ജീവിത യാത്രയില്‍ അപൂര്‍വ്വം സംഭവിക്കുന്ന ചില നിമിഷങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.

Saturday, February 12, 2011

ബാംഗ്ലുരെക്കൊരു യാത്ര-1


ബാംഗ്ലുരെക്കൊരു യാത്ര


(ഞങ്ങള്‍ നാല് സുഹൃത്തുക്കളുടെ നാല് ദിവസത്തെ സാഹസികവും ഉദ്വേഗജനകവും ആയ യാത്രയുടെ ഓര്‍മക്കുറിപ്പുകള്‍ )

രംഗം ഒന്ന്
(ആനന്ദ ശരവണന്‍ സാറിന്‍റെ ക്ലാസ്, എന്ത് കാര്യത്തെ പറ്റിയും ഡിസ്കസ് ചെയ്യാന്‍ പറ്റിയ ക്ലാസ്സ്‌)
“ശ് ..ഡാ ..ഡാ പ്രവീണേ നമ്മക്ക് പ്രൊജക്റ്റ്‌ ബാംഗ്ലൂരില്‍ ചെയ്യാം..”
(പുറകീന്നു ലോബോ പുറത്തു തോണ്ടിക്കൊണ്ട് ചോദിച്ചു)
“അതിനു നിനക്കവിടെ ആരെയെലും പരിചയമുണ്ടോ?”
“പിന്നെ നമ്മടെ ആള്‍ക്കാരൊക്കെ ഉണ്ട് പക്ഷെ ആദ്യം അവിടെ പോയി പ്രൊജക്റ്റ്‌ തപ്പി കണ്ടുപിടിക്കണം, ആ പേരും പറഞ്ഞു മൂന്നാല് ദിവസം അടിച്ചു പോളിക്കുവേം ചെയ്യാം” 
“അയ്യേ! അതൊക്കെ മോശമല്ലേ ..”
“പോടാ തെണ്ടീ.. നീയല്ലേ പറഞ്ഞത് നിനക്കീ കോയമ്പത്തൂര്‍ മടുത്തെന്നും കൊറച്ചു ദിവസം എങ്ങോട്ടെങ്കിലും ഒന്ന് കറങ്ങാന്‍ പോണമെന്നും.”
അത് സത്യമാ എന്നാലും നമ്മളെ ആരേലും കണ്ടാലോ
“ഡാ അതിനു പ്രൊജക്റ്റ്‌ തപ്പാന്‍ പോകുന്നെന് ആരെന്തു പറയാന്‍”
“അല്ല അതിനു ആരും ഒന്നും പറയില്ല പക്ഷെ നമ്മള്‍ അവിടെ ചെന്ന് നിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി വല്ല ബാറിലും ഒക്കെ കേറിയാല്‍, ഞാന്‍ നാട്ടിലൊക്കെ ഭയങ്കര ഡീസന്‍റാ, നിന്നെ പോലെയല്ല. അങ്ങനെ ആരേലും കണ്ടാലോ എന്നാ ഞാന്‍ ഉദ്ദേശിച്ചേ ..”
“എടാ കോപ്പേ ..ഒരുമാതിരി കൊണാപ്പിക്കല്ലേ, നിനക്ക് സൗകര്യം ഉണ്ടേല്‍ വന്നാ മതി ഞാനേതായാലും പോകാന്‍ തീരുമാനിച്ചു”
“ഹാ ഡാ ലോബോ ..അങ്ങനെ അങ്ങ് പിണങ്ങാതെടാ, ഞാന്‍ ചുമ്മാ തമാശ പറഞ്ഞതല്ലേ. പിന്നെ പോകുവാണേല്‍ നമ്മടെ അനിലിനേം റിനോഷിനേം കുടെ വിളിച്ചേക്കാം. പണ്ട് അവന്മാര് അങ്ങനെ ഏതാണ്ടൊക്കെ പറഞ്ഞാരുന്നു”
“അതൊക്കെ നിന്‍റെ  ഇഷ്ടം, പിന്നെ നിന്‍റെ ആരേലും ഉണ്ടോ അവിടെ? നമ്മക്ക് സേഫ് ആയിരിക്കണം. കാര്യം എന്‍റെ അമ്മാച്ചനും, അച്ചാച്ചനും ഒക്കെ അവിടെ ഉണ്ട്. പക്ഷെ ഇതിനൊക്കെ പോകുമ്പോ അവരൊക്കെ അറിഞ്ഞാല്‍ മോശമല്ലേ ..ഞാന്‍ നിന്നെപോലെയല്ല വീട്ടിലൊക്കെ ഭയങ്കര ഡീസന്‍റാണു”
“അല്ല പ്രൊജക്റ്റ്‌ തപ്പാന്‍ പോകുന്നെന് എന്നാ പ്രശ്നം”.
“അതിനു പ്രശ്നം ഒന്നും ഇല്ല, പിന്നെ നമ്മളെ അവര് വല്ലോം ബാറിലേക്ക് വിളിച്ചാല്‍ അതൊരു പ്രശ്നം ആകും”
“ഓ അങ്ങനെ... അപ്പൊ അവരും നിന്നെ പോലെ കച്ചറകളാ അല്ലെ ..”
അവനു മറുത്തൊന്നും പറയാന്‍ പറ്റുന്നെനു മുന്നേ ആനന്ദ ശരവണന്‍ ക്ലാസ്‌ അവസാനിപ്പിച്ചു
അങ്ങനെ നാട്ടിലെ ഡീസന്‍റായ ഞാനും  വീട്ടിലെ ഡീസന്‍റായ ലോബോയും  കൂട്ടത്തില്‍ രണ്ടിടത്തും ഡീസന്‍റായ അനിലും റിനോഷും കൂടെ പ്രൊജക്റ്റ്‌ തപ്പാന്‍ (അങ്ങനെ തപ്പിയാ വല്ലോം കിട്ടുന്ന സാധനമാണോ ഇത്) ബാംഗ്ലൂര്‍ക്ക് പോകാന്‍ തീരുമാനിക്കുന്നു.
സംഭവ ബഹുലമായ ബംഗ്ലൂര്‍ യാത്രയിലേക്ക്... 
ഐലന്‍റ് എക്സ്പ്രസ്സിന്‍റെ സ്ലീപ്പര്‍ ക്ലാസില്‍ കിട്ടിയ ടിക്കറ്റുമായി ഞങ്ങള്‍ നാലുപേരും കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബാംഗ്ലൂര്‍ എന്ന ഐ ടി നഗരത്തിലേക്ക് വൈകുന്നേരം കൃത്യം അഞ്ച് അഞ്ച് എന്ന ശുഭ മുഹൂര്‍ത്തത്തില്‍ യാത്ര തിരിക്കുന്നു

രംഗം രണ്ടു (ട്രെയിന്‍ യാത്ര ).

ഡാ റിനോഷേ.. കലക്കിട്ടോണ്ടല്ലോടാ പുതിയ ഷൂസ്. അനില്‍ റിനോഷിന്‍റെ പുതിയ ഷൂസിലേക്ക് നോക്കി പറഞ്ഞു
“ഹോ.. ഇപ്പോഴെങ്കിലും നീയതു കണ്ടല്ലോ! സമാധാനമായി, ചേട്ടന്‍ ബോംബേന്നു വന്നപ്പോ കൊണ്ടുവന്നതാ.ഒറിജിനല്‍ വുഡ്ലാന്‍ഡ്സാ. രണ്ടായിരത്തി അഞ്ഞൂറ് രൂപയായി.” റിനോഷ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.
പിന്നെ ഇതിന്‍റെ ലയ്സ് ഇങ്ങനെയാണ്, സോള്‍ അങ്ങനെയാണ് അവന്‍ കാലു പൊക്കുന്നു, താക്കുന്നു. ട്രയിനെ കിടന്നു വന്‍ പ്രകടനം. ഇത്രയും ആയപ്പോള്‍ അവനോടു ഇതിനെപറ്റി ചോദിക്കണ്ടാരുന്നു എന്ന് അനിലിന് തോന്നിയെങ്കില്‍ അതിനു അവനെ കുറ്റം പറയാന്‍ പറ്റുമോ.
ഞാനും ലോബോയും ഇരിക്കുന്നെന്‍റെ  ഇടയ്ക്കു കൊണ്ടെയാണ് റിനോഷ് കാലു വച്ചേക്കുന്നെ.
ഡാ..റിനോഷേ കാലെടുത്തു താഴെ വക്കടാ..ഞാന്‍ പറഞ്ഞു
“പോടാ അവിടുന്ന് ഇത്രേം കാശ് കൊടുത്തു മേടിചേച്ചു, നാല് പേര് കാണട്ടെ ..നീ വേണേല്‍ അവുത്തെ പിടിചോണ്ടിരുന്നോ..”      
പോടാ തെണ്ടീ ..മനസ്സില്‍ അവനെ പിരാകിക്കൊണ്ടു ഞാന്‍ ഒന്ന് കൂടി ഇളകി ഇരുന്നു.   
“നീ പറഞ്ഞ ആളു വരുമല്ലോ അല്ലെ..”ലോബോ കുറച്ചു സംശയത്തോടെ എന്നോട് ചോദിച്ചു. 
“പിന്നെ വരാതെ പുള്ളി അവിടുത്തെ ഏതോ വലിയ കമ്പനിയില്‍ നല്ല  ഏതോ പോസ്റ്റിലാ. മിക്കവാറും പുള്ളിക്കാരന്‍റെ കമ്പനില്‍ തന്നെ നമ്മക്ക് പ്രോജെക്ടും ശരിയാക്കി കിട്ടും.”
“ശരിക്കും നിങ്ങള്‍ തമ്മില്‍ ഉള്ള ബന്ധം എന്താ? എനിക്കങ്ങോട്ട് അത് വ്യക്തമായില്ല”. അപ്പുറത്ത് നിന്നും അനിലിന്‍റെ ചോദ്യം  
“എടാ പുള്ളിക്കാരന്‍ അതായത് നമ്മള്‍ കാണാന്‍ പോകുന്ന നവീന്‍ ചേട്ടന്‍ എന്‍റെ വീടിന്‍റെ നേരെ എതിര്‍വശത്തുള്ള വീട്ടിലെയാ, എന്‍റെ അച്ഛന്‍ അല്ലെ അവരെ ആ വീട് മേടിക്കാന്‍ സഹായിച്ചേ. അവര്‍ നേരത്തെ രാജസ്ഥാനില്‍ ആരുന്നു, പിന്നെ ഇങ്ങോട്ട് പോന്നു. നവീന്‍ ചേട്ടന്‍ നല്ല പച്ചവെള്ളം പോലെ   ഹിന്ദി പറയും. നമ്മടെ കാര്യം പറഞ്ഞപ്പോള്‍ അച്ഛനാ പറഞ്ഞെ നവീന്‍ ചേട്ടന്‍റെ അടുത്ത് താമസിക്കാം പുള്ളി അവിടെ വലിയ നിലയില്‍ ആണന്നു.”
“നിന്‍റെ അച്ഛന്‍ പറഞ്ഞതായകൊണ്ട് എനിക്കിതത്ര വിശ്വാസം ഇല്ല, പുള്ളി കാശു ലാഭിക്കാന്‍ വേണ്ടി പറഞ്ഞതാവും” ലോബോയുടെ മുന വച്ച സംസാരം. 
“പോടാ അവിടുന്ന്..എനിക്കും ശരിക്ക് അറിയാം നവീന്‍ ചേട്ടനെ ..പുള്ളി ഒരു കിടിലനാ. കിടിലന്‍ ..”..(എന്‍റെ നാക്ക് പൊന്നാവട്ടെ).
.........................................................................................................................................................
യാത്രിയ്യോം പ്രത്യാഖാന്‍..കന്യാകുമാരിസെ ആനെവാലി ഐലാന്‍ഡ്‌ എക്സ്പ്രസ്സ്‌ പ്ലാറ്റ്ഫോം നമ്പര്‍ ദോ..
ഡാ സ്റ്റേഷന്‍ എത്തി എഴുനെല്‍ക്ക്..ഞാന്‍ എല്ലാരേം വിളിച്ചുണര്‍ത്തി.
ഞങള്‍ കെട്ടും ഭാണ്ടോം ഒക്കെയായി ബംഗ്ലൂര്‍ കണ്ടോന്മേന്റ്റ്‌ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി.

രംഗം മൂന്ന് (റെയില്‍വേ സ്റ്റേഷന്‍)

“ആണ്ടെ..അതാണ്‌ നവീന്‍ ചേട്ടന്‍...” ഞാന്‍ ദൂരെ നില്‍ക്കുന്ന ഒരു പച്ച ഷര്‍ട്ടുകാരനെ ചൂണ്ടി പറഞ്ഞു. പുള്ളിക്കാരന്‍ ഞങ്ങളെ കണ്ടിട്ട് ഇങ്ങോട്ട് നടന്നു വരുകയായിരുന്നു.
നവീന്‍ ചേട്ടനെ കണ്ടാല്‍ ഒരാറടി പൊക്കം, അതിനനുസരിച്ച വണ്ണം. നല്ല കുടവയര്‍ ഉണ്ട്. കട്ടി മീശ അങ്ങിങ്ങായി നരച്ചിരിക്കുന്നു, മുടി പറ്റെ വെട്ടിയോതുക്കിയിരിക്കുന്നു. മൊത്തത്തില്‍ കണ്ടാല്‍ ഒരു എക്സ് മിലിട്ടറി ആണന്നു തോന്നും. ശരിക്കും ആളൊരു ക്രോണിക് ബാച്ച്‌ലര്‍ ആണ്.
“ഹലോ മിസ്റ്റര്‍ പ്രവീണ്‍..കൈസേ ഹേ.....യാത്ര എങ്ങനെ ഉണ്ടാരുന്നു ... ഉറക്കം ഒക്കെ ശരിക്കും നടന്നില്ലേ.”
“വളരെ സുഖമാരുന്നു നവീന്‍ ചേട്ടാ, ഇതാണ് എന്‍റെ ഫ്രണ്ട്സ്‌... ഇത് റിനോഷ്‌, അനില്‍ പിന്നെ ലോബോ ..”
“ഹലോ ഫ്രണ്ട്സ്‌ കൈസേ ഹെ..”
എല്ലാരും കൂടി കോറസ് ആയി “ടീക്ക് ഹേ ...നവീന്‍ ചേട്ടാ...”
“ങാ..അപ്പൊ നിങ്ങള്‍ പ്രവീണിനെ പോലെയല്ല ഹിന്ദി ഒക്കെ അറിയാം അല്ലെ”
“ഇപ്പൊ ഈ പറഞ്ഞത് മാത്രം അറിയാം” ഞാന്‍ ചാടി പറഞ്ഞു..അങ്ങനെ ഇപ്പൊ ഇവന്മാര് ഷൈന്‍ ചെയ്യണ്ട.
“ങാ എന്നാല്‍ നമ്മക്കൊരു ഓട്ടോ പിടിക്കാം, ഇവിടുന്നു കുറച്ചു ദൂരം ഉണ്ട് ഞാന്‍ താമസിക്കുന്നെടതെക്ക്”
“അപ്പൊ ഇയാള്‍ക്ക് കാറില്ലേ,”(ലോബോ എന്‍റെ ചെവിയില്‍ ചോദിച്ചു).
“പിന്നെ.. കാറുണ്ട് വല്ല വര്‍ക്ക്‌ഷോപ്പിലും ആരിക്കും” ഞാന്‍ പറഞ്ഞു. (സത്യത്തില്‍ എനിക്കറിയാന്‍ മേല ഞാനും വിചാരിച്ചത് കാറുണ്ടന്നാണ്)   
അങ്ങനെ നവീന്‍ ചേട്ടന്‍റെ പുറകെ ഞങ്ങള്‍ നാല് പേരും ഓട്ടോയിലേക്ക്.

രംഗം നാല് (ഓട്ടോറിക്ഷ യാത്ര)

ഞങ്ങള്‍ നാല് പേരും ഓട്ടോയുടെ പുറകില്‍ വിത്ത്‌ ബാഗ്, നവീന്‍ ചേട്ടന്‍ ഡ്രൈവറുടെ കൂടെ ഫ്രണ്ടില്‍. ഒരുപാട് നേരം തര്‍ക്കിചിട്ടാണ് ഡ്രൈവര്‍ ഞങ്ങളെ അഞ്ചു പെരേയും  ഓട്ടോയില്‍ കയറ്റിയത്.
അങ്ങനെ ഏതൊക്കെയോ ഗുദാമില്‍ക്കൂടി സഞ്ചരിച്ചു ഒരു വലിയ വീടിന്‍റെ മുന്നില്‍ ഓട്ടോ നിന്നു.
“ങാ സ്ഥലമെത്തി എല്ലാരും ഇറങ്ങിക്കോ” ഇതും പറഞ്ഞു പുള്ളിക്കാരന്‍ ഓട്ടോക്കാരന്‍റെ കയ്യില്‍ കുറച്ചു പൈസ വച്ച് കൊടുത്തു..
“അയ്യോ നവീന്‍ ചേട്ടാ ഞാന്‍ കൊടുക്കാം, (അത് കേട്ട് ബാക്കി എല്ലാര്‍ക്കും സന്തോഷം, എല്ലാരേം മാറി മാറി നോക്കിട്ടു ഞാന്‍ പറഞ്ഞു)
അല്ല ഞങള്‍ കൊടുത്തോളം” (പെട്ടെന്ന് എല്ലാരുടേം മുഖത്തെ ആദ്യത്തെ ആ സന്തോഷം അപ്രത്യക്ഷമായി)
 “ഏയ് അത് ശരിയല്ല നിങ്ങള്‍ എന്‍റെ ഗസ്റ്റ് ആണ് അപ്പൊ ഞാന്‍ വേണം നിങ്ങളെ ട്രീറ്റ്‌ ചെയ്യാന്‍, അല്ലങ്കില്‍ തന്നെ ഇനിം അങ്ങോട്ട്‌ നിങ്ങള്‍ക്ക് നല്ല ചിലവുള്ളതല്ലേ”
(ആ പറഞ്ഞതിന്‍റെ അര്‍ഥം അന്നേരം മനസ്സിലായില്ലങ്കിലും പിന്നീട് നല്ലതു പോലെ മനസ്സിലായി).

രംഗം അഞ്ച് (ബംഗ്ലൂരിലെ വീട്ടില്‍ )

മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പടുകൂറ്റന്‍ ബംഗ്ലാവിലേക്ക് നോക്കി  ഞങ്ങള്‍ നാല് പേരും നെടുവീര്‍പ്പിട്ടു.
ഹൊ..എന്നാ വീടാ ...ഇനിം നാല് ദിവസം ഇവിടെ അടിച്ചു പൊളി ഞാന്‍ മനസ്സില്‍ കരുതി
ഞങ്ങളുടെ നോട്ടം കണ്ടിട്ടാവണം നവീന്‍ ചേട്ടന്‍ ഞങ്ങളോടായി പറഞ്ഞു
“അയ്യോ ഇത് മുഴവന്‍ ഒന്നും ഞാന്‍ താമസിക്കുന്നതല്ല, ഞാനങ്ങു മോകളിലത്തെ നിലയിലാ”
എന്നാലും ഇഷ്ടം പോലെ സ്ഥലം, ഞങ്ങള്‍ പുറത്തുകൂടെയുള്ള സ്റെപ്പ്‌ കയറി മോകളിലത്തെ നിലയിലേക്ക്.
“അയ്യോ ഇവിടെ അല്ല, ഇതിന്റെം മോകളിലത്തെ നിലയിലാ” രണ്ടാം നിലയില്‍ വച്ച് വാതിലിന്‍റെ അടുക്കലേക്ക് തിരിഞ്ഞ റിനോഷിനെ നോക്കി നവീന്‍ ചേട്ടന്‍ പറഞ്ഞു
ഇതിന്റേം മുകളിലോ , ഞങ്ങള്‍ എല്ലാരും പരസ്പരം ഒന്ന് നോക്കി. ആകെ രണ്ടു നിലയെ ഉള്ളു വീടിനു.  അതിന്‍റെ മോകളില്‍ ഏതു നില.
അങ്ങനെ ഞങ്ങള്‍ നവീന്‍ ചേട്ടന്‍ പറഞ്ഞ നിലയില്‍ എത്തി. അതായത് ടെറസ്സ്. അവിടെ ഒരു ഒറ്റമുറി. അതിലാണ് പുള്ളിക്കാരന്‍റെ താമസം.
എല്ലാരുടെയും തീപാറുന്ന നോട്ടം എന്‍റെ നേര്‍ക്കായി, ലോബോ എന്‍റെ ചെവിയുടെ അടുത്ത്  വന്നിട്ട് (“%^%&^&#@$% ..ഇതാണോടാ നീ പറഞ്ഞ സെറ്റപ്പ്”).
എല്ലാ കുറ്റങ്ങളും ഏറ്റുപറഞ്ഞു കൊണ്ട് ഞാനാ മുറിയിലേക്ക് കടന്നു. ഇവിടെയാണ്‌ ഞങ്ങള്‍ നാല് പേരും അടുത്ത നാല് ദിവസം കിടക്കാന്‍ പോകുന്നത്.
പല്ല് തേച്ചു കുളിച്ചു രാവിലെ തന്നെ ഞങ്ങള്‍ റെഡി ആയി. ആദ്യം ഭക്ഷണം പിന്നെ ബംഗ്ലൂര്‍ ഒക്കെ ഒന്ന് കാണണം. ഇതിനിടയില്‍ നവീന്‍ ചേട്ടനെ ഒഴിവാക്കുകേം വേണം.
ഞങ്ങള്‍ പല വഴികളും നോക്കിയെങ്കിലും പുള്ളിക്കാരന്‍ ഞങ്ങളെ വിട്ടു പോകുന്ന ലക്ഷണം ഒന്നും ഇല്ല. അവസാനം ഞങ്ങള്‍ സ്പ്ലിറ്റ്‌ ആകാന്‍ തീരുമാനിച്ചു. അപ്പോള്‍ ആരുടെ കൂടെ പോകും എന്നാ കണ്ഫ്യുഷനില്‍ പുള്ളി ഞങ്ങളെ വെറുതെ വിട്ടു.
അപ്പൊ വൈകുന്നേരം കാണാം എന്ന് പറഞ്ഞു ഞങ്ങള്‍ എല്ലാം അവിടെ നിന്നും പിരിയുന്നു. അതുവരെ ..
സ്വര്‍ഗത്തിലോ..നമ്മള്‍ സ്വപ്നത്തിലോ ...
ഗന്ധര്‍വ സംഗീത ലോകത്തിലോ ....

ദിവസം-1
(ഇനിം രംഗങ്ങള്‍ ഇല്ല ദിവസങ്ങള്‍ ആണ് )

പുള്ളിക്കാരന്‍റെ കണ്ണ് വെട്ടിച്ചു ഞങ്ങള്‍ എല്ലാവരും അര മണിക്കൂറിനകം ഒത്തു കൂടി, സ്വപ്ന നഗരമായ ബാന്ഗ്ലുര്‍ നഗരത്തിന്‍റെ ചൂടും ചൂരും അറിയാനുള്ള യാത്രയുടെ ആരംഭം കുറിക്കുന്നു .

ആദ്യം ഞങ്ങള്‍ പോയത് ലോബോയുടെ അനുജന്‍ സോജിയുടെ നഴ്സിംഗ് വിദ്യാര്‍ഥികളായ ചില സുഹൃത്തുക്കളുടെ അടുത്തേക്കാണ് . ഊഷ്മളമായ വരവെല്പ്പിനു ശേഷം ഞങ്ങളുടെ ആഗമനോദ്ദേശം അന്വേഷിച്ചറിഞ്ഞ അവര്‍ ആദ്യം ഒന്നമ്പരന്നു. സോജിയുടെ ചേട്ടന് പഠിത്ത കാര്യത്തില്‍ ഇത്രയ്ക്കു ശുഷ്കാന്തിയുണ്ടന്നു അറിഞ്ഞ അവരില്‍ ചിലര്‍ പൊട്ടിക്കരയുക വരെ ചെയ്തു.  ബംഗളൂര്‍ നഗരത്തെ ഇത്ര അടുത്തറിയാവുന്ന അവരില്‍ നിന്ന് ഞങ്ങളുടെ യഥാര്‍ത്ഥ ആഗമനോദ്ദേശം മറച്ചു വച്ചതില്‍ ഞങ്ങള്‍ മൂന്നുപേര്‍ക്കും ലോബോയോടു തെല്ലൊരമര്‍ഷം തോന്നാതിരുന്നില്ല. എന്നാല്‍ അനുജന്‍റെ സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് അവന്‍റെ ഇമേജ് സംരക്ഷിക്കുക എന്ന ദൌത്യം സുഹൃത്തുക്കളായ ഞങ്ങള്‍ പാലിച്ചല്ലേ പറ്റൂ ..

വൈകുന്നേരം വരെ ബ്രിഗേഡ്‌ റോഡില്‍ക്കൂടി തെക്ക് വടക്ക് നടന്നു എന്നല്ലാതെ യാതൊന്നും സംഭവിച്ചില്ല. അതിനിടയില്‍ റിനോഷ് തന്‍റെ പുതിയ ഷൂസ് ഉപയോഗിക്കുന്നതില്‍ കാണിച്ച ചില സാങ്കേതിക തടസ്സങ്ങള്‍ വഴിയില്‍ ചില്ലറ കശ പിശ ഉണ്ടാക്കുകയും ചെയ്തു. അത് പിന്നെ ആമത്തോട്‌ പോലത്തെ ഷൂവിട്ടു വഴിയെ നടക്കുന്നോരെ ചവുട്ടിയാല്‍ അവര് വെറുതെ വിടുമോ? എല്ലാവരോടും ഈ ഷൂവിന്‍റെ വില പറഞ്ഞാല്‍ അവര് പേടിക്കുമോ ? ഇല്ല ..അപ്പൊ ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാവും. കൂട്ടുകാരായ നമ്മള്‍ വേണം പിന്നെ ചവിട്ടു കിട്ടിയോരെ ഇതിന്‍റെ മഹത്വം പറഞ്ഞു മനസ്സിലക്കിക്കാന്‍.   

സന്ധ്യ ആയതോടെ സോജിയുടെ സുഹൃത്തുക്കള്‍ കളം പിരിഞ്ഞു. ഇനിയെന്ത്? എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടാരുന്നുളളു നവീന്‍ ചേട്ടനെ വിളിക്കുക.
ഞങ്ങള്‍ വിളിച്ചു ...നവീന്‍ ചേട്ടന്‍ എത്തി. 

"ആ  ...ഞാന്‍ നിങ്ങള്‍ എവിടെപോയി എന്നാലോചിക്കുവാരുന്നു. ഇനിയെന്താ പരിപാടീ ..പ്രൊജക്റ്റ്‌ വല്ലോം ശരിയായോ?"

"ഹോ എവിടെ ശരിയാവാനാ എന്‍റെ നവീന്‍ ചേട്ടാ  ...ഒന്നും ഒത്തില്ല" ഞാന്‍ വളരെ നിരാശ അഭിനയിച്ചു പറഞ്ഞു 

"എന്നാല്‍ വാ...നമ്മക്ക് വീട്ടില്‍ പോയേക്കാം എന്നിട്ട് നാളെ നമ്മക്കൊരുമിച്ചു ഒന്ന് തപ്പാം...എന്താ

"അല്ല ഞങ്ങള്‍ ഒന്നും കഴിച്ചില്ല വല്ലോം കഴിച്ചിട്ട്" 

"ങാ എന്നാല്‍ അങ്ങനെ തന്നെ കഴിച്ചിട്ട് പോകാം അല്ലെ 

തിരക്കേറിയ ബ്രിഗേഡ്‌ റോഡില്‍ കൂടി ഹോട്ടല്‍ ലക്ഷ്യമാക്കി ഞങ്ങള്‍ മുന്നോട്ടു നടന്നു, ഒരു  ബാറിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ ലോബോ എന്നെ പിടിച്ചു വലിക്കാന്‍ തുടങ്ങി, അവനിലെ ചെകുത്താന്‍ ഉണര്‍ന്നു കഴിഞ്ഞു.

"ഡാ ചോദിക്ക് ചോദിക്ക്" ലോബോ പയ്യെ എന്‍റെ ചെവിയില്‍ പറഞ്ഞു.

"നീ ചോദിക്ക് എനിക്ക് മോശമാ ഞങ്ങള്‍ അയല്‍ക്കരല്ലേ

എന്നെ ഇനിം തള്ളിട്ടു പ്രയോജനം ഇല്ല എന്ന് മനസിലാക്കിട്ടാവം ലോബോ സധൈര്യം നവീന്‍ ചേട്ടനെ വിളിച്ചു 

"നവീന്‍ ചേട്ടാ ...നമ്മക്ക് വല്ലോം തണുത്തത് കഴിച്ചാലോ" 
“തണുത്തതോ യു മീന്‍”
“എസ് അത് തന്നെ, ചേട്ടന്‍ ഉദ്ദേശിച്ചതു തന്നെ”
ലോബോയുടെ ഈ മറുപടി കേട്ടതും  നവീന്‍ ചേട്ടന്‍റെ മുഖത്ത് വിടര്‍ന്ന നവരസങ്ങള്‍ അത് വര്‍ണിക്കാന്‍ വാക്കുകള്‍ ഇല്ല.
"നിങ്ങള്‍ കഴിക്കും അല്ലെ  ...ഞാന്‍ വിചാരിക്കുവേം ചെയ്തു നിങ്ങള്‍ എന്നാ കൊണാഞ്ജന്‍മാരാന്നു..  "
പിന്നെ എല്ലാം  ശട് പിടേന്നാരുന്നു ..നേരെ ബാറിലോട്ടു ഓടിക്കേറുന്നു മേശ പിടിക്കുന്നു, ഓര്‍ഡര്‍ ചെയ്യാന്‍ സപ്ലയറെ ശൂ...ശൂന്ന് വിളിക്കുന്നു.
"അപ്പൊ എങ്ങനെയാ നിങ്ങള്‍ എന്താ കഴിക്കുന്നെ " നവീന്‍ ചേട്ടന്‍ ചോദിച്ചു 
"ഞങ്ങള്‍ക്ക് ബിയര്‍ മതി  ..."  അനില്‍ പറഞ്ഞു
"ദെന്‍ ഉധര്‍ ചാര്‍ ബിയര്‍ മുജ്കോ ഏക് ഓള്‍ഡ്‌ മങ്ക്  പൈണ്ട്.." നവീന്‍ ചേട്ടന്‍ ഓര്‍ഡര്‍ കൊടുത്തു .

നുരഞ്ഞു പൊങ്ങുന്ന ബിയര്‍ കുപ്പികള്‍ നാലെണ്ണം ഞങ്ങടെ മുന്നില്‍ നിരന്നു
എല്ലാരുടേം മുഖത്തൊരു ആഹ്ലാദം ..(അപ്പൊ ഒരു ചെറിയ പാട്ടാവാം അല്ലെ ...) ഈ ഗ്യാപ്പില്‍ ഒരു അടിച്ചുപൊളി ബാര്‍ ഡാന്‍സ് പോരട്ടെ ...

വിശന്നിരിക്കുന്ന ചെന്നായുടെ മുന്നില്‍ ഇരയെ കിട്ടിയ  പോലെ നവീന്‍ ചേട്ടന്‍ ആര്‍ത്തിയോടെ ഒറ്റയ്ക്ക് ആ പൈണ്ട് മുഴവന്‍ തീര്‍ത്തു. 
കലങ്ങിയ കണ്ണുകളും ഉറക്കാത്ത കാലുകളുമായി ഞങ്ങള്‍ക്ക് മുന്നേ നടക്കുന്ന നവീന്‍ ചേട്ടന്‍റെ പുറകെ ഞങ്ങളും. 

(തുടരും)