ജീവിത യാത്രയില്‍ അപൂര്‍വ്വം സംഭവിക്കുന്ന ചില നിമിഷങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.

Tuesday, March 9, 2010

പഴശിരാജയുടെ വാള്‍



"എന്തുവാടൈ ചൊറീം കുത്തി ഇരിക്കുവാണോ
വൈകീട്ട് മാച്ച് ഉള്ളതാ"

"അതിനു നീ ഇപ്പോളെ ഒരുങ്ങി കെട്ടി എങ്ങോട്ടാ" ഞാന്‍ ചോദിച്ചു

"മുറിഞ്ഞാറ ടീം സ്റ്റേഡിയത്തില്‍ മുടിഞ്ഞ പ്രാക്ടീസ് നടത്തുവാന്ന പപ്പന്‍ പറഞ്ഞെ
ഞാന്‍ അവിടെ പോയി അവന്മാരുടെ ദൌര്‍ബല്യങ്ങള്‍ മനസിലാക്കട്ടെ"

"അതേയ് ചുമ്മാ കാണുന്നോരോടൊക്കെ കേറി മാച്ച് പിടിചെച്ചു
നമ്മളിതുവരെ സ്റ്റേഡിയത്തില്‍ കളിചിട്ടില്ലല്ലോ
ഞാനാണേല്‍ സിനിമ കാണാന്‍ വച്ചിരുന്ന കാശാ
കണ്ടവന്മാരോടെല്ലാം കളിച്ചു തോറ്റു കയ്യില്‍ ഇനിം അഞ്ചു പൈസ ഇല്ല"

"നീ പേടിക്കണ്ട ഈ കളി നമ്മള്‍ ജയിക്കും" മനു തറപ്പിച്ചു പറഞ്ഞു

"അതേയ് അപ്പൊ ബോളോ..ടെന്നീസ് ആണോ റബ്ബര്‍ ആണോ?"

"അത് നീയങ്ങു വാങ്ങിചോണ്ട് വന്നാല്‍ മതി"

"എടാ ഡാഷ് മോനെ ബോളിന്‍റെ കാശ് നിന്‍റെ അച്ഛന്‍ കൊടുക്കുമോ?" ഞാന്‍ ചോദിച്ചു

"പിന്നെ പിരിവിട്ടു താരം" അങ്ങനെ പറഞ്ഞോണ്ട് അവന്‍ ബസ്‌ സ്റ്റോപ്പിലേക്ക് ഓടി.

പിന്നെ അവനൊക്കെ പിരിവിട്ടു തന്നിട്ടാനല്ലോ ഞാന്‍ ഈക്കാണായ ബോളൊക്കെ മേടിചിട്ടുള്ളത്

ഞങ്ങള്‍ ചെറുകര ടീമിന്റെ ക്യാപ്ടനായി സ്വയം അവരോധിച്ച മനു, കാണുന്നിടത്തെല്ലാം മാച്ച്
പിടിക്കുകയും തോല്‍ക്കുകയും പതിവാരുന്നു. റബര്‍ തോട്ടത്തില്‍ കളിച്ചു മാത്രം പരിചയമുള്ള ഞങ്ങള്‍
സ്റ്റേഡിയം പോയിട്ട് നാല് മരമില്ലാത്ത ഒരു ചെറിയ വെളിപ്രദേശം കണ്ടാല്‍ കൂടി ഭയപെട്ടിരുന്നു.

എന്നാല്‍ ഏറ്റവും വലിയ നാണക്കേട് ഞങ്ങള്‍ ചെറുകര ടീം മാത്രമാണ് ബൌളിംഗ് സ്പെല്‍ സ്പിന്നെറെ വച്ച്
ഓപ്പണ്‍ ചെയ്യിക്കുന്നത്. ചെയ്യിക്കുന്നതല്ല ചെയ്യുന്നതാണല്ലോ അവന്‍ പിടിച്ച മാച്ച്, അവന്‍ തന്നെ ബാറ്റിങ്ങും ബൌളിങ്ങും,കാലാകാലങ്ങളായി ഓപ്പണ്‍ ചെയ്തു പോരുന്നു.

എന്തേലും ആട്ടെ... കളിയോടുള്ള ഇഷ്ടം കൊണ്ട് ഞങ്ങള്‍ ആരും ഇതൊന്നും എതിര്‍ക്കാറില്ല.


ഇതൊന്നും അല്ല കളിയെല്ലാം കഴിഞ്ഞുള്ള ഒരു അവലോകനമുണ്ട്..
ഇപ്പോള്‍ ടിവിയില്‍ കാണുന്ന എക്സ്ട്രാ ഇന്നിങ്ങ്സ്‌ ഒന്നും ഒന്നുവല്ല.
അവലോകനത്തിന്‍റെ അവസാനം മനുവിന്‍റെ ബോളെല്‍ എതിര്‍ ടീമിന്‍റെ ബാറ്സ്മാന്‍ അടിച്ചുയര്‍ത്തിയ പന്ത് പിടിച്ചില്ല എന്ന് പറഞ്ഞു ടീമിലെ ഏറ്റവും ഇളയവനായ റിജോയുടെ തലയില്‍ കുറ്റങ്ങള്‍ എല്ലാം കെട്ടിവക്കും.

"അല്ല മനുചേട്ട ആ ബോള് ബൌണ്ടറിക്കപ്പുറത്താ വീണേ..
പിന്നെ ഞാന്‍ എങ്ങിനെയാ...."

"നീ കുറച്ചു എത്തി വലിഞ്ഞിരുന്നേല്‍ അത് ഈസി ആയി പിടിക്കാമായിരുന്നു..
അതിനു ഡെഡിക്കെഷന്‍n ഉണ്ടാവണം, കളി അറിയണം, ബാറ്റ്‌ ചെയ്യുന്നവന്റെ മനസ് വായിക്കണം"

അല്ല മനു ചേട്ടാ..ഞാന്‍ അത്..

"വേണ്ടാ.. കൂടുതല്‍ ഒന്നും പറയണ്ട ഇനിം ഇങ്ങനെ ആണേല്‍ മാച്ച് കളിയ്ക്കാന്‍ റിജോ വരണ്ട"

ഇങ്ങനെ പറയുന്ന ക്യാപ്ടന്‍ മനുവിനോട് എന്ത് പറയാന്‍
തര്‍ക്കിച്ചാല്‍ സ്ഥാനം ടീമിന് വെളിയില്‍ എന്നറിയാവുന്ന റിജോ പിന്നെ ഒന്നും മിണ്ടില്ല.

എങ്കിലും ഞങ്ങള്‍ കുറച്ചു പേരെങ്കിലും മനസ് കൊണ്ട് റിജോയോടൊപ്പം ആരുന്നു.

ഇന്നത്തെ കളി നടക്കുന്നത് പാല സ്റ്റേഡിയത്തില്‍ വച്ചാണ്. ആദ്യമായാണ് ഞങ്ങള്‍ സ്റ്റേഡിയത്തില്‍ കളിക്കുന്നത്, മുറിഞ്ഞാറക്കാരും സ്റ്റേഡിയത്തില്‍ ആദ്യമാണ് എന്നതായിരുന്നു ആകെയുള്ള ആശ്വാസം.
എല്ലാവരെയും കൂട്ടി കൊണ്ട് ചെല്ലാനുള്ള ജോലി എന്റേതാണ്.

മനു നേരത്തെ അവിടെ പോയി അവരുടെ ദൌര്‍ബല്യങ്ങള്‍ പഠിക്കുക ആണല്ലോ

ഒരു വിധം എല്ലാത്തിനേം സംഘടിപ്പിച്ചു..
പക്ഷെ ഒരു പ്രശ്നം , ഞങ്ങളുടെ റബ്ബര്‍ തോട്ടത്തിലെ സെവാഗ് ആയ മുല്ലു മടല്‍ ബാറ്റു കൊണ്ടേ കളിക്കൂ
പണ്ട് ലോകകപ്പിന് പോയ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്‍റെ അവസ്ഥ

"അയ്യേ! ഈ മടല്‍ ബാറ്റൊക്കെ കൊണ്ട് ബസ്സിലോക്കെ കേറി..
ആകെ നാണക്കേടാകും"   ഞാന്‍ പറഞ്ഞു

എവിടെ..മടല്‍ ബാറ്റില്ലാതെ മുല്ലു അമ്പിനും വില്ലിനും അടുക്കുകേല
മുല്ലു ഇല്ലാതെ രണ്ടക്കം പോലും തികക്കാന്‍ പറ്റില്ല എന്നറിയാവുന്ന കൊണ്ട് ഞങ്ങള്‍ സമ്മതിച്ചു.

മടല്‍ ബാറ്റിനെ പേപ്പര്‍ കൊണ്ട് ഭദ്രമായി പൊതിഞ്ഞു, ഇപ്പോള്‍ കണ്ടാല്‍ ആര്‍ക്കും മനസിലാവില്ല
മുല്ലുവിനും സന്തോഷം..എല്ലാരും ഹാപ്പി..

ഇങ്ങനെ ബസ്സിലോക്കെ കേറി ഒരു മാച്ചു കളിയ്ക്കാന്‍ പോകുന്നതൊക്കെ ആദ്യമായിട്ടാ..
എല്ലാരും പാന്‍സും ടീ ഷര്‍ട്ടും ഒക്കെ ഇട്ട്‌..ഹോ
" ഇപ്പോളാ നമ്മളൊരു ടീമായെ " പപ്പന്‍ ഓര്‍മിപ്പിച്ചു
എല്ലാര്‍ക്കും അത് കേട്ടപ്പോ ഒരു രോമാഞ്ചമോക്കെ
യാത്രക്കിടയിലെ സംസാരത്തിനിടയില്‍ എപ്പോളോ ഈ മടല്‍ ബാറ്റ്‌ കറങ്ങി തിരിഞ്ഞു എന്‍റെ കയ്യില്‍ എത്തി

അങ്ങനെ ഞങ്ങള്‍ ചെറുകര ടീം പാന്‍സും ടീ ഷര്‍ട്ടും ഒക്കെ ഇട്ട് (ചിലരൊക്കെ ഷൂസും) ആദ്യമായിട്ട് സ്റ്റേഡിയത്തില്‍
കളിക്കാനായി അതും ചിരവൈരികളായ മുറിഞ്ഞാറക്കാരോട് കളിയ്ക്കാന്‍ പാല ബസ്‌ സ്റ്റാന്‍ഡില്‍ ചെന്നിറങ്ങി.
ആരും ഒന്നും മിണ്ടുന്നില്ല പരസ്പരം ബഹുമാനത്തോടെയുള്ള നോട്ടങ്ങള്‍ മാത്രം കൈമാറി.

എന്ട്രന്‍സ് ക്ലാസ്‌ വിട്ട സമയം ആണന്നു തോന്നുന്നു, ബസ്‌ സ്റ്റാന്‍ഡില്‍ നല്ല കളക്ഷന്‍
എന്നാല്‍ കുറച്ചു സാമൂഹ്യ സേവനം ആകാം എന്ന് കരുതി സ്റ്റാന്റില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും കുറച്ചു നടന്നു.

"ഡാ നമ്മളെ നോക്കി ദോ പെണ്ണുങ്ങള്‍ ചിരിക്കുന്നു"  പപ്പന്‍ പറഞ്ഞു
"നമ്മളെ അല്ല എന്നെ" ഞാന്‍ പറഞ്ഞതു സത്യമാരുന്നു.
എന്‍റെ സൗന്ദ‌‍‌‌‍‍‌‌‍‌ര്യത്തില്‍ ഞാന്‍ അഭിമാനിച്ച നിമിഷം

അടുത്ത് നിന്ന തോമസ് കുട്ടി എന്‍റെ കവിളില്‍ അമര്‍ത്തി തിരുമ്മിയിട്ടു ഒരു ചോദ്യം
"നീ ഇന്ന് കൂടുതല്‍ പൌഡര്‍ ഇട്ടോ"

ആ അസൂയ നിറഞ്ഞ ചോദ്യത്തിനുള്ള എന്‍റെ മറുപടി പരിഹാസം നിറഞ്ഞ ഒരു ചിരി മാത്രം ആരുന്നു
പൌഡര്‍  ഞാന്‍ കണ്ടിട്ട് പോലും ഇല്ല എന്നാ ഭാവത്തില്‍.

പിന്നെ പിന്നെ പെണ്‍കുട്ടികളുടെ ചിരി കൂടി, ഞാന്‍ കൂട്ടത്തില്‍ നിന്നും മാറി കുറച്ചു മുന്‍പില്‍ ഒറ്റക്കായി നടത്തം.
പഴശിരാജ വാളുമായി നടക്കുന്നപോലെ കയ്യില്‍ ബാറ്റുമായി...

പെട്ടെന്നാണ് പുറകീന്നു വന്നു പപ്പന്‍ രഹസ്യമായി എന്‍റെ ചെവിയില്‍

"പ്രവീണേ..മടല് മടല്.."

"മെഡലോ..(അതൊക്കെ കൊറേ കിട്ടിട്ടുണ്ട്, ഇന്നസെന്റ് സ്റ്റൈലില്‍)"

"അതല്ല മടല്..മടല് ബാറ്റാ നിന്‍റെ കയ്യില്‍.."

അയ്യേ!! ഞാന്‍ അത് കേട്ട മാത്രയില്‍ ബാറ്റു കയ്യിന്നു താഴെയിട്ടു അസ്ത്രപ്രന്ജനായി നിന്നു (ഇതിലും കട്ടിയുള്ള മലയാളം വാക്ക് ഉണ്ടോ?..)

വളരെ പയ്യെ സ്ലോമോഷനില്‍ ഞാന്‍ തല തിരിച്ചു താഴോട്ട് നോക്കി

ഹോ ഭൂമി പിളര്‍ന്നു രണ്ടായി ഞാനതില്‍കൂടി അടിയില്‍ പൊക്കോട്ടെ എന്ന് പ്രാര്‍ഥിച്ച നിമിഷം
ഞാന്‍ ഭംഗിയായി പൊതിഞ്ഞിരുന്ന പേപ്പര്‍ ഒക്കെ എപ്പോഴെ ആ ബാറ്റിനെ വിട്ടു പോയിരുന്നു.

ഇതെല്ലം കൂടി കണ്ട പെണ്‍ സംഘങ്ങള്‍ ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി.
അതെല്ലാം സഹിക്കാം വളരെ പരിചയമുള്ള വേറൊരു ചിരി..
വേറെ ആരും അല്ല മുല്ലു..ദുഷ്ടന്‍..അവന്‍റെ ചിരി കണ്ടാല്‍ മടല് ബാറ്റു കണ്ടിട്ട് പോലും ഇല്ല എന്ന് തോന്നും.

"ഇത് ഞാന്‍ മാത്രമല്ല ഇവന്മാരും .." ഇന്‍ ഹരിഹര്‍നഗറില്‍ ജഗദീഷ്‌ പറഞ്ഞ പോലെ ആ പെണ്ണുങ്ങളോട് ഞാനും പറഞ്ഞു നോക്കി

ആര് കേള്‍ക്കാന്‍..

എല്ലാം തകര്‍ന്നവനെപ്പോലെ സ്റ്റേഡിയത്തിലേക്ക് നടക്കുമ്പോള്‍ തോമസുകുട്ടി അടുത്ത് വന്നിട്ട്

"നീ ഇത് വരെ പൌഡര്‍ ഇട്ടിട്ടില്ലേ കുഴപ്പം ഇല്ല
ഇനിം തോട്ട് കുറച്ചു കൂടുതല്‍ ഇട്ടോ, ആളറിയാതിരിക്കാന്‍ അതാ നല്ലത് "

ഞാന്‍ ഒന്നും പറഞ്ഞില്ല പ്രതികരണ ശേഷി പോലും നഷ്ടപെട്ട ഞാന്‍ എന്ത് പറയാന്‍..

പക്ഷെ ഈ ഡയലോഗ് കേട്ടിട്ട് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..
MRF-ന്‍റെ ബാറ്റ് കയ്യില്‍ എടുത്തു കൊണ്ട് മുല്ലു

"സ്റ്റേഡിയത്തില്‍ ഒക്കെ കളിക്കുവാണേല്‍ ഇതീല്‍ കളിക്കണം.."
ഞാന്‍ പ്രതികരിച്ചു...അലറി വിളിച്ചു..
തെണ്ടീ.....................................................................