ജീവിത യാത്രയില്‍ അപൂര്‍വ്വം സംഭവിക്കുന്ന ചില നിമിഷങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.

Wednesday, November 24, 2010

വികാരി അച്ഛനും ഫുട്ബോളും


(കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് ഒരു മടക്കയാത്ര, ബോറടിക്കുന്നെങ്കില്‍ പൊറുത്തു മാപ്പാക്കണം എന്ന് അപേക്ഷ ... )

ഇതൊരു ദേശത്തിന്‍റെ കഥ ആണ്, എത്ര സമര്‍ഥമായി യുവജനങ്ങളെ രാഷ്ട്ര പുനര്‍നിര്‍മാണത്തിന് വേണ്ടി മാറ്റിയെടുക്കാം എന്നതിന്‍റെ ഉത്തമ ദ്രിഷ്ടാന്തമാണ് ഈ കഥ. 
കഥ നടക്കുന്നത് മീനച്ചില്‍ താലൂക്കില്‍ ആയതുകൊണ്ടാവം ഈ ദേശീയോദ്ഗ്രഥന പദ്ധതിയില്‍ പങ്കെടുക്കാന്‍ ഭാഗ്യവശാല്‍ ഒരു  വികാരിഅച്ചന് അവസരം കൈവന്നത്. മീനച്ചില്‍ താലൂക്കില്‍ റബ്ബര്‍ കഴിഞ്ഞാല്‍ ഏററവും കൂടുതല്‍ കണ്ടു വരുന്ന മറ്റൊരു പ്രസ്ഥാനമാണ് വികാരിഅച്ഛന്മാര്‍. സമൂഹനന്മക്കായി പലതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നതാണ് ഇവരുടെ ഹോബി. ആ ഹോബി പിന്നെ ഫോബിയ ആയി മാറിയ അച്ചന്മാരും വിരളമല്ല. എങ്കിലും കാലാകാലങ്ങളായി അവരുടെ പ്രവര്‍ത്തനം ജനക്ഷേമപരമായ പല പദ്ധതികള്‍ക്കും തുടക്കം കുറിപ്പിച്ചു  എന്നത് എടുത്തു പറയേണ്ട ഒരു വസ്തുതയാണ്.
    1998-ലെ ഫ്രാന്‍സിന്‍റെ ലോകകപ്പ്‌ വിജയം സ്വന്തം രാജ്യത്തിന്‍റെ വിജയമെന്നോണം ആഘോഷിക്കുകയാണ് ഞങ്ങള്‍ കുറച്ചാളുകള്‍. സാധാരണ അമേരിക്കയുടെ വിജയങ്ങളാണ് ഞങ്ങള്‍ ആഘോഷിക്കാര്, കാരണം ഇവിടെ ഭൂരിപക്ഷം വീടുകളിലും ഇന്ത്യന്‍ പൌരത്വം ഉള്ളവരേക്കാള്‍   അമേരിക്കന്‍ പൌരത്വം നേടിയവര്‍ ആയിരുന്നു കൂടുതല്‍. എന്നെങ്കിലും തങ്ങളുടെ മക്കള്‍ അമേരിക്കന്‍ സൈന്യവുമായി വന്നു ഈ വൃത്തികെട്ട ഇന്ത്യാ മഹാരാജ്യത്ത് നിന്നും തങ്ങളെ  രക്ഷിച്ചു കൊണ്ടുപോകും എന്ന് വിചാരിച്ച് പ്രാര്‍ത്ഥനയും നോമ്പുമായി കഴിയുന്ന  വൃദ്ധജനങ്ങള്‍, ഏതെങ്കിലും ഒരു നഴ്സിനെ കെട്ടി ഉടന്‍ തന്നെ അമേരിക്കക്ക് പോകാം എന്നാ കണക്ക് കൂട്ടലില്‍ കാത്തിരിക്കുന്ന യുവജനങ്ങള്‍. അങ്ങനെ അമേരിക്കന്‍ മോഹവുമായി കഴിയുന്ന ഒരു വലിയ ജനവിഭാഗം തന്നെ അവിടെ ഉണ്ടായിരുന്നു. അങ്ങനെ ഉള്ള അവിടെ ആണ് ഞങ്ങള്‍ ഫ്രാന്‍സിന്‍റെ വിജയം ആഘോഷിക്കുന്നത്. ഒരിക്കലും അമേരിക്കക്ക് പോകാന്‍ സാധ്യത ഇല്ലാത്ത ചില കുബുദ്ധികള്‍ ആയിരുന്നു ഈ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അവിടവിടെ ചില മുറുമുറുപ്പുകള്‍ ഉയര്‍ന്നെങ്കിലും അധികം വൈകാതെ അത് കെട്ടടങ്ങി. 
എന്നെപോലുള്ള കുട്ടികള്‍ ഫുട്ബാള്‍ കളിയ്ക്കാന്‍ സ്ഥലം അന്വേഷിച്ചു നാടായ നാട് മുഴവന്‍ കറങ്ങി. ആകെപ്പാടെ ഉണ്ടായിരുന്ന ഒരു ചെറിയ സ്കൂള്‍ ഗ്രൌണ്ട് അവിടുത്തെ തൊഴിലാളി യൂണിയന്‍ കയ്യടക്കി. യുണിയനില്‍ അംഗങ്ങള്‍ അല്ലാതിരുന്ന കൊണ്ട് ഞങ്ങള്‍ക്കാര്‍ക്കും അവിടെ പ്രവേശനമില്ലാരുന്നു. പിന്നെ ആകെപ്പാടെ ഉള്ളത് സ്കൂള്‍ വക പഴയ  മൂത്രപ്പെര ഇരിന്നിരുന്ന സ്ഥലം ആണ്. അവിടെ കളിക്കണമെങ്കില്‍ ഫുട്ബാള്‍ കളി മാത്രം അറിഞ്ഞാല്‍ പോരാ കൂടാതെ  ലോങ്ങ്‌ ജമ്പ്, ഹൈ ജമ്പ്, തവള ചാട്ടം തുടങ്ങിയ അതലെറ്റിക്ക് ഐറ്റംസ് കൂടി അറിഞ്ഞിരിക്കണമാരുന്നു.
പഴയ മൂത്രപ്പുര പൊളിച്ചിട്ടിരിക്കുന്നതിന്‍റെ അവശിഷ്ടങ്ങള്‍, റബ്ബര്‍ ചുവടെ വെട്ടിമാറ്റിയപ്പോള്‍ ഉണ്ടായ കുഴികള്‍ തുടങ്ങി സംഭവ ബഹുലമായ അവസ്ഥയില്‍ കിടക്കുന്ന ആ സ്ഥലത്ത് ബ്രസീലിനെ നാണിപ്പിക്കുന്ന കേളീമികവോടെ (അതിശയോക്തി) ഞങ്ങള്‍ കളിച്ചു വരുകയാരുന്നു. പെട്ടെന്നാണ് പള്ളി കമ്മറ്റി ആ തീരുമാനം എടുത്തത്‌ പഴയ സ്കൂള്‍ ഗ്രൗണ്ടില്‍ തെങ്ങ് വക്കാനും പകരം ഞങ്ങള്‍ കളിച്ചു കൊണ്ടിരുന്ന സ്ഥലം സ്കൂള്‍ ഗ്രൗണ്ടാക്കാനും തീരുമാനമായി.  
ഈ വാര്‍ത്ത ഞങ്ങള്‍ ബൂര്‍ഷ്വാസികളെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചത്, ഞങ്ങള്‍ക്ക് നല്ല കളിസ്ഥലം കിട്ടും എന്നതിനേക്കാള്‍ യുണിയന്‍കാരുടെ മൊട അവസാനിക്കും എന്നതിലും അവന്മാര്‍ക്കിനി ഈ വള്ളിച്ചിറക്കരേല്‍ കളിയ്ക്കാന്‍ ഒരു സ്ഥലവും കിട്ടില്ല എന്ന അറിവും  ഞങ്ങളില്‍ ആവേശവും ഉണര്‍വും പകര്‍ന്നു. പൂര്‍വാധികം ശക്തിയോടെ ഫുട്ബാള്‍ കളി തുടരുകയും ചെയ്തു.
യുണിയന്‍കാരല്ലേ എത്ര നേരം ഞങ്ങള്‍ പന്ത് തട്ടുന്നതും നോക്കി കയ്യാലപ്പൊറത്തിരിക്കും, പതിവ് ശൈലിയില്‍ ആദ്യം അവര്‍ നോക്ക് കൂലി ആവശ്യപെട്ടു, തരാന്‍ ഒക്കത്തില്ല എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ ബലമായി ഞങ്ങളുടെ കൂടെ ഇറങ്ങി കളിക്കാന്‍ ആരംഭിച്ചു. കായിക ശേഷിയില്‍ ഞങ്ങളെക്കാള്‍ പതിന്മടങ്ങ്‌ ശക്തി കൂടിയ അവരുമായി ഒരു തുറന്ന യുദ്ധം ഒട്ടും ബുദ്ധിയല്ലാത്തതുകൊണ്ട് ഞങ്ങള്‍ രഞ്ജിപ്പിന്റെ പാത തിരഞ്ഞെടുത്തു.

അവന്മാരുമായി ദിവസേന മല്‍സരം, അവര്‍ക്കും അത് സമ്മതമാരുന്നു. അങ്ങനെ കളി തുടങ്ങി. ഈ കുഴിയില്‍ കൂടിയുള്ള കളിയുണ്ടോ ഇവന്മാര്‍ക്ക് വശം ഉള്ളു, അങ്ങനെ കണ്ടാല്‍ അതിഭയങ്ങരന്മാരായ യുണിയന്‍കാരുടെ ടീം ഞങ്ങള്‍ കൊറച്ചു പിള്ളേരോട് ദയനീയമായി പരാജയപെട്ടുകൊണ്ടിരുന്നു. ദിവസവും ഇതാവര്‍ത്തിച്ചപ്പോള്‍ അവര്‍ കയ്യാങ്കളിയിലേക്ക് തിരിഞ്ഞു. അങ്ങനെ പരസ്പരം വഴക്കും വക്കാണോ ആയി. കേസ് വികാരി അച്ഛന്റെ അടുത്തും എത്തി. 

അങ്ങനെ ഒരു ദിവസം പതിവുപോലെ പരസ്പരം അലമ്പൊണ്ടാക്കി നിക്കുമ്പോഴാണ്  വികാരി അച്ഛന്‍ അങ്ങോട്ടേക്ക് എത്തിയത് . മൊത്തത്തില്‍ എല്ലാരേം ഒന്ന് നോക്കിയ ശേഷം അച്ഛന്‍ പറഞ്ഞു
“ആരും കളിക്കണ്ട വഴക്കിനും വക്കാണത്തിനും ഒന്നും എനിക്ക്  സമയം ഇല്ല, അല്ലങ്കില്‍ തന്നെ സ്കൂള്‍ ഗ്രൌണ്ട് ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്കുള്ളതാ, എന്താ എല്ലാര്‍ക്കും പറഞ്ഞത്‌ മനസ്സിലായില്ല എന്നുണ്ടോ”
വഴക്ക് തീര്‍ക്കാന്‍  വരുന്ന വികാരി അച്ഛന്‍ ഞങ്ങളുടെ കൂടെ നിക്കുമെന്നും പൊതുവേ യുണിയന്‍കാരേം തൊഴിലാളി വര്‍ഗത്തേം പുരോഹിത വര്‍ഗത്തിന് വെറുപ്പയതിനാല്‍ ഇവന്മാരെ  സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും പുറത്താക്കി ഞങ്ങള്‍ക്ക് കളിസ്ഥലം പതിച്ചു നല്‍കുമെന്നും കരുതി അച്ഛനെ പോയി വിളിച്ചോണ്ട് വന്ന ഞങ്ങള്‍ക്കിട്ടു ഇതൊരുമാതിരി ഇരുട്ടടി കിട്ടിയ പോലെ ആയി. 

“അല്ലച്ചോ ഞങ്ങളൊക്കെ ഈ  പള്ളിക്കുടത്തില്‍ പഠിച്ചിട്ടുള്ളതാ അപ്പൊ പിന്നെ ഗ്രൗണ്ടില്‍ കളിക്കാന്‍ ഞങ്ങള്‍ക്കും ഇല്ലേ ചില അവകാശങ്ങള്‍ ഒക്കെ” യുണിയന്‍കാരുടെ നേതാവ് ഗോവാലന്‍ ഇത് ചോദിച്ചതും അവന്മാരെല്ലാം കൂടി അച്ഛന് ചുറ്റും കൂടി  വട്ടത്തില്‍ നിന്ന് മുദ്രാവാക്യം വിളി തുടങ്ങി
“നേടിയെടുക്കും നേടിയെടുക്കും അവകാശങ്ങള്‍ നേടിയെടുക്കും
തൊഴിലാളി ഐക്യം സിന്ദാബാദ്‌ തൊഴിലാളി സമരം സിന്ദാബാദ്‌”
അച്ഛന്‍ ഒന്ന് വിയര്‍ത്തു, പിന്നെ ധൈര്യം വീണ്ടെടുത്ത്‌ അവരോടായി പറഞ്ഞു
“അല്ല ഞാന്‍ പറഞ്ഞു വന്നത് പറയാന്‍ ഉദ്ദേശിച്ചത് നിങ്ങള്‍ കളിക്കണ്ട എന്നല്ല, ആ കുട്ടികളെ കൂടെ കളിപ്പിച്ചു കൂടെ എന്ന് ചോദിക്കാനാണ്, അവരും ഈ സ്കൂളില്‍ പഠിച്ചവരല്ലേ. അതുമാത്രം അല്ല ഈ പറമ്പ് മുഴവന്‍ കല്ലും മണ്ണും കുഴിയും നിറഞ്ഞിരിക്കുവാ നിങ്ങള്‍ എല്ലാരും കൂടി ഉത്സാഹിച്ചു ആ കല്ലോക്കെ ഒന്ന് മാറ്റി ഇട്ടാല്‍ ഞാന്‍ ഉടനെ തന്നെ ടിപ്പറിനു മണ്ണടിച്ചു കുഴികള്‍ മുഴ്വന്‍ നികത്തി തരാം അപ്പൊ പിന്നെ നിങ്ങള്‍ക്ക് നന്നായി കളിക്കാമല്ലോ.  
നിങ്ങളില്‍ ആരാണോ ഈ കല്ല്‌ മുഴ്വന്‍ മാറ്റുന്നെ അവര്‍ക്കിവിടെ തുടര്‍ന്നും കളിക്കാന്‍ യാതൊരു തടസങ്ങളും ഉണ്ടാകുന്നതല്ല “
ഇത് പറയുമ്പോ അച്ഛന്‍റെ കണ്ണുകളില്‍ പഞ്ചാബി ഹൌസിലെ ജനാര്‍ദ്ദനന്‍റെ (നിങ്ങളില്‍ ആര്‍ക്കാ നന്നായി ഷൂ പോളിഷ് ചെയ്യാന്‍ അറിയാവുന്നെ) നിഷ്കളങ്കത ആയിരുന്നില്ല പകരം ഗൂഡമായ മറ്റെന്തോ ആയിരുന്നു.

അച്ഛന്‍ ഇത്രേം പറഞ്ഞപ്പോഴേക്കും ഞങ്ങള്‍ എല്ലാം സ്ഥലം വിട്ടിരുന്നു, കേരള കോണ്ഗ്രസ്സ്കാരടെ മക്കളെ കൊണ്ടാ അച്ഛന്‍ കല്ല്‌ ചുമപ്പിക്കാന്‍ നോക്കുന്നെ, അച്ഛന്‍ മനസ്സില്‍ കാണുമ്പോ ഞങ്ങള്‍ മരത്തെ കാണും.

എന്നാല്‍ എന്നും ചൂഷണങ്ങള്‍ക്ക് വിധേയരാവുന്ന തൊഴിലാളി വര്‍ഗം ഇവിടെയും ക്രൂരമായി വഞ്ചിക്കപ്പെട്ടു. കല്ലേല്‍ തോടണേല്‍ കാശ് ചോദിക്കുന്നവന്മാര് അഞ്ചു പൈസ പോലും വാങ്ങാതെ അവിടെ കിടന്ന കല്ല്‌ മുഴ്വന്‍ ചുമന്നു മാറ്റി. ഞങ്ങള്‍ എല്ലാം കാഴ്ചക്കാരായി നിക്കുമ്പോ ഗോവാലനും കൂട്ടരും വലിയ ഉരുളന്‍ കല്ലുകള്‍ തലച്ചുമടെ എടുത്തു മാറ്റുന്ന കാഴ്ച കണ്ടാല്‍ ഏതു വികാരി അച്ഛനും ഇവര്‍ക്കെതിരെ ഇടയലേഖനം വായിക്കാന്‍ ഒന്നുമടിക്കും.

ഞങ്ങള്‍ വിചാരിച്ച പോലെ തന്നെ സംഭവിച്ചു അച്ഛന്‍ മണ്ണടിച്ചു പക്ഷെ കുഴി നികത്തിയില്ല എന്ന് മാത്രമല്ല അവിടെ ഇനിം ഒരു തരത്തിലും കളിക്കാന്‍ പറ്റാത്ത വിധം ആയിരുന്നു മണ്ണ് കൊണ്ടേ ഇറക്കിയത്. കൊറേ നാള്‍ ഗോവാലനും കൂട്ടരും അച്ചനെ തെറി പറഞ്ഞു നടന്നു അവസാനം അവരും അത് മറന്നു തുടങ്ങി ....
പക്ഷെ ഇന്നവിടെ നല്ല ഒരു ഗ്രൌണ്ട് ഉണ്ട്, കളിക്കാന്‍ ആളില്ല എന്നതാണ് സങ്കടം ..ഞങ്ങള്‍ നിറഞ്ഞു കളിച്ചിരുന്ന നെല്പാടങ്ങളും, റബ്ബര്‍ തോട്ടങ്ങളും കളിക്കാന്‍ ആരും ഇല്ലാതെ വെറുതെ കിടക്കുന്നു ...
ഈ കുട്ടികള്‍ ഒക്കെ എവിടെപ്പോയി  ...
വീട്ടില്‍ അച്ഛനമ്മമാര്‍ മനസപുത്രിയിലും പാരിജാതത്തിലും അഭയം തേടുമ്പോള്‍ കുട്ടികളും അവരുടെ വഴിയെ നീങ്ങുകയാണ് എന്നതാണ് ദുഖകരമായ വസ്തുത...