം, അത് വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ സാധിക്കുമാരുന്നില്ല .. അച്ഛന്‍ ഓടി വന്നു
ഞങ്ങളെ കെട്ടി പിടിച്ചു ..പാവത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു.
ഫോണില്‍ കൂടി സംസാരിക്കുമെങ്ങിലും വര്‍ഷങ്ങള്‍ക്കു ശേഷം നേരില്‍  കണ്ടകൊണ്ടാവം എനിക്ക് അച്ഛനോട് മിണ്ടാന്‍ തന്നെ നാണം ആരുന്നു. അച്ഛന്‍
എന്നെ ഒരു വശത്തേക്ക് ചേര്‍ത്ത് പിടിച്ച് എല്ലാരോടും വിശേഷം ചോദിക്കുന്നു,  ..എങ്ങിലും ഞാന്‍ തിരിഞ്ഞു തിരിഞ്ഞു ആ കേട്ടിലേക്ക് നോക്കുവാരുന്നു ..അമ്മാവന്‍ അതും തള്ളി ഞങ്ങളുടെ പുറകെ ഉണ്ട് ..

വീട്ടിലേക്കുള്ള യാത്രക്കിടയില്‍ അച്ഛന്‍ വാ തോരാതെ എല്ലാരോടും സംസാരിചോണ്ടിരിക്കുവാ ..
എന്റെ ശ്രദ്ധ മുഴവന്‍ ആ കേട്ടിലാരുന്നു ..അച്ഛന്‍ ആണേല്‍ സി ഡി പ്ലയെരിനെ പറ്റി ഒന്നും സംസാരിക്കുന്ന്നുമില്ല ..സൌദിയിലെ വിശേഷങ്ങളും അവിടുത്തെ റോഡ്‌ അങ്ങനെയാണ്  ഇങ്ങനെയാണ് ..
അങ്ങനെ ഞങ്ങള്‍ വീട്ടിലേക്കുള്ള വഴിയില്‍ എത്തി...

രാവിലെ തൊട്ടു പെയ്യുന്ന തോരാത്ത മഴാ കാരണം വഴി മുഴവന്‍ ഒറവ കുഴി ആയി..
വണ്ടി ഇറക്കിയാല്‍ ടയര്‍ താന്ന് പോകാന്‍ സാധ്യത ഉണ്ടന്ന് ഡ്രൈവര്‍ ചേട്ടന്‍ പറഞ്ഞു ..
എന്നാ വേണ്ട സുഭാഷേ ..ഇനി എന്നാ ദൂരമുണ്ട് നമക്കങ്ങു നടക്കാം ..
അപ്പൊ ഈ കെട്ടോ ..അമ്മ ചോദിച്ചു ...
"ഓ അതെന്ന ഞാന്‍ കയ്യില്‍ എടുത്തോളാം" എന്ന് പറഞ്ഞു അച്ഛന്‍ ചാടി ഇറങ്ങി ..

ഗള്‍ഫില്‍ നിന്നും രവി വരുന്നു എന്ന് പറഞ്ഞു അയല്പക്കംകാരെല്ലാം വീട്ടില്‍ വന്നിരുപ്പുണ്ട് ..
അവര് നോക്കുമ്പോ അച്ഛന്‍ തലയില്‍ കേട്ടും ചുമന്നു വരുന്നു ..
എനിക്കാണേല്‍ നാണം കേട്ടിട്ട് ആരേം നോക്കാന്‍ കൂടി തോന്നിയില്ല ..
അച്ഛന്‍ പുല്ലു പോലെ ആ കേട്ട് ചുവന്നു വീട്ടിലേക്കു കേറി ...
"അപ്പൊ അവിടെ ഇതാരുന്നോ തൊഴില്‍" എന്ന തങ്കപ്പന്‍ ചേട്ടന്റെ പരിഹാസം നിറഞ്ഞ ചോദ്യം ..
എല്ലാരുടേം അടക്കി പിടിച്ചുള്ള ചിരി ...അതിനിടയില്‍ കൂടി ഞങ്ങള്‍ വീട്ടിലേക്കു കേറി.
എല്ലാവന്റെം ചിരിം കളീം ഒക്കെ ഇപ്പൊ  തീരും ആ കെട്ടോന്നു പോട്ടിചോട്ടെ ..
സി ഡി പ്ലയെര്‍ കണ്ടു ഇവന്മാരെല്ലാം കുശുംബിക്കും ഞാന്‍ മനസ്സില്‍ പറഞ്ഞു. 
ടപ്പേ ..അച്ഛന്‍ തലയില്‍ നിന്നും ആ പെട്ടി നിര്‍ദാക്ഷിണ്യം തെഴെക്കിട്ടപ്പോള്‍ തകര്‍ന്നത്‌ ..
എന്റെ മനസ്, എന്റെ സ്വപ്‌നങ്ങള്‍, എന്റെ ആഗ്രഹങ്ങള്‍ ...
സി ഡി പ്ലയെര്‍ ഉള്ള പെട്ടി ആരേലും ഇങ്ങനെ താഴെയിടുമോ ..
അച്ഛാ ...നാണം മറന്നു ഞാന്‍ വിളിച്ചു ...സി ഡി പ്ലയെര്‍ പൊട്ടും..
ഏതു സി ഡി പ്ലയെര്‍ ..ഏയ്‌ അതൊന്നും പോട്ടതില്ല ...

വീണ്ടും മനസ്സില്‍ ലഡ്ഡു പൊട്ടി ...ഹോ താഴെ വീണാല്‍ പോലും പൊട്ടാത്ത സി ഡി പ്ലയെരാ ..
അല്ലെലും ഈ ഫോറിന്‍ സാധനം എല്ലാം നല്ല ക്വാളിറ്റി ആരിക്കും ..ഞാന്‍ മനസ്സില്‍ കരുതി.

കുറെ നേരത്തെ കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ഓരോരുത്തരായി കളം പിരിഞ്ഞു ...
ഹോ കാത്തിരുന്ന ആ നിമിഷം വന്നെത്തി..പെട്ടി പൊട്ടിക്കല്‍ ..
അച്ഛന്‍ കത്തി  എടുത്തു കാര്‍ബോഡിന്റെ നടുവിലൂടെ വരഞ്ഞു ..
അതാ ..പെട്ടി തുറക്കാന്‍ പോണു ..
കുറെ കടലാസ് പോലത്തെ ഷര്‍ട്ട്‌ ..റൂം സ്പ്രേ, പേന, പെന്‍സില്‍ ..എല്ലാം കണ്ടു ..
പക്ഷെ എന്റെ സി ഡി പ്ലയെര്‍ ..
ഞാന്‍ വീണ്ടും ചോദിച്ചു. അച്ഛാ സി ഡി പ്ലയെര്‍ ..
ആഹ..നിന്റെ സി ഡി പ്ലയെര്‍ ...അതെന്തിയെ....ഞാന്‍ ഇതില്‍ വച്ചതാരുനല്ലോ..
ആഹ കിട്ടി ..ഇന്നാ..ഞാന്‍ വിചാരിച്ചു ഇതിനൊക്കെ വല്യ വില ആകുമാരിക്കും എന്ന് . ഒരെന്നതിനു ഒരു റിയാലെ ഉള്ളു സൊ ചീപ് ..അതും പറഞ്ഞുള്ള അച്ഛന്റെ ചിരി..
TDK യുടെ ആ പത്തു CD ഞാനിന്നും സൂക്ഷിച്ചു വച്ചിട്ടോണ്ട് ...

"നിനക്ക് സന്തോഷമായില്ലേ .."
അച്ഛന്റെ ചോദ്യത്തിന് ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല സി ഡി പ്ലയെരിനു പകരം 
സി ഡി കിട്ടിയവനെന്തു സന്തോഷം
തകര്‍ന്ന ഹൃദയവും കയ്യില്‍ പത്തു TDK blank CD-യുമായി ഞാന്‍ ഇരുന്നു.
മുക്കാല മുക്കബുല...മ്യൂസിക്‌ ഒഴുകിയെത്തി ...
അനിയത്തി പോയി ടേപ്പ് റെകോര്‍ഡര്‍ ഓണ്‍ ചെയ്തതാവാം ..
എന്തായാലും നല്ല ബാസോട് കൂടി എന്റെ ചങ്കിടിക്കുന്നുണ്ടാരുന്നു ...

Tuesday, March 9, 2010

പഴശിരാജയുടെ വാള്‍



"എന്തുവാടൈ ചൊറീം കുത്തി ഇരിക്കുവാണോ
വൈകീട്ട് മാച്ച് ഉള്ളതാ"

"അതിനു നീ ഇപ്പോളെ ഒരുങ്ങി കെട്ടി എങ്ങോട്ടാ" ഞാന്‍ ചോദിച്ചു

"മുറിഞ്ഞാറ ടീം സ്റ്റേഡിയത്തില്‍ മുടിഞ്ഞ പ്രാക്ടീസ് നടത്തുവാന്ന പപ്പന്‍ പറഞ്ഞെ
ഞാന്‍ അവിടെ പോയി അവന്മാരുടെ ദൌര്‍ബല്യങ്ങള്‍ മനസിലാക്കട്ടെ"

"അതേയ് ചുമ്മാ കാണുന്നോരോടൊക്കെ കേറി മാച്ച് പിടിചെച്ചു
നമ്മളിതുവരെ സ്റ്റേഡിയത്തില്‍ കളിചിട്ടില്ലല്ലോ
ഞാനാണേല്‍ സിനിമ കാണാന്‍ വച്ചിരുന്ന കാശാ
കണ്ടവന്മാരോടെല്ലാം കളിച്ചു തോറ്റു കയ്യില്‍ ഇനിം അഞ്ചു പൈസ ഇല്ല"

"നീ പേടിക്കണ്ട ഈ കളി നമ്മള്‍ ജയിക്കും" മനു തറപ്പിച്ചു പറഞ്ഞു

"അതേയ് അപ്പൊ ബോളോ..ടെന്നീസ് ആണോ റബ്ബര്‍ ആണോ?"

"അത് നീയങ്ങു വാങ്ങിചോണ്ട് വന്നാല്‍ മതി"

"എടാ ഡാഷ് മോനെ ബോളിന്‍റെ കാശ് നിന്‍റെ അച്ഛന്‍ കൊടുക്കുമോ?" ഞാന്‍ ചോദിച്ചു

"പിന്നെ പിരിവിട്ടു താരം" അങ്ങനെ പറഞ്ഞോണ്ട് അവന്‍ ബസ്‌ സ്റ്റോപ്പിലേക്ക് ഓടി.

പിന്നെ അവനൊക്കെ പിരിവിട്ടു തന്നിട്ടാനല്ലോ ഞാന്‍ ഈക്കാണായ ബോളൊക്കെ മേടിചിട്ടുള്ളത്

ഞങ്ങള്‍ ചെറുകര ടീമിന്റെ ക്യാപ്ടനായി സ്വയം അവരോധിച്ച മനു, കാണുന്നിടത്തെല്ലാം മാച്ച്
പിടിക്കുകയും തോല്‍ക്കുകയും പതിവാരുന്നു. റബര്‍ തോട്ടത്തില്‍ കളിച്ചു മാത്രം പരിചയമുള്ള ഞങ്ങള്‍
സ്റ്റേഡിയം പോയിട്ട് നാല് മരമില്ലാത്ത ഒരു ചെറിയ വെളിപ്രദേശം കണ്ടാല്‍ കൂടി ഭയപെട്ടിരുന്നു.

എന്നാല്‍ ഏറ്റവും വലിയ നാണക്കേട് ഞങ്ങള്‍ ചെറുകര ടീം മാത്രമാണ് ബൌളിംഗ് സ്പെല്‍ സ്പിന്നെറെ വച്ച്
ഓപ്പണ്‍ ചെയ്യിക്കുന്നത്. ചെയ്യിക്കുന്നതല്ല ചെയ്യുന്നതാണല്ലോ അവന്‍ പിടിച്ച മാച്ച്, അവന്‍ തന്നെ ബാറ്റിങ്ങും ബൌളിങ്ങും,കാലാകാലങ്ങളായി ഓപ്പണ്‍ ചെയ്തു പോരുന്നു.

എന്തേലും ആട്ടെ... കളിയോടുള്ള ഇഷ്ടം കൊണ്ട് ഞങ്ങള്‍ ആരും ഇതൊന്നും എതിര്‍ക്കാറില്ല.


ഇതൊന്നും അല്ല കളിയെല്ലാം കഴിഞ്ഞുള്ള ഒരു അവലോകനമുണ്ട്..
ഇപ്പോള്‍ ടിവിയില്‍ കാണുന്ന എക്സ്ട്രാ ഇന്നിങ്ങ്സ്‌ ഒന്നും ഒന്നുവല്ല.
അവലോകനത്തിന്‍റെ അവസാനം മനുവിന്‍റെ ബോളെല്‍ എതിര്‍ ടീമിന്‍റെ ബാറ്സ്മാന്‍ അടിച്ചുയര്‍ത്തിയ പന്ത് പിടിച്ചില്ല എന്ന് പറഞ്ഞു ടീമിലെ ഏറ്റവും ഇളയവനായ റിജോയുടെ തലയില്‍ കുറ്റങ്ങള്‍ എല്ലാം കെട്ടിവക്കും.

"അല്ല മനുചേട്ട ആ ബോള് ബൌണ്ടറിക്കപ്പുറത്താ വീണേ..
പിന്നെ ഞാന്‍ എങ്ങിനെയാ...."

"നീ കുറച്ചു എത്തി വലിഞ്ഞിരുന്നേല്‍ അത് ഈസി ആയി പിടിക്കാമായിരുന്നു..
അതിനു ഡെഡിക്കെഷന്‍n ഉണ്ടാവണം, കളി അറിയണം, ബാറ്റ്‌ ചെയ്യുന്നവന്റെ മനസ് വായിക്കണം"

അല്ല മനു ചേട്ടാ..ഞാന്‍ അത്..

"വേണ്ടാ.. കൂടുതല്‍ ഒന്നും പറയണ്ട ഇനിം ഇങ്ങനെ ആണേല്‍ മാച്ച് കളിയ്ക്കാന്‍ റിജോ വരണ്ട"

ഇങ്ങനെ പറയുന്ന ക്യാപ്ടന്‍ മനുവിനോട് എന്ത് പറയാന്‍
തര്‍ക്കിച്ചാല്‍ സ്ഥാനം ടീമിന് വെളിയില്‍ എന്നറിയാവുന്ന റിജോ പിന്നെ ഒന്നും മിണ്ടില്ല.

എങ്കിലും ഞങ്ങള്‍ കുറച്ചു പേരെങ്കിലും മനസ് കൊണ്ട് റിജോയോടൊപ്പം ആരുന്നു.

ഇന്നത്തെ കളി നടക്കുന്നത് പാല സ്റ്റേഡിയത്തില്‍ വച്ചാണ്. ആദ്യമായാണ് ഞങ്ങള്‍ സ്റ്റേഡിയത്തില്‍ കളിക്കുന്നത്, മുറിഞ്ഞാറക്കാരും സ്റ്റേഡിയത്തില്‍ ആദ്യമാണ് എന്നതായിരുന്നു ആകെയുള്ള ആശ്വാസം.
എല്ലാവരെയും കൂട്ടി കൊണ്ട് ചെല്ലാനുള്ള ജോലി എന്റേതാണ്.

മനു നേരത്തെ അവിടെ പോയി അവരുടെ ദൌര്‍ബല്യങ്ങള്‍ പഠിക്കുക ആണല്ലോ

ഒരു വിധം എല്ലാത്തിനേം സംഘടിപ്പിച്ചു..
പക്ഷെ ഒരു പ്രശ്നം , ഞങ്ങളുടെ റബ്ബര്‍ തോട്ടത്തിലെ സെവാഗ് ആയ മുല്ലു മടല്‍ ബാറ്റു കൊണ്ടേ കളിക്കൂ
പണ്ട് ലോകകപ്പിന് പോയ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്‍റെ അവസ്ഥ

"അയ്യേ! ഈ മടല്‍ ബാറ്റൊക്കെ കൊണ്ട് ബസ്സിലോക്കെ കേറി..
ആകെ നാണക്കേടാകും"   ഞാന്‍ പറഞ്ഞു

എവിടെ..മടല്‍ ബാറ്റില്ലാതെ മുല്ലു അമ്പിനും വില്ലിനും അടുക്കുകേല
മുല്ലു ഇല്ലാതെ രണ്ടക്കം പോലും തികക്കാന്‍ പറ്റില്ല എന്നറിയാവുന്ന കൊണ്ട് ഞങ്ങള്‍ സമ്മതിച്ചു.

മടല്‍ ബാറ്റിനെ പേപ്പര്‍ കൊണ്ട് ഭദ്രമായി പൊതിഞ്ഞു, ഇപ്പോള്‍ കണ്ടാല്‍ ആര്‍ക്കും മനസിലാവില്ല
മുല്ലുവിനും സന്തോഷം..എല്ലാരും ഹാപ്പി..

ഇങ്ങനെ ബസ്സിലോക്കെ കേറി ഒരു മാച്ചു കളിയ്ക്കാന്‍ പോകുന്നതൊക്കെ ആദ്യമായിട്ടാ..
എല്ലാരും പാന്‍സും ടീ ഷര്‍ട്ടും ഒക്കെ ഇട്ട്‌..ഹോ
" ഇപ്പോളാ നമ്മളൊരു ടീമായെ " പപ്പന്‍ ഓര്‍മിപ്പിച്ചു
എല്ലാര്‍ക്കും അത് കേട്ടപ്പോ ഒരു രോമാഞ്ചമോക്കെ
യാത്രക്കിടയിലെ സംസാരത്തിനിടയില്‍ എപ്പോളോ ഈ മടല്‍ ബാറ്റ്‌ കറങ്ങി തിരിഞ്ഞു എന്‍റെ കയ്യില്‍ എത്തി

അങ്ങനെ ഞങ്ങള്‍ ചെറുകര ടീം പാന്‍സും ടീ ഷര്‍ട്ടും ഒക്കെ ഇട്ട് (ചിലരൊക്കെ ഷൂസും) ആദ്യമായിട്ട് സ്റ്റേഡിയത്തില്‍
കളിക്കാനായി അതും ചിരവൈരികളായ മുറിഞ്ഞാറക്കാരോട് കളിയ്ക്കാന്‍ പാല ബസ്‌ സ്റ്റാന്‍ഡില്‍ ചെന്നിറങ്ങി.
ആരും ഒന്നും മിണ്ടുന്നില്ല പരസ്പരം ബഹുമാനത്തോടെയുള്ള നോട്ടങ്ങള്‍ മാത്രം കൈമാറി.

എന്ട്രന്‍സ് ക്ലാസ്‌ വിട്ട സമയം ആണന്നു തോന്നുന്നു, ബസ്‌ സ്റ്റാന്‍ഡില്‍ നല്ല കളക്ഷന്‍
എന്നാല്‍ കുറച്ചു സാമൂഹ്യ സേവനം ആകാം എന്ന് കരുതി സ്റ്റാന്റില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും കുറച്ചു നടന്നു.

"ഡാ നമ്മളെ നോക്കി ദോ പെണ്ണുങ്ങള്‍ ചിരിക്കുന്നു"  പപ്പന്‍ പറഞ്ഞു
"നമ്മളെ അല്ല എന്നെ" ഞാന്‍ പറഞ്ഞതു സത്യമാരുന്നു.
എന്‍റെ സൗന്ദ‌‍‌‌‍‍‌‌‍‌ര്യത്തില്‍ ഞാന്‍ അഭിമാനിച്ച നിമിഷം

അടുത്ത് നിന്ന തോമസ് കുട്ടി എന്‍റെ കവിളില്‍ അമര്‍ത്തി തിരുമ്മിയിട്ടു ഒരു ചോദ്യം
"നീ ഇന്ന് കൂടുതല്‍ പൌഡര്‍ ഇട്ടോ"

ആ അസൂയ നിറഞ്ഞ ചോദ്യത്തിനുള്ള എന്‍റെ മറുപടി പരിഹാസം നിറഞ്ഞ ഒരു ചിരി മാത്രം ആരുന്നു
പൌഡര്‍  ഞാന്‍ കണ്ടിട്ട് പോലും ഇല്ല എന്നാ ഭാവത്തില്‍.

പിന്നെ പിന്നെ പെണ്‍കുട്ടികളുടെ ചിരി കൂടി, ഞാന്‍ കൂട്ടത്തില്‍ നിന്നും മാറി കുറച്ചു മുന്‍പില്‍ ഒറ്റക്കായി നടത്തം.
പഴശിരാജ വാളുമായി നടക്കുന്നപോലെ കയ്യില്‍ ബാറ്റുമായി...

പെട്ടെന്നാണ് പുറകീന്നു വന്നു പപ്പന്‍ രഹസ്യമായി എന്‍റെ ചെവിയില്‍

"പ്രവീണേ..മടല് മടല്.."

"മെഡലോ..(അതൊക്കെ കൊറേ കിട്ടിട്ടുണ്ട്, ഇന്നസെന്റ് സ്റ്റൈലില്‍)"

"അതല്ല മടല്..മടല് ബാറ്റാ നിന്‍റെ കയ്യില്‍.."

അയ്യേ!! ഞാന്‍ അത് കേട്ട മാത്രയില്‍ ബാറ്റു കയ്യിന്നു താഴെയിട്ടു അസ്ത്രപ്രന്ജനായി നിന്നു (ഇതിലും കട്ടിയുള്ള മലയാളം വാക്ക് ഉണ്ടോ?..)

വളരെ പയ്യെ സ്ലോമോഷനില്‍ ഞാന്‍ തല തിരിച്ചു താഴോട്ട് നോക്കി

ഹോ ഭൂമി പിളര്‍ന്നു രണ്ടായി ഞാനതില്‍കൂടി അടിയില്‍ പൊക്കോട്ടെ എന്ന് പ്രാര്‍ഥിച്ച നിമിഷം
ഞാന്‍ ഭംഗിയായി പൊതിഞ്ഞിരുന്ന പേപ്പര്‍ ഒക്കെ എപ്പോഴെ ആ ബാറ്റിനെ വിട്ടു പോയിരുന്നു.

ഇതെല്ലം കൂടി കണ്ട പെണ്‍ സംഘങ്ങള്‍ ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി.
അതെല്ലാം സഹിക്കാം വളരെ പരിചയമുള്ള വേറൊരു ചിരി..
വേറെ ആരും അല്ല മുല്ലു..ദുഷ്ടന്‍..അവന്‍റെ ചിരി കണ്ടാല്‍ മടല് ബാറ്റു കണ്ടിട്ട് പോലും ഇല്ല എന്ന് തോന്നും.

"ഇത് ഞാന്‍ മാത്രമല്ല ഇവന്മാരും .." ഇന്‍ ഹരിഹര്‍നഗറില്‍ ജഗദീഷ്‌ പറഞ്ഞ പോലെ ആ പെണ്ണുങ്ങളോട് ഞാനും പറഞ്ഞു നോക്കി

ആര് കേള്‍ക്കാന്‍..

എല്ലാം തകര്‍ന്നവനെപ്പോലെ സ്റ്റേഡിയത്തിലേക്ക് നടക്കുമ്പോള്‍ തോമസുകുട്ടി അടുത്ത് വന്നിട്ട്

"നീ ഇത് വരെ പൌഡര്‍ ഇട്ടിട്ടില്ലേ കുഴപ്പം ഇല്ല
ഇനിം തോട്ട് കുറച്ചു കൂടുതല്‍ ഇട്ടോ, ആളറിയാതിരിക്കാന്‍ അതാ നല്ലത് "

ഞാന്‍ ഒന്നും പറഞ്ഞില്ല പ്രതികരണ ശേഷി പോലും നഷ്ടപെട്ട ഞാന്‍ എന്ത് പറയാന്‍..

പക്ഷെ ഈ ഡയലോഗ് കേട്ടിട്ട് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..
MRF-ന്‍റെ ബാറ്റ് കയ്യില്‍ എടുത്തു കൊണ്ട് മുല്ലു

"സ്റ്റേഡിയത്തില്‍ ഒക്കെ കളിക്കുവാണേല്‍ ഇതീല്‍ കളിക്കണം.."
ഞാന്‍ പ്രതികരിച്ചു...അലറി വിളിച്ചു..
തെണ്ടീ.....................................................................

Thursday, February 11, 2010

ഒരു ക്യാമ്പസ് ഇന്റര്‍വ്യൂ കഥ





അടുത്തത് ഇനിം എന്‍റെ ഊഴമാണു ..മനസില്‍ നല്ല ടെന്‍ഷന്‍ ഉണ്ട്. ചിലരെല്ലാം എങ്കിലും സന്തോഷത്തോടെയാണ് ഇറങ്ങി വരുന്നത്. വളരെ കുറച്ചു vacancy മാത്രമേ ഉള്ളു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇപ്പോള്‍ തന്നെ അത് ഫില്‍ ആയി കാണും. ആദ്യമായാണ് ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നത്. dressing എല്ലാം പെര്‍ഫെക്റ്റ്‌ പക്ഷെ ഒരു ആത്മവിശ്വസമില്ലായ്മ,എന്തിന്റെയോ ഒരു ടെന്‍ഷന്‍, ഞാന്‍ ഒരു മണ്ടന്‍ ആണന്നു അവര്‍ക്ക്  തോന്നുമോ?  നിസാര ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം പറയാന്‍ കഴിഞ്ഞില്ലേല്‍ നാണക്കേടല്ലേ.. ഇങ്ങനെ ഓരോന്നും മനസില്‍ വിചാരിച്ചിരിക്കെ എന്‍റെ പേര് വിളിച്ചു....        
തമ്പുരാനെ ...കാത്തു രക്ഷിക്കണേ ..സകല ദൈവങ്ങളേം വിളിച്ചു പ്രാര്‍ത്ഥിച്ചു ഞാനാ മുറിയിലേക്ക് കയറി ചെന്നു.
ഇതാരോക്കെയാ ഈ ഇരിക്കുന്നെ...എന്‍റെ ടെന്‍ഷന്‍ എല്ലാം പമ്പ കടന്നു.
ജ്യോതികസിമ്രാന്‍, ശോഭന തുടങ്ങിയ ഒന്നാം നിര നടിമാര്‍ ഒരു വശത്തും കനകലതബീന ആന്റണിതുടങ്ങിയ സീരിയല്‍ / സിനിമ നടിമാര്‍ മറുവശത്തും ...ഹോ ..ഇതിനാണോ ഞാന്‍ ടെന്‍ഷന്‍ അടിച്ചേ..എന്‍റെ പൊന്നെ...എന്നെ ചോദ്യം ചോദിച്ചു കൊല്ലു ...

നിന്നെ കൊല്ലാമെടാ...സുര്യന്‍ ആസനത്തില്‍ ഉദിക്കും വരെ കിടന്നുറക്കംഎന്നിട്ട് അവന്‍റെ സ്വപ്നം കാണിച്ച..ങേ ഞെട്ടിയുണര്‍ന്ന എന്നെ നോക്കി ഗോഡ് ഫാദറിലെ ഫിലോമിനയെപ്പോലെ അമ്മ അലറുന്നുണ്ടായിരുന്നു.  
നല്ലൊരു സ്വപ്നം നഷ്ടപെട്ടതിന്‍റെ ദേഷ്യത്തില്‍ കാലത്തെ കാപ്പി കുടി വേണ്ടാന്ന് വച്ചുഅങ്ങനെ എങ്കിലും അമ്മയോട് ഒരു പ്രതികാരം ചെയ്തില്ലേല്‍ എന്‍റെ മനസാക്ഷി എന്നോട് പൊറുക്കില്ല.

8 .30ന്റെ ജീസസ്  കിട്ടിയില്ലേല്‍ പിന്നെ വരുന്ന ബസേല്‍ ഒരു യുദ്ധത്തിനുള്ള ആള് കാണും. ഓ.. ഭാഗ്യത്തിന് അവന്‍ സ്റ്റാന്റ് വിട്ടിട്ടില്ല .ആ ചെകുത്താന്‍ കണ്ടക്ടര്‍ കാണല്ലേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാ ഞാനാ സീറ്റെല്‍ ഇരുന്നത്. എന്താണന്നു അറിഞ്ഞു കൂടാ ഞാന്‍ ആകപ്പാടെ അടക്ക വലിപ്പം ഉള്ളകൊണ്ടാനോന്നും അറിയില്ല മറ്റാരോടും ഇല്ലാത്ത ഒരു വാത്സല്യം ആ കണ്ടക്ടുര്‍ക്ക് എന്നോട് ഉണ്ടാരുന്നു. ഞാന്‍ സീറ്റില്‍ ഇരുന്നാ യാത്ര ചെയുന്നേല്‍ എവിടുന്നേലും ഒരു അപ്പച്ചനെയോ കാല് വയ്യാത്ത ആളെയോ കൃത്യമായി എന്‍റെ അടുത്തേക്ക് പറഞ്ഞു വിടുകയും തല്‍ഫലമായി സീറ്റ് നഷ്ടപെട്ട എന്നെ നോക്കി പുച്ചഭാവത്തില്‍ ഒരു ഇളിയും പാസ്സാക്കി പോവുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്‍റെ ഒരു ഇഷ്ട വിനോദമായിരുന്നു.  

പണ്ടെങ്ങാണ്ട്  ST കാര്‍ഡ്‌ ചോദിച്ചപോ തന്തക്കു വിളിച്ചതിന്  ഇങ്ങനെ പ്രതികാരം ചെയ്യണോഒന്നുവല്ലേലും ഞാനൊരു കൊച്ചു പയ്യനല്ലേ. ദുഷ്ടന്‍..ഇന്നും ആ പരമ നാറി തന്നെ കണ്ടക്ടര്‍..
വെറുതെ അവനെ കൊണ്ട് പറയിക്കാതെ നേരത്തെ എഴുനേറ്റു നിക്കാം എന്ന് ഞാന്‍ വിചാരിച്ചു.
എന്നിട്ടും സീറ്റ് നോക്കി അവന്‍റെ ഒരു ചോദ്യം "ഇരിക്കുന്നില്ലേ..."
പോടാ നാറി.....മനസില്‍ പറഞ്ഞു...
"ഓ നമ്മളൊക്കെ ഇവിടെ നിന്നോളം ... അധികം ഇരുത്തല്ലേ ..."
നല്ല ഒരു മറുപടി പറഞ്ഞ സന്തോഷത്തില്‍ നിക്കുമ്പോള ആ നാറി എന്‍റെ ഫീലിംഗ്സെ  തൊട്ടു കളിച്ചേ..  
"അതിനു മോകളിലത്തെ കമ്പിയെ പിടിക്കാന്‍ നിനക്കെത്തുമോട...."
മനസ് മുഴ്വന്‍ ആ ചെറ്റയോടുള്ള കലിപ്പുംവിദ്വേഷവും നുരഞ്ഞു പൊങ്ങി,
കൂടെയുള്ള "അവന്‍മാര്‍" കേട്ടതില്‍ എനിക്കു വിഷമം ഒന്നും ഇല്ലാരുന്നുപക്ഷെ BCA -യിലെ റീമയുംസുമിയും അത് കേട്ട് ചിരിക്കുന്ന കണ്ടപ്പോള്‍ സഹിച്ചില്ല.

വിശന്നു കൊടല് കരിയാന്‍ തുടങ്ങി...
ബസ്സില്‍ നിന്നിറങ്ങി നേരെ അന്തോണിയുടെ കടയില്‍ നിന്നും  രണ്ടു ദിവസത്തെ പഴക്കമുള്ള മൊട്ട പപ്സും തോരണം പേപ്പര്‍ വെള്ളത്തില്‍ കലക്കിയപോലത്തെ ഡ്രിങ്ക്സും കഴിച്ചപ്പോലാണ് ശ്വാസം നേരെ വീണത്‌.
അന്തോണി...   പതിനാറില്‍ ഒരു ആറ്....(അന്തോണി പിന്നെ പറ്റു ബുക്കില്‍ തനിക്കു ഇഷ്ടമുള്ളത് എഴുതിക്കോളും  ) ഇതും പറഞ്ഞു ക്ലാസ്സിലേക്ക് ഓടുകാരുന്നു.

ഗീര്‍വാണ വീരന്‍ സുമേഷ് സര്‍ ക്ലാസ്സ്‌ എടുത്തു നശിപ്പിച്ചു കൊണ്ട് ഇരിക്കുമ്പോള ആ സന്തോഷ വര്‍ത്തമാനം ഞങ്ങള്‍ അറിയുന്നെഞങ്ങടെ കോളേജില്‍ ഒരിക്കലും നടക്കില്ല എന്ന് ഞങ്ങള്‍ കരുതിയ ക്യാമ്പസ്‌ ഇന്റര്‍വ്യൂ...
എല്ലാരുടെം മുഖത്ത് ജോലി കിട്ടിയ ഒരു പ്രതീതിഒരു സന്തോഷം.  16  സപ്ലി ഉള്ള മൈക്കളും, 12 എണ്ണം ഉള്ള ഞാനും ബാക്കി ഞങ്ങടെ ഇടയില്‍ കിടന്നു കളിക്കുന്ന ഒരു പറ്റം കൂട്ടുകാരും ജോലി ഉറപ്പിച്ച മട്ടില്‍ അഹങ്കാരികളായി മാറുകയും ചെയ്തു. പക്ഷെ ഇന്റര്‍വ്യൂ കോളേജില്‍ വച്ചല്ലപാലയില്‍ അര്‍ബന്‍ ബാങ്കിന്‍റെ മുകളിലത്തെ നിലയില്‍. അപ്പൊ നാളെ ക്ലാസ്സില്‍ വരേണ്ട കാര്യം ഇല്ല . പിന്നെയുള്ള കൂട്ടായ ചര്‍ച്ചയില്‍ പലരും പല ആശയങ്ങളും ഉന്നയിച്ചു എങ്കിലും ഇന്റര്‍വ്യൂ കഴിഞ്ഞാല്‍  കല്ലെപ്പള്ളി ഷാപ്പീന്ന് കള്ളും  കപ്പേം എന്നുള്ള  ഗോപല്ജിയുടെ ആശയത്തെ എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ആ തീരുമാനത്തില്‍ സഭ പിരിച്ചു വിടുകയം  ചെയ്തു.

കാലത്ത് തന്നെ കുളിച്ചു റെഡി ആയി ഷാപ്പിലേക്ക് അല്ല ഇന്റര്‍വ്യൂവിനു ചെന്നു. നമ്മടെ  കോളേജ്  മുഴവന്‍ ഉണ്ടല്ലോ. മൈക്കിളിന്റെ ഇരുപ്പു കണ്ടാല്‍ തോന്നും അവനാ   ഇന്റര്‍വ്യൂ നടത്തുന്നെന്നു. തെണ്ടി 16 സപ്പ്ലി ഉണ്ട് എന്നിട്ടും എന്തോരഹങ്കാരം. ജോലിക്കാര്യം വന്നതോടെ എല്ലാരും പരസ്പരം ശത്രുക്കളെ പോലെ പെരുമാറാന്‍ തുടങ്ങി. ഗോപാല്‍ജി രാവിലെ തന്നെ രണ്ടു കീറിയേച്ച വന്നെക്കുന്നെ എന്ന് തോന്നുന്നു.  

ഒരു സുന്ദരിക്കോത വന്നു ഏല്ലാര്‍ക്കും ഓരോ ഫോം തന്നുഇനിം ഗ്രൂപ്പ്‌ തിരിക്കും അത്രേ..അപ്പൊ ഒറ്റയ്ക്ക് ഒറ്റക്കല്ല ഇന്റര്‍വ്യൂഹാവു..പകുതി ടെന്‍ഷന്‍ ഒഴിവായി. ഞാനും മൈക്കിളുംഗോപല്‍ജിയും പിന്നെ നമ്മടെ കല്ലേപ്പള്ളി ഷാപ്പ്‌  ടീം മിക്കവരും ഒറ്റ  ഗ്രൂപ്പില്‍. ഇവന്മാര്‍ക്ക് നമ്മളെ മനസിലായോഅല്ലേല്‍ ഇങ്ങനെ ഒത്തു വരുമോ?  

ഞങ്ങളെ ഒരു റൂമിലേക്ക്‌ വിളിച്ചു...അവിടെ ഞങ്ങളെ കാത്തു ഒരു നോര്‍ത്ത് ഇന്ത്യക്കാരന്‍ ആണന്നു തോന്നുന്നുസ്വയം മഹേഷ്ജി എന്ന് പരിചയപെടുത്തിയ ആള്‍ കുറച്ചു നേരം ചില വാചക കസര്‍ത്തുകള്‍ ഒക്കെ കാഴ്ച വച്ചെങ്കിലും,മൈക്കിളിന്റെ ഉച്ചസ്ഥായിലുള്ള ഒരു കോട്ടുവാ അദ്ദേഹത്തിന് ഞങ്ങളെ പറ്റി നല്ല മതിപ്പുളവാക്കുകയും തല്‍ഫലമായി "introduce yourself " എന്നാ കലാ പരിപാടിയിലേക്ക് കടക്കുകയും ചെയ്തു.   

ഇങ്ങനെ ഒരു കലാപരിപാടി എല്ലാ ഇന്റര്‍വ്യൂവിനും ചോദിക്കാറുള്ള കൊണ്ട്  ഞങ്ങള്‍ എല്ലാവരും വളരെ പ്രിപയര്‍ ആയിരുന്നു. പക്ഷെ ഗോപാല്‍ജി കാലതത്തെ കെട്ടു വിടാത്ത കൊണ്ടാണോ എന്തോ ഹോബീസ് പറഞ്ഞ കൂട്ടത്തില്‍ "drinking " എന്ന് പറഞ്ഞോ ഈശ്വരാ ..വാളു വച്ചില്ലല്ലോ ഭാഗ്യം.  

അങ്ങനെ പരിപാടിയുടെ അവസാന ഘട്ടത്തിലേക്ക്  കടന്നു. എല്ലാം വളരെ ജോര്‍ ആയിരുന്നു പക്ഷെ  മുഴ്വന്‍ സമയവും മഹേഷ്ജി തന്നെ സംസാരിച്ചത് കൊണ്ട് ഞങ്ങളുടെ ഇംഗ്ലീഷ് പരിജ്ഞാനം മുഴ്വന്‍ പ്രകടിപ്പിക്കാന്‍ സാധിച്ചില്ല എന്നൊരു  കുന്ടിതം ഇല്ലാതില്ല. പുള്ളി ലിസ്റ്റ് എടുത്തിട്ടുണ്ട് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ട് പിന്നെ അറിയിക്കാം എന്ന് പറഞ്ഞു. അങ്ങനെ ഓരോരുത്തരായി കളം വിടാന്‍ തുടങ്ങി. അവസാനം ഇറങ്ങാന്‍ നിന്നത് ഞാനും മൈക്കളും ആരുന്നു. പുള്ളിയെ എങ്ങനെ impress ചെയ്യിക്കാം എന്ന് കൂലംകഷമായി  ചിന്തിച്ചു കൊണ്ടാണ് ഞാന്‍ അടുത്തേക്ക് ചെന്നത്, മൈക്കള്‍ എന്നേം പുള്ളിക്കാരനേം മാറി മാറി നോക്കുന്നുണ്ട്..

ഞാന്‍ രണ്ടും കല്പിച്ചു അങ്ങ് ചോദിച്ചു, 
"May I Know Your good name please "

സംസാരത്തിനിടെ ഒരു നൂറു പ്രാവശ്യം എങ്കിലും "I 'm മഹേഷ്ജി" എന്ന് പറഞ്ഞ മനുഷ്യനോടാണ് ഞാന്‍ ഈ കൊടും ചോദ്യം ചോദിച്ചത്.  

എന്നാലും സമനില വിടാതെ "I  am  mahesh you can call me മഹേഷ്ജി" എന്ന് പറഞ്ഞ ആ മനുഷ്യനെ ഞെട്ടിച്ചു കൊണ്ടാണ് എന്‍റെ പുറകില്‍ നിന്ന മൈക്കള്‍ ആ ചോദ്യം ചോദിച്ചത് 

"Also your good name please sir"

ഈ ചോദ്യം കെട്ടു കണ്ണ് തള്ളിയിരിക്കുന്ന മഹേഷ്ജിയേം, എന്‍റെ ഇംഗ്ലീഷ് എങ്ങനെ ഉണ്ട് എന്ന് ഭാവത്തില്‍ എന്നെ നോക്കുന്ന  മൈക്കിളിന്റെയും   മുഖം 
ഈശ്വര ഞാന്‍ എങ്ങനെ മറക്കും. 

കല്ലെപ്പള്ളി ഷാപ്പിലേക്ക് ഓടുകാരുന്നു, ഗോപാല്‍ജി വീഴും മുന്‍പേ ഈ വിവരം അറിയിക്കാന്‍ ...