ജീവിത യാത്രയില്‍ അപൂര്‍വ്വം സംഭവിക്കുന്ന ചില നിമിഷങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.

Thursday, February 11, 2010

ഒരു ക്യാമ്പസ് ഇന്റര്‍വ്യൂ കഥ





അടുത്തത് ഇനിം എന്‍റെ ഊഴമാണു ..മനസില്‍ നല്ല ടെന്‍ഷന്‍ ഉണ്ട്. ചിലരെല്ലാം എങ്കിലും സന്തോഷത്തോടെയാണ് ഇറങ്ങി വരുന്നത്. വളരെ കുറച്ചു vacancy മാത്രമേ ഉള്ളു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇപ്പോള്‍ തന്നെ അത് ഫില്‍ ആയി കാണും. ആദ്യമായാണ് ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നത്. dressing എല്ലാം പെര്‍ഫെക്റ്റ്‌ പക്ഷെ ഒരു ആത്മവിശ്വസമില്ലായ്മ,എന്തിന്റെയോ ഒരു ടെന്‍ഷന്‍, ഞാന്‍ ഒരു മണ്ടന്‍ ആണന്നു അവര്‍ക്ക്  തോന്നുമോ?  നിസാര ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം പറയാന്‍ കഴിഞ്ഞില്ലേല്‍ നാണക്കേടല്ലേ.. ഇങ്ങനെ ഓരോന്നും മനസില്‍ വിചാരിച്ചിരിക്കെ എന്‍റെ പേര് വിളിച്ചു....        
തമ്പുരാനെ ...കാത്തു രക്ഷിക്കണേ ..സകല ദൈവങ്ങളേം വിളിച്ചു പ്രാര്‍ത്ഥിച്ചു ഞാനാ മുറിയിലേക്ക് കയറി ചെന്നു.
ഇതാരോക്കെയാ ഈ ഇരിക്കുന്നെ...എന്‍റെ ടെന്‍ഷന്‍ എല്ലാം പമ്പ കടന്നു.
ജ്യോതികസിമ്രാന്‍, ശോഭന തുടങ്ങിയ ഒന്നാം നിര നടിമാര്‍ ഒരു വശത്തും കനകലതബീന ആന്റണിതുടങ്ങിയ സീരിയല്‍ / സിനിമ നടിമാര്‍ മറുവശത്തും ...ഹോ ..ഇതിനാണോ ഞാന്‍ ടെന്‍ഷന്‍ അടിച്ചേ..എന്‍റെ പൊന്നെ...എന്നെ ചോദ്യം ചോദിച്ചു കൊല്ലു ...

നിന്നെ കൊല്ലാമെടാ...സുര്യന്‍ ആസനത്തില്‍ ഉദിക്കും വരെ കിടന്നുറക്കംഎന്നിട്ട് അവന്‍റെ സ്വപ്നം കാണിച്ച..ങേ ഞെട്ടിയുണര്‍ന്ന എന്നെ നോക്കി ഗോഡ് ഫാദറിലെ ഫിലോമിനയെപ്പോലെ അമ്മ അലറുന്നുണ്ടായിരുന്നു.  
നല്ലൊരു സ്വപ്നം നഷ്ടപെട്ടതിന്‍റെ ദേഷ്യത്തില്‍ കാലത്തെ കാപ്പി കുടി വേണ്ടാന്ന് വച്ചുഅങ്ങനെ എങ്കിലും അമ്മയോട് ഒരു പ്രതികാരം ചെയ്തില്ലേല്‍ എന്‍റെ മനസാക്ഷി എന്നോട് പൊറുക്കില്ല.

8 .30ന്റെ ജീസസ്  കിട്ടിയില്ലേല്‍ പിന്നെ വരുന്ന ബസേല്‍ ഒരു യുദ്ധത്തിനുള്ള ആള് കാണും. ഓ.. ഭാഗ്യത്തിന് അവന്‍ സ്റ്റാന്റ് വിട്ടിട്ടില്ല .ആ ചെകുത്താന്‍ കണ്ടക്ടര്‍ കാണല്ലേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാ ഞാനാ സീറ്റെല്‍ ഇരുന്നത്. എന്താണന്നു അറിഞ്ഞു കൂടാ ഞാന്‍ ആകപ്പാടെ അടക്ക വലിപ്പം ഉള്ളകൊണ്ടാനോന്നും അറിയില്ല മറ്റാരോടും ഇല്ലാത്ത ഒരു വാത്സല്യം ആ കണ്ടക്ടുര്‍ക്ക് എന്നോട് ഉണ്ടാരുന്നു. ഞാന്‍ സീറ്റില്‍ ഇരുന്നാ യാത്ര ചെയുന്നേല്‍ എവിടുന്നേലും ഒരു അപ്പച്ചനെയോ കാല് വയ്യാത്ത ആളെയോ കൃത്യമായി എന്‍റെ അടുത്തേക്ക് പറഞ്ഞു വിടുകയും തല്‍ഫലമായി സീറ്റ് നഷ്ടപെട്ട എന്നെ നോക്കി പുച്ചഭാവത്തില്‍ ഒരു ഇളിയും പാസ്സാക്കി പോവുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്‍റെ ഒരു ഇഷ്ട വിനോദമായിരുന്നു.  

പണ്ടെങ്ങാണ്ട്  ST കാര്‍ഡ്‌ ചോദിച്ചപോ തന്തക്കു വിളിച്ചതിന്  ഇങ്ങനെ പ്രതികാരം ചെയ്യണോഒന്നുവല്ലേലും ഞാനൊരു കൊച്ചു പയ്യനല്ലേ. ദുഷ്ടന്‍..ഇന്നും ആ പരമ നാറി തന്നെ കണ്ടക്ടര്‍..
വെറുതെ അവനെ കൊണ്ട് പറയിക്കാതെ നേരത്തെ എഴുനേറ്റു നിക്കാം എന്ന് ഞാന്‍ വിചാരിച്ചു.
എന്നിട്ടും സീറ്റ് നോക്കി അവന്‍റെ ഒരു ചോദ്യം "ഇരിക്കുന്നില്ലേ..."
പോടാ നാറി.....മനസില്‍ പറഞ്ഞു...
"ഓ നമ്മളൊക്കെ ഇവിടെ നിന്നോളം ... അധികം ഇരുത്തല്ലേ ..."
നല്ല ഒരു മറുപടി പറഞ്ഞ സന്തോഷത്തില്‍ നിക്കുമ്പോള ആ നാറി എന്‍റെ ഫീലിംഗ്സെ  തൊട്ടു കളിച്ചേ..  
"അതിനു മോകളിലത്തെ കമ്പിയെ പിടിക്കാന്‍ നിനക്കെത്തുമോട...."
മനസ് മുഴ്വന്‍ ആ ചെറ്റയോടുള്ള കലിപ്പുംവിദ്വേഷവും നുരഞ്ഞു പൊങ്ങി,
കൂടെയുള്ള "അവന്‍മാര്‍" കേട്ടതില്‍ എനിക്കു വിഷമം ഒന്നും ഇല്ലാരുന്നുപക്ഷെ BCA -യിലെ റീമയുംസുമിയും അത് കേട്ട് ചിരിക്കുന്ന കണ്ടപ്പോള്‍ സഹിച്ചില്ല.

വിശന്നു കൊടല് കരിയാന്‍ തുടങ്ങി...
ബസ്സില്‍ നിന്നിറങ്ങി നേരെ അന്തോണിയുടെ കടയില്‍ നിന്നും  രണ്ടു ദിവസത്തെ പഴക്കമുള്ള മൊട്ട പപ്സും തോരണം പേപ്പര്‍ വെള്ളത്തില്‍ കലക്കിയപോലത്തെ ഡ്രിങ്ക്സും കഴിച്ചപ്പോലാണ് ശ്വാസം നേരെ വീണത്‌.
അന്തോണി...   പതിനാറില്‍ ഒരു ആറ്....(അന്തോണി പിന്നെ പറ്റു ബുക്കില്‍ തനിക്കു ഇഷ്ടമുള്ളത് എഴുതിക്കോളും  ) ഇതും പറഞ്ഞു ക്ലാസ്സിലേക്ക് ഓടുകാരുന്നു.

ഗീര്‍വാണ വീരന്‍ സുമേഷ് സര്‍ ക്ലാസ്സ്‌ എടുത്തു നശിപ്പിച്ചു കൊണ്ട് ഇരിക്കുമ്പോള ആ സന്തോഷ വര്‍ത്തമാനം ഞങ്ങള്‍ അറിയുന്നെഞങ്ങടെ കോളേജില്‍ ഒരിക്കലും നടക്കില്ല എന്ന് ഞങ്ങള്‍ കരുതിയ ക്യാമ്പസ്‌ ഇന്റര്‍വ്യൂ...
എല്ലാരുടെം മുഖത്ത് ജോലി കിട്ടിയ ഒരു പ്രതീതിഒരു സന്തോഷം.  16  സപ്ലി ഉള്ള മൈക്കളും, 12 എണ്ണം ഉള്ള ഞാനും ബാക്കി ഞങ്ങടെ ഇടയില്‍ കിടന്നു കളിക്കുന്ന ഒരു പറ്റം കൂട്ടുകാരും ജോലി ഉറപ്പിച്ച മട്ടില്‍ അഹങ്കാരികളായി മാറുകയും ചെയ്തു. പക്ഷെ ഇന്റര്‍വ്യൂ കോളേജില്‍ വച്ചല്ലപാലയില്‍ അര്‍ബന്‍ ബാങ്കിന്‍റെ മുകളിലത്തെ നിലയില്‍. അപ്പൊ നാളെ ക്ലാസ്സില്‍ വരേണ്ട കാര്യം ഇല്ല . പിന്നെയുള്ള കൂട്ടായ ചര്‍ച്ചയില്‍ പലരും പല ആശയങ്ങളും ഉന്നയിച്ചു എങ്കിലും ഇന്റര്‍വ്യൂ കഴിഞ്ഞാല്‍  കല്ലെപ്പള്ളി ഷാപ്പീന്ന് കള്ളും  കപ്പേം എന്നുള്ള  ഗോപല്ജിയുടെ ആശയത്തെ എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ആ തീരുമാനത്തില്‍ സഭ പിരിച്ചു വിടുകയം  ചെയ്തു.

കാലത്ത് തന്നെ കുളിച്ചു റെഡി ആയി ഷാപ്പിലേക്ക് അല്ല ഇന്റര്‍വ്യൂവിനു ചെന്നു. നമ്മടെ  കോളേജ്  മുഴവന്‍ ഉണ്ടല്ലോ. മൈക്കിളിന്റെ ഇരുപ്പു കണ്ടാല്‍ തോന്നും അവനാ   ഇന്റര്‍വ്യൂ നടത്തുന്നെന്നു. തെണ്ടി 16 സപ്പ്ലി ഉണ്ട് എന്നിട്ടും എന്തോരഹങ്കാരം. ജോലിക്കാര്യം വന്നതോടെ എല്ലാരും പരസ്പരം ശത്രുക്കളെ പോലെ പെരുമാറാന്‍ തുടങ്ങി. ഗോപാല്‍ജി രാവിലെ തന്നെ രണ്ടു കീറിയേച്ച വന്നെക്കുന്നെ എന്ന് തോന്നുന്നു.  

ഒരു സുന്ദരിക്കോത വന്നു ഏല്ലാര്‍ക്കും ഓരോ ഫോം തന്നുഇനിം ഗ്രൂപ്പ്‌ തിരിക്കും അത്രേ..അപ്പൊ ഒറ്റയ്ക്ക് ഒറ്റക്കല്ല ഇന്റര്‍വ്യൂഹാവു..പകുതി ടെന്‍ഷന്‍ ഒഴിവായി. ഞാനും മൈക്കിളുംഗോപല്‍ജിയും പിന്നെ നമ്മടെ കല്ലേപ്പള്ളി ഷാപ്പ്‌  ടീം മിക്കവരും ഒറ്റ  ഗ്രൂപ്പില്‍. ഇവന്മാര്‍ക്ക് നമ്മളെ മനസിലായോഅല്ലേല്‍ ഇങ്ങനെ ഒത്തു വരുമോ?  

ഞങ്ങളെ ഒരു റൂമിലേക്ക്‌ വിളിച്ചു...അവിടെ ഞങ്ങളെ കാത്തു ഒരു നോര്‍ത്ത് ഇന്ത്യക്കാരന്‍ ആണന്നു തോന്നുന്നുസ്വയം മഹേഷ്ജി എന്ന് പരിചയപെടുത്തിയ ആള്‍ കുറച്ചു നേരം ചില വാചക കസര്‍ത്തുകള്‍ ഒക്കെ കാഴ്ച വച്ചെങ്കിലും,മൈക്കിളിന്റെ ഉച്ചസ്ഥായിലുള്ള ഒരു കോട്ടുവാ അദ്ദേഹത്തിന് ഞങ്ങളെ പറ്റി നല്ല മതിപ്പുളവാക്കുകയും തല്‍ഫലമായി "introduce yourself " എന്നാ കലാ പരിപാടിയിലേക്ക് കടക്കുകയും ചെയ്തു.   

ഇങ്ങനെ ഒരു കലാപരിപാടി എല്ലാ ഇന്റര്‍വ്യൂവിനും ചോദിക്കാറുള്ള കൊണ്ട്  ഞങ്ങള്‍ എല്ലാവരും വളരെ പ്രിപയര്‍ ആയിരുന്നു. പക്ഷെ ഗോപാല്‍ജി കാലതത്തെ കെട്ടു വിടാത്ത കൊണ്ടാണോ എന്തോ ഹോബീസ് പറഞ്ഞ കൂട്ടത്തില്‍ "drinking " എന്ന് പറഞ്ഞോ ഈശ്വരാ ..വാളു വച്ചില്ലല്ലോ ഭാഗ്യം.  

അങ്ങനെ പരിപാടിയുടെ അവസാന ഘട്ടത്തിലേക്ക്  കടന്നു. എല്ലാം വളരെ ജോര്‍ ആയിരുന്നു പക്ഷെ  മുഴ്വന്‍ സമയവും മഹേഷ്ജി തന്നെ സംസാരിച്ചത് കൊണ്ട് ഞങ്ങളുടെ ഇംഗ്ലീഷ് പരിജ്ഞാനം മുഴ്വന്‍ പ്രകടിപ്പിക്കാന്‍ സാധിച്ചില്ല എന്നൊരു  കുന്ടിതം ഇല്ലാതില്ല. പുള്ളി ലിസ്റ്റ് എടുത്തിട്ടുണ്ട് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ട് പിന്നെ അറിയിക്കാം എന്ന് പറഞ്ഞു. അങ്ങനെ ഓരോരുത്തരായി കളം വിടാന്‍ തുടങ്ങി. അവസാനം ഇറങ്ങാന്‍ നിന്നത് ഞാനും മൈക്കളും ആരുന്നു. പുള്ളിയെ എങ്ങനെ impress ചെയ്യിക്കാം എന്ന് കൂലംകഷമായി  ചിന്തിച്ചു കൊണ്ടാണ് ഞാന്‍ അടുത്തേക്ക് ചെന്നത്, മൈക്കള്‍ എന്നേം പുള്ളിക്കാരനേം മാറി മാറി നോക്കുന്നുണ്ട്..

ഞാന്‍ രണ്ടും കല്പിച്ചു അങ്ങ് ചോദിച്ചു, 
"May I Know Your good name please "

സംസാരത്തിനിടെ ഒരു നൂറു പ്രാവശ്യം എങ്കിലും "I 'm മഹേഷ്ജി" എന്ന് പറഞ്ഞ മനുഷ്യനോടാണ് ഞാന്‍ ഈ കൊടും ചോദ്യം ചോദിച്ചത്.  

എന്നാലും സമനില വിടാതെ "I  am  mahesh you can call me മഹേഷ്ജി" എന്ന് പറഞ്ഞ ആ മനുഷ്യനെ ഞെട്ടിച്ചു കൊണ്ടാണ് എന്‍റെ പുറകില്‍ നിന്ന മൈക്കള്‍ ആ ചോദ്യം ചോദിച്ചത് 

"Also your good name please sir"

ഈ ചോദ്യം കെട്ടു കണ്ണ് തള്ളിയിരിക്കുന്ന മഹേഷ്ജിയേം, എന്‍റെ ഇംഗ്ലീഷ് എങ്ങനെ ഉണ്ട് എന്ന് ഭാവത്തില്‍ എന്നെ നോക്കുന്ന  മൈക്കിളിന്റെയും   മുഖം 
ഈശ്വര ഞാന്‍ എങ്ങനെ മറക്കും. 

കല്ലെപ്പള്ളി ഷാപ്പിലേക്ക് ഓടുകാരുന്നു, ഗോപാല്‍ജി വീഴും മുന്‍പേ ഈ വിവരം അറിയിക്കാന്‍ ...










         



Thursday, January 28, 2010

ലാടവൈദ്യന്‍



ടപ്പേ...വലിയൊരു ശബ്ദം കേട്ടാണ് ഞാന്‍ രാവിലെ എഴുനേറ്റു മുറ്റത്തേക്ക് ചെന്നത്. അച്ഛന്‍ വലിയ  ഒച്ചയില്‍ അമ്മയെ ശകാരിക്കുന്നത് അകലേന്നെ കേള്‍ക്കാം.
"ഒരു നൂറു പ്രാവശ്യം പറഞ്ഞിട്ടുണ്ട് വഴീക്കുടെ കൊണ്ട് വരുന്ന ഒരു സാധനോം മേടിക്കരുതെന്നു..അതെങ്ങനാ പറഞ്ഞാല്‍ കേള്‍ക്കത്തില്ലല്ലോ."
ഒരു പൊട്ടിയ ബക്കറ്റുമായി അച്ഛന്‍ നില്‍പ്പുണ്ട് അടുത്ത് ഒന്നും മിണ്ടാതെ അമ്മയും.

"വഴീക്കുടെ കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് ഗുണനിലവാരം വളരെ കുറവാരിക്കും. അത് കൊണ്ടാ അവര്‍ക്കത് വില കുറച്ചു വില്‍ക്കാന്‍ പറ്റുന്നെ മനസ്സിലായോ.."
അമ്മ കുറ്റബോധം കൊണ്ട് യന്ത്രമായി നില്‍ക്കുകയായിരുന്നു..

എത്രയോ പ്രാവശ്യം പറഞ്ഞ കാര്യം തന്നെയാ അച്ഛന്‍ വീണ്ടും പറയുന്നേ എന്നോര്‍ത്തപ്പോള്‍ ചിരിയാണ് വന്നത്..രാവിലത്തെ ഉറക്കം നഷ്ടപെട്ട വിഷമത്തില്‍ ഞാന്‍ തിരിച്ചു റൂമിലേക്ക്‌ നടന്നു.

അമ്മ അങ്ങനെ ആണ് ഏത് വഴി കച്ചവടക്കാര്‍ വന്നാലും അമ്മ എന്തെങ്ങിലും വാങ്ങും..അധികം താമസിയാതെ അത് കേടാകുവേം ചെയ്യും
അച്ഛനാണേല്‍ നേരെ തിരിച്ചും...വില്‍ക്കാന്‍ വന്നവനുമായി അതിന്റെ ഗുണനിലവാരത്തെ പറ്റി തര്‍ക്കിച്ചു അവനെ കൊണ്ട് ആ പണി തന്നെ നിര്തിച്ചേ അച്ഛന്‍ വിട്ടിരുന്നുള്ളൂ..

ഹാച്ച്ഹീ...ഹാച്ചീ..ഞാന്‍ തുമ്മല്‍ തുടങ്ങി രാവിലെ എഴുനേറ്റു പോയാല്‍ പിന്നെ എനിക്കു ഭയങ്കര തുമ്മല്‍ ആണ്.
ഹോ ഈ ചെറുക്കന്റെ തുമ്മല്‍ കൊണ്ട് ഞാന്‍ തോറ്റു അതിനെ നല്ല ഒരു ഡോക്ടറിനെ കാണിക്കണം..ആകെയുള്ള ഒരാണ്‍കൊച്ചാ അതിങ്ങനെ തുമ്മി കൊണ്ട് നടന്നാല്‍ ശരിയാവത്തില്ല..അമ്മ
പറഞ്ഞ് നിര്‍ത്തും മുന്‍പ് വന്നു അച്ഛന്‍റെ കമ്മന്റ്
അതെങ്ങനാ വല്ല മരുന്നും മേടിച്ചു കൊടുത്താല്‍  kazikkuvo.

പല ഡോക്ടര്‍മാരേം കാണിച്ചു ഓരോരുത്തരും ഓരോ അഭിപ്രായം പറയും..
ഒരാള്‍ പറഞ്ഞു മൂക്കിന്റെ പാലം ചെരിഞ്ഞാ അത് കൊണ്ടാണ്..വേറൊരാള്‍ പറഞ്ഞു കാലത്തെ എഴുനേക്കണ്ട അതെ ഉള്ളു ഇതിനൊരു പ്രതിവിധി.
എന്തോ എനിക്ക ഡോക്ടറെ ക്ഷ ബോധിച്ചു..
അങ്ങനെ എല്ലാരുടേം സമ്മതത്തോടെ രാവിലെ കിടന്നുറങ്ങുക ഒരു വല്ലാതെ സുഖം തന്നെ.




മറ്റൊരു ദിവസം അചന്റെ ഉച്ചത്തിലുള്ള തമിഴ് കേട്ടാണു ഞൻ കണ്ണു തുറന്നതു. ഞാനും കൂടി അങ്ങൊട്ടു ഇറങ്ങി ചെന്നപ്പൊൾ അച്ചന്റെ തമിഴ് പേച്ചു കൂടി. ഏതൊ ഒരു തമിഴൻ, കയ്യിൽ ഒരു ഭാണ്ടകെട്ടും ഉണ്ടു അചന്റെ തമിഴ് കേട്ടു വായും പൊളിചു നിക്കുവാ. അയാൾ തിരിച്ചു തമിഴ് കലർന്ന മലയാളം ആണു പറയുന്നെ.

എന്നതാ അച്ചാ ഈ പറയുന്നെ...
മലയാളത്തിൽ പറഞ്ഞാൽ അയാൾക്കു മനസ്സിലാകുമല്ലൊ.

“തമിഴന്മാരൊടു തമിഴിൽ സംസാരിച്ചാൽ അവർക്കു നമ്മളൊടു ഇഷ്ടം കൂടുമത്രെ

നമ്മളെ അവര്‍ കൂട്ടത്തില്‍ ഒരുത്തനായി കാണും"
ഇത് അച്ഛന്‍ എന്നോട് രഹസ്യമായി പറഞ്ഞതാ..


"അല്ല അതൊക്കെ ഇരിക്കട്ടെ ഇയാള്‍ ആരാ ..."
"എടാ ഇയാള്‍ ഒരു ലാടവൈദ്യനാ ഇയാളുടെ കയ്യില്‍ നിന്‍റെ തുമ്മലിനും ജലധോഷതിനുമുള്ള മരുന്നുണ്ട്.  ഇവരീ കാട്ടീക്കുടെ ഒക്കെ നടക്കുന്നവരാ സകല പച്ചമരുന്നും ഇവരുടെ കയ്യില്‍ കാണും. നമക്കൊന്നു പരീക്ഷിച്ചു നോക്കാം എന്താ..."


എനിക്ക ലാടവൈദ്യനെ അത്ര ബോധിച്ചില്ല. ഒന്നാമതെ ഇയാള്‍ തരുന്ന മരുന്നെങ്ങാന്‍ കഴിച്ചു അസുഖം മാറിയാല്‍ പിന്നെ കാലത്തെ കിടന്നുറങ്ങുന്ന കാര്യം വല്യ കഷ്ടാകും.
പിന്നെ മൊത്തത്തില്‍ അയാളെ കണ്ടാല്‍ ഒരു വശ പിശക് ലുക്കാ..


അച്ഛനാണേല്‍ ഭയങ്കര വിശ്വാസത്തില്‍ നിക്കുവാ.


"അപ്പൊ ഈ മരുന്നൊക്കെ ഉണ്ടാക്കി കയ്യില്‍ വച്ചിരിക്കുവാണോ? "ഞാനെന്‍റെ ഒരു സംശയം ചോദിച്ചു.
അല്ല തമ്പീ...തമ്പീ കയ്യേ കാട്ട്...
കുറച്ചു നേരം കണ്ണടച്ച് ധ്യാനിച്ച് കൊണ്ട് അയാള്‍ എന്‍റെ പള്‍സ്‌ നോക്കി.
"തമ്പീ ഉങ്കള്‍ക്ക്‌ വാത കഫ്  പിത്ത ദോഷങ്ങള്‍ ഉണ്ട്..
പേടി വേണ്ട എന്‍ കയ്യില്‍ മരുന്നിരിക്ക്.
ഞാന്‍ ഒരു ചെരിയ കുറിപ്പ് തരാം അന്ത മരുന്തെല്ലാം വെളിന്നു വാങ്കണം.
ബാക്കി മരുന്തെല്ലാം എന്‍ കയ്യില്‍ ഇരിക്ക്."


ലിസ്റ്റ് കിട്ടിയ പടി അച്ഛന്‍ പുറത്തേക്കു പോയി. അമ്മയും അനിയത്തീം എല്ലാം കണ്ടോണ്ടു നിക്കുവാരുന്നു.
"അമ്മെ ഇയാളെ കണ്ടിട്ട് ഒരു കള്ള ലക്ഷണമുണ്ട്. അയാളുടെ വായില്‍ നിന്നും ഭയങ്കര ഗ്രാംബുവിന്റെ  മണം. സാധാരണ വെള്ളമടി കഴിഞ്ഞു മണം പുറത്തു വരാതിരിക്കാനാണ് ആള്‍ക്കാര്‍ വെറുതെ ഗ്രാമ്പൂ കഴിക്കുന്നെ"
ഞാനെന്‍റെ പൊതുവിജ്ഞാനം അമ്മയോട് പങ്കുവെച്ചു.
"ഏയ് നിന്‍റെ അച്ഛനെ അങ്ങനെ വല്ലോം പറ്റിക്കാന്‍ പറ്റുവോ ഗ്രാമ്ബൂവിന്റെ ഒന്നും
മണം ആവത്തില്ല. കയ്യില്‍ മുഴ്വന്‍ പച്ചമരുന്നുകളല്ലേ പച്ചമരുന്നു..അതിന്‍റെ മണം ആയിരിക്കും."
എന്നാ അതിന്‍റെ ആരിക്കും ഞാനും  വിചാരിച്ചു  ...


അല്‍പ സമയങ്ങല്‍ക്കകം അച്ഛന്‍ സാധനങ്ങളുമായി എത്തി. ഇത്ര രാവിലെ കട തുറക്കുമോ എന്ന് ഞാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ എല്ലാരും  ചിരിച്ചു കൊണ്ട് ക്ലോക്കില്‍ നോക്കിയാണ് മറുപടി പറഞ്ഞത്.   ഞാനും ചിരിച്ചു പോയി സമയം 10 മണി.


അപ്പൊ എല്ലാ സാധനങ്കളും ഇരിക്ക്.. എന്‍ കയ്യില്‍ കുങ്കുമപ്പൂ, ആടലോടകം, etc   ..
എന്തൊക്കെയോ കുറെ സാധനങ്ങള് അയാള്‍ എടുത്തു നിരത്തുന്നുണ്ടാരുന്നു...
കുങ്കുമപ്പൂ എന്ന് കേട്ടപ്പോ അച്ഛന്‍റെ മുഖം ഒന്ന് കാണേണ്ടത് ആയിരുന്നു...


"അച്ഛാ ഇതാണോ കുങ്കുമപ്പൂ..."
"പിന്നെ കണ്ടാല്‍ അറിയില്ലേ .."
"ഞാന്‍ കണ്ടിട്ടില്ല അച്ഛന്‍ കണ്ടിട്ടുണ്ടോ? "
"ഞാനും കണ്ടിട്ടില്ല എന്നാലും ഇതാരിക്കും...ഇതൊക്കെ ഇവന്മാരുടെ കയ്യില്‍ കാണുമെടാ.."
പിന്നെ ഞാന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല. "വിശ്വാസം അതല്ലേ എല്ലാം.."    


അയാള്‍ ഈ സാധനങ്ങള്‍ എല്ലാം ആയിട്ടു അടുക്കളേല്‍ കയറി
പിന്നെ മരുന്നുണ്ടാക്കലിന്റെ രണ്ടു മണിക്കൂറുകള്‍.


കുറെ ഇളക്കലിനും അനക്കലിനും ശേഷം മരുന്ന് വാങ്ങി ഒരു ഹോര്‍ലിക്ക്സ് "കുപ്പിയിലാക്കി". ഒരു തരം ലേഹ്യം പോലെ ഒക്കെ ഇരിക്കും കണ്ടാല്‍.


തമ്പീ നല്ല പ്രാര്‍ത്ഥിച്ചു വാങ്കിചോളൂ...daily ഒരു  teaspoon ..അത് പോതും.
അപ്പുറം നാന്‍ വരാ..സാമിക്ക് ഒരു 1500 രൂപ ദക്ഷിണ തന്നോളൂ..


ഇത് കേട്ടതും അച്ഛന്‍റെ മുഖത്തെ രക്തം മുഴ്വന്‍ വാര്‍ന്നു പോയി.
അല്ല വൈദ്യാ ഇത്രേം തുകയകുമോ?   ( അച്ഛന്‍ കുറെ നേരം കൂടി നല്ല മലയാളം പറയുന്ന കേട്ട് കണ്ണ് നിറഞ്ഞു പോയി).


സാമീ ഇതില്‍ കള്ളത്തരമില്ല എല്ലാം റൊമ്പ വിലയുള്ള മരുന്ന്.
ഇത് ഇങ്കയെല്ലാം കിടക്കമാട്ട..കുങ്കുമപ്പൂ എന്നാ വിലാ തെരിയുമാ?


ഞങ്ങള്‍ എല്ലാം തല കുലുക്കി..അച്ഛനും ...
ഞാനാ മരുന്ന് പല ദിവസം കഴിച്ചു...
എന്നും അച്ഛന്‍ വന്നെന്നെ രാവിലെ വിളിക്കും..
എഴുനെട്ടാല്‍ അപ്പൊ തുടങ്ങും തുമ്മല്‍..
പിന്നെ പിന്നെ അച്ഛന്‍ എന്നെ വിളിക്കാതായി...


 ടപ്പേ...വലിയൊരു ശബ്ദം കേട്ടാണ് ഞാന്‍ രാവിലെ എഴുനേറ്റതു...
ഈ   പ്രാവശ്യം അത് അടുക്കളേല്‍ നിന്നരുന്നു. 
ഞാന്‍ ചെന്നപ്പോള്‍ കാണുന്ന കാഴ്ച 
പൊട്ടിയ ലേഹ്യ കുപ്പി നിലത്തു കിടക്കുന്നു  ...വളരെ വിഷാദ ഭാവത്തില്‍ അച്ഛനും അടുത്ത് അമ്മയും നില്‍പ്പുണ്ട്.  


"ഈ വഴീക്കുടെ കൊണ്ടുവരുന്ന സാധനങ്ങള്‍ ഒന്നും മേടിക്കരുത് 
അതിനു ഗുണ നിലവാരം വളരെ കുറവാരിക്കും" 


"പക്ഷെ ഈ പ്രാവശ്യം ഈ ഡയലോഗ് അമ്മയുടെ വകയാരുന്നു എന്ന് മാത്രം " 




      
 








Thursday, October 29, 2009

ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍...

എടാ നിനക്ക് സിനിമയില്‍ അഭിനയിക്കണോ? അച്ഛന്‍റെ പെട്ടെന്നുള്ള ചോദ്യം എന്നെ
ഒന്ന് അമ്പരിപ്പിക്കതിരുന്നില്ല. എങ്കിലും ലാലേട്ടന്‍റെ സിനിമ അല്ലെ ഒന്നഭിനയിച്ചു കളയാം
എന്ന് കരുതിയതില്‍ ഒരു തെറ്റും തോന്നിയിരുന്നില്ല.

"അമ്മു ഫിലിംസിന്‍റെ ബാനറില്‍ ഫാസില്‍ സംവിധാനം ചെയ്യുന്ന mohanlal ചിത്രത്തിലേക്ക് 16 -18 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു."

നിന്നും കിടന്നും ഇരുന്നും കുറെ ഫോട്ടോകള്‍ എടുത്തു ഉടന്‍ തന്നെ പത്രത്തില്‍ കണ്ട വിലാസത്തില്‍ അയച്ചു കൊടുത്തു. ഏകദേശം ഒരു രണ്ടാഴ്ച കഴിഞ്ഞു കാണും. കോളേജ് വിട്ടു വന്ന എന്നെ കാത്തു അമ്മയും അനുജത്തിയും
പുഞ്ചിരിച്ചു കൊണ്ട് വീട്ടു മുറ്റത്തു തന്നെ നില്‍പ്പുണ്ടായിരുന്നു.
"എടാ ..നിന്നെ സിനിമയില്‍ എടുത്തെടാ.."
"എടുത്തിട്ടില്ല അമ്മെ interview ഉണ്ടന്ന പറഞ്ഞെക്കുന്നെ" അനുജത്തി പറഞ്ഞു
പിന്നെ അതൊന്നും സാരമില്ല ഇതൊക്കെ എടുത്തപോലാ..
അമ്മ ഇതും പറഞ്ഞു കൊണ്ട് ആ ടെലെഗ്രാം എന്‍റെ കയ്യില്‍ തന്നു.
വിശ്വസിക്കാനാവാതെ അത് വാങ്ങിച്ച എന്‍റെ മനസ്സില്‍ ഞാന്‍ മുന്‍പ് കണ്ട ഒരു സിനിമയിലെ ഡയലോഗ് ആരുന്നു.
"എടാ എല്‍ദോ നിന്നെ സിനിമയില്‍ എടുത്തെടാ..."

"INTERVIEW AT HOTEL RAIBAN, ALLEPPEY ON ........... "

ഡേറ്റ്‌ ആന്‍ഡ്‌ ടൈം ഇപ്പോള്‍ ഓര്‍ക്കുന്നില്ല. വായനക്കാര്‍ ക്ഷമിക്കുക.

പിന്നെ അച്ഛന്‍റെ അമ്മേടേം മുന്‍പില്‍ അതിഭയങ്കരമായ അഭിനയ കസര്‍ത്തുകള്‍
പൊട്ടന്‍, മന്ദബുദ്ധി, ഭ്രാന്ദന്‍, അംഗവൈകല്യം വന്നവന്‍ ഇതൊക്കെയരുന്നു ഇഷ്ടവേഷങ്ങള്‍.
എന്‍റെ അഭിനയം കണ്ടു അമ്മ ഇരുന്നു കരയുന്നു....ഹോ ഞാന്‍ ഒരു സംഭവം തന്നെ....
ഇതിനിടയില്‍ അച്ഛന്‍റെ വക ചില തിരുത്തലുകള്‍ അങ്ങനെ ചെയ്‌താല്‍ കുറച്ചു കൂടി നന്നാവുമത്രെ.
"എങ്ങനെ ചെയ്യണം എന്നെനിക്കറിയാം എന്നെ കൂടുതല്‍ ആരും പഠിപ്പിക്കണ്ട"
കുറച്ചു സൂപ്പര്‍സ്റ്റാര്‍ ജാടയില്‍ തന്നെ അച്ഛനോട് അത് പറഞ്ഞപ്പോള്‍ വല്ലതോരത്മവിശ്വാസം.

രാവിചേട്ട ഇവന്‍ തകര്‍ക്കും, ഇത്രേം കഴിവുന്ടായേട്ട ഇവന്‍ ഇങ്ങനെ വീട്ടില്‍ തന്നെ കുത്തി ഇരുന്നെ.അമ്മയുടെ അഭിനയിക്കാനുള്ള കഴിവാ എനിക്ക് കിട്ടിയെന്നു അമ്മ അല്ല അച്ഛന്‍റെയന്നു അച്ഛനും.
അച്ഛന്‍ പണ്ട് കഥാപ്രസംഗം ഒക്കെ പഠിച്ചിട്ടുണ്ടാത്രേ
അതെന്താ ഇത്ര പഠിക്കാന്‍ മാത്രം എന്നമ്മ...
അവര്‍ തമ്മില്‍ അങ്ങനെ വഴക്കു നടക്കുമ്പോളും ഞാന്‍ അഭിനയ കളരിയില്‍ പരിശീലനത്തിലാരുന്നു.

പുതിയ ബെല്‍റ്റ്‌, pants , ഷര്‍ട്ട്‌, ഷൂസ് അച്ഛന്‍ യാതൊരെതിര്‍പ്പും കൂടാതെ എല്ലാം വാങ്ങിത്തന്നു. കൂളിംഗ്‌ ഗ്ലാസ്‌ വേണ്ടാന്ന് ഫ്രണ്ട് പറഞ്ഞ കാരണം ഞാന്‍ അതൊഴിവാക്കി. കോളേജില്‍ ഒക്കെ ഭയങ്കര പബ്ലിസിറ്റി. ഭാവിയിലെ നടനെ കാണാന്‍ മറ്റ്‌ ബാച്ചിലെ വരെ പെണ്‍കുട്ടികളുടെ തള്ളി കയറ്റം.

teachers - നൊക്കെ ഭയങ്കര ബഹുമാനം. assignment എഴുതിയില്ലേലും സാരമില്ല സമയമുള്ളപ്പോ തന്ന മതിന്നു രാധാമണി ടീച്ചര്‍.
TV - ല്‍ വരുമ്പോള്‍ ടീച്ചര്‍ ചെയ്ത സഹായം പ്രിത്യേകം ഞാന്‍ പറയുമെന്ന് പറഞ്ഞപ്പോള്‍
"നീ അല്ലേലും ഗുരുത്വമുല്ലോനന്നു ടീച്ചറിനു അറിയാം" എന്നായിരുന്നു രാധാമണി ടീച്ചറിന്റെ മറുപടി.
കഴിഞ്ഞ ആഴ്ച മുഴവന്‍ എന്നെ ക്ലാസിനു വെളിയില്‍ നിര്‍ത്തിയ കാര്യമേ ടീച്ചര്‍ മറന്നിരുന്നു. ...

പ്രിന്‍സിപ്പലിനോട് അവധി ചോദിയ്ക്കാന്‍ കൂട്ടുകാരുടെ അകമ്പടിയോടെ ഉള്ള യാത്ര..
വല്യ നടനോക്കെ ആകുമ്പോള്‍ ഈ പാവം പ്രിന്‍സിപ്പലിനെ ഒന്നും മറക്കല്ലേന്നു പറഞ്ഞപ്പോ...
ഓര്‍മയുണ്ടോ ഈ മുഖം എന്ന് ചോദിക്കാനാ തോന്നിയെ പിന്നെ മനസ്സിനെ അടക്കി തീര്‍ച്ചയായും എന്ന് പറയേണ്ടി വന്നു.

iterview കാര്‍ഡ്‌ കിട്ടിയപ്പോലെ ഇവന്‍ ഇങ്ങനെ ഇക്കണക്കിനു വല്ല നടനും ആയാല്‍ എന്തായിരിക്കും സ്ഥിതി എന്ന് പറയുന്നവരും ഉണ്ടാരുന്നു. അസ്സൂയക്കരുടെ ജല്‍പ്പനങ്ങള്‍ക്ക് മുഖം കൊടുക്കാത്ത ആളായത് കൊണ്ട് ഇതൊന്നും എന്നെ ബാധിച്ചില്ല.

അങ്ങനെ ആ സുദിനം വന്നെത്തി...അച്ഛനും ഞാനും തലേന്നേ ആലപ്പുഴയില്‍ എത്തി. ആലപ്പുഴയുള്ള കൊചിച്ചന്റെ വീട്ടില്‍ ഉറക്കം രാവിലെ ഇന്റര്‍വ്യൂവിന്. എല്ലാം പ്ലാന്‍ ചെയ്ത പോലെ തന്നെ. രാവിലെ ayappole ധൈര്യം ഒക്കെ ചോര്‍ന്നു തുടങ്ങിയിരുന്നു.
പറഞ്ഞ പ്രകാരം ഹോട്ടലില്‍ എത്തി, റിസപ്ഷനില്‍ ഇരിക്കുന്നവര്‍ കൃത്യമായി ഞങ്ങളെ ഇന്റര്‍വ്യൂ നടക്കുന്ന റൂമില്‍ എത്തിച്ചു.

mohanlal കാണുമോ, ഫാസില്‍ കാണുമോ അങ്ങനെ ഒരുപാട് സംശയങ്ങളുമായി ഞാന്‍ ആ മുറിയിലേക്ക് പ്രവേശിച്ചു.പക്ഷെ പരിചയമുള്ള ഒരു മുഖവും അവിടെ കാണാന്‍ സാധിച്ചില്ല.

എന്നെ കണ്ടപാടെ രണ്ടുപേര്‍ അളന്നും മുറിച്ചും ഒക്കെ നോക്കി.
അതിലൊരാള്‍ ...
എന്താ ചെയുന്നെ?
ഡിഗ്രിക്ക് പഠിക്കുന്നു..
എന്തൊക്കെ കളികള്‍ അറിയാം?
ഫുട്ബോള്‍, ക്രിക്കറ്റ്‌ ഒക്കെ അറിയാം
ഇതിനു മുന്‍പ് അഭിനയിച്ചിട്ടുണ്ടോ?
ഇല്ല..
ഓക്കേ അവിടെ ഇരിക്കുന്ന ആ കടലാസില്‍ ഡയലോഗ് ഉണ്ട് അത് പഠിക്കൂ
പഠിച്ചു കഴിയുപൊല് ഞങ്ങളോട് പറയുക

"അമ്മ enikku വലുതാ അത്ര ഒന്നും അല്ലേലും മിനിയും enikku ഇപ്പൊ വലുതാ
അവളെ ഉപേക്ഷിക്കാന്‍ എനിക്കാവില്ല".

അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ ഈ സംഭാഷണം ആരുന്നു എനിക്കായി വച്ചിരുന്നത്.
എന്‍റെ ഹൃദയം പട പട ഇടിക്കാന്‍ തുടങ്ങി...
പഠിച്ചു കഴിഞ്ഞോ?
കഴിഞ്ഞു...കഴിഞ്ഞു..ഞാന്‍ പറഞ്ഞു.
അല്പം കഴിഞ്ഞു അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ eettavum ഇളയ സഹോദരന്‍ ആയി അഭിനയിച്ച വ്യക്തി കടന്നു വന്നു.

ആദേഹം തന്‍റെ കൈ നിവര്‍ത്തി പിടിച്ചു ...
ഇതാണ് അമ്മ..ഇനിം പറഞ്ഞോളു...

അഴകിയ രാവണനിലെ innocent ഇതിലും നന്നായി ചെയ്തു എന്നാണ് എന്‍റെ വിശ്വാസം.
ഞങ്ങള്‍ അറിയിക്കാം..എന്നവര്‍ പറഞ്ഞെങ്ങിലും എനിക്കറിയമാരുന്നു റിസള്‍ട്ട്‌ എന്തായിരിക്കും എന്ന്.
പാവം അച്ഛന്‍ പ്രതീക്ഷയോടെ റൂമിന് വെളിയില്‍ കാത്തു നില്‍ക്കുകയാണ് ...
എന്തയെട..സെലക്ട്‌ ആയോ?
പിന്നെ..അവര്‍ അറിയിക്കാം എന്ന പറഞ്ഞെ..

എന്‍റെ മുഖത്ത് നോക്കിയ അച്ഛന് കാര്യം മനസിലായി..
അല്ലേലും നിനക്കൊക്കെ തിണ്ണ മിടുക്കെ ഉള്ളു..ആ തള്ളേടെ അല്ലെ സ്വഭാവം..

അച്ഛന്‍റെ കാശ് പോയ വിഷമം കൊണ്ടന്നു എനിക്കറിയമാരുന്നു..
ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല...
കോളേജില്‍ ഇനിം എന്ത് പറയും...
ആകപ്പാടെ നാണക്കേടായി...


ഇതെന്നാട സ്ഥിരം പുറത്താണോ? നിനക്കൊന്നും പഠിക്കാന്‍ മേലെ...അതെങ്ങനാ സിനിമേം കളിച്ചു നടക്കുവല്ലേ...മേലാല്‍ ഇങ്ങനെ പുറത്തു നിക്കുന്ന കണ്ടാല്‍..വീട്ടിന്നു ആരെയേലും വിളിച്ചോണ്ട് വന്നിട്ട് ക്ലാസ്സില്‍ കേറിയാ മതി...ഇതുപറഞ്ഞു പ്രിന്‍സിപ്പല്‍ പോയപ്പോലും ...കേട്ട ഭാവം പോലും നടിക്കാതെ രാധാമണി ടീച്ചര്‍ അകത്തു ക്ലാസ്സ്‌ എടുക്കുകയരുന്നു..

എടാ...നീ അഭിനയിക്കാന്‍ പോയ പടം റിലീസ് ആണു നാളെ..
നിന്നെ വിളിക്കുമെന്ന് പറഞ്ഞിട്ട് അവന്മ്മാര് എന്ന പണിയാ കാണിച്ചേ..ഇങ്ങു തന്നെ ആ നമ്പര്‍ ഞാന്‍ ഒന്ന് വിളിച്ചു ചോദിക്കട്ടെ...

ങേ..ആളെ എടുത്തോ...നാളെ റിലീസ് ആണോ? ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍ പടത്തിന്റെ പേരോ..അമ്മ ഇപ്പോഴെങ്ങിലും സത്യം മനസിലാക്കിയ സന്തോഷം ആരുന്നു enikku...

ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍........

Wednesday, April 15, 2009

ആദ്യത്തെ ജോലി

ബംഗ്ലൂര്‍ ഇപ്പോള്‍ ബംഗളൂരു ...ഐ ടി ഉദ്യോഗാര്‍്ഥികളുടെ സ്വപ്ന നഗരം. ഞാനും ജോലി തേടി എത്തിപെട്ടത് ഈ മഹാ നഗരത്തില്‍ തന്നെ. അമ്മയുടെ ഒരു കസിന്‍റെ കൂടെയാണ് ഞാന്‍ താമസം തരപെടുത്തിയത്. എല്ലായിടത്തും കാള്‍ സെന്‍റര്‍ ജോബുകളുടെ മഹാ പ്രളയം. ഒരു ഇലക്ട്രോണിക്സ് ബിരുദ ധാരിയായ എനിക്ക് പറ്റിയ ജോലികളൊന്നും കാണാനായില്ല. എങ്കിലും പ്രതീക്ഷയോടെ എന്നും പേപ്പര്‍ നോക്കുക്ക ഒരു പതിവായിരുന്നു. അങ്ങനെ ഞാനും കാള്‍ സെന്‍റെര്‍ ജോബുകളിലേക്ക് തിരിഞ്ഞു. അല്ലാതെ നിവൃത്തിയില്ലരുന്നു എന്നതാണ് സത്യം. പിന്നെ ആകെയുള്ള timepass സിനിമ കാണല്‍ ആയിരുന്നു. കടുത്ത ഒരു മോഹന്‍ലാല്‍ ഫാന്‍ ആയ ഞാന്‍ ലാലേട്ടന്‍റെ എല്ലാസിനിമകളും വിടാതെ കാണുമായിരുന്നു. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ "a die hard mohanlal fan "

എന്നും സ്ഥിരം കേള്‍ക്കുന്ന ചോദ്യങ്ങള്‍, ജോലി ആയോ? ജോലി ആയോ?ഉത്തരം പറഞ്ഞു ഞാനും എന്‍റെ അച്ഛനമ്മമാരും ഒരുപാടു വിഷമിക്കണ്ട എന്ന് കരുതി കാള്‍ സെന്‍റര്‍ എങ്കില്‍ അങ്ങനെ എന്ന് കരുതി. പക്ഷെ എല്ലായിടത്തും നമ്മുടെ ലാംഗ്വേജ് പ്രശ്നം തന്നെ. പല മിമിക്രി കാണിച്ചു സംസാരിച്ചിട്ടും എല്ലായിടത്ത് നിന്നും കിട്ടുന്ന പ്രതികരണം പതിവു തന്നെ. mothertounge influence. അവര്‍ തന്നെ അതിനൊരു ചുരുക്കെഴുത്തും കണ്ടെത്തി..MTI ആദ്യമൊന്നും മനസിലായില്ല പിന്നെ ഒരു സുഹൃത്താണ് expansion പറഞ്ഞു തന്നത്. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല പിന്നെ പിന്നെ മടുപ്പായി. ഇനിം എന്ത് എന്ന ചോദ്യം മുന്‍പില്‍. എല്ലാരും പറഞ്ഞു software testing. ഇപ്പോള്‍ അതാണത്രേ ട്രെന്‍ഡ്. അമ്മയോട് കാര്യം പറഞ്ഞു..ആ പാവം എനിക്ക് പഠിക്കാനുള്ള പണം ഉടനെ അയച്ചു തന്നു. അങ്ങനെ വളരെ ഉത്സാഹത്തോടെ ഞാന്‍ പഠനം ആരംഭിച്ചു. കൂടെ പഠിക്കുന്ന പലരും വലിയ ശമ്പളത്തില്‍ ജോലിക്ക് കേറുന്നു..ഓ ഈ പ്രാവശ്യം രക്ഷപെട്ടു ഞാന്‍ കരുതി. പക്ഷെ വലിയൊരു പ്രശ്നം ആരും പറഞ്ഞില്ല ഞാനാണേല്‍ അന്വേഷിച്ചുമില്ല എനിക്ക് course കഴിഞ്ഞു gap ഇല്ലത്രേ. എന്ത് gap അല്ലെ..എങ്കില്‍ കേട്ടോളു.. course കഴിഞ്ഞു 2 വര്‍ഷം വരെ gap വേണം, ആ ഗ്യാപ്പില്‍ എക്സ്പീരിയന്‍സ് തട്ടി കേററിയാണത്രെ ഇവരൊക്കെ ജോലി സഘടിപ്പിച്ചത്. തകര്‍ന്നു പോയി..ഈശ്വരാ ഇതെന്തു പരീക്ഷണം .

എന്നാല്‍ എന്നെ അങ്ങനെ ഒന്നും കൈവിടാന്‍ ഈശ്വരന്‍ തയാറായില്ല. testing course പഠിച്ചപ്പോള്‍ പരിചയപെട്ട ഒരു സുഹൃത്ത് അവന്‍റെ കമ്പനിയില്‍ എന്നെ റെഫര്‍ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ വളരെ നിര്‍ണായകമായ ആ സമയത്തു ഒരു ദൈവദൂതനെ പോലെ അവന്‍ വന്നത് ശരിക്കും ഈശ്വര കാരുണ്യം തന്നെ. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ കാരണവന്മാര് ചെയ്ത പുണ്യം.

എല്ലാ ദൈവങ്ങളേം മനസില്‍ ധ്യാനിച്ച് രാവിലെ തന്നെ കുളിച്ചു റെഡി ആയി ഞാന്‍ ഇന്റര്‍വ്യൂവിന് പുറപെട്ടു. ഓഫീസിന്‍റെ ലിഫ്റ്റ് കയറുമ്പോള്‍ മനസ്സില്‍ ആകെപ്പാടെ ഒരു വിമ്മിഷ്ടം. എന്തായിരിക്കും അവര്‍ ചോദിക്കുന്നത്. മനസില്‍ ഒരു രൂപവും ഇല്ല. എന്നെ വിളിക്കുന്നത് കാത്തു വെളിയില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് എനിക്കൊരു sms ...

ഈശ്വരാ ഞാന്‍ തകര്‍ന്നു പോയി. " മദ്രാസില്‍ വച്ചു ലാലേട്ടന് ഒരു accident പറ്റിയിരിക്കുന്നു. വളരെ സീരിയസ് ആണത്രേ " വിശ്വസിക്കാന്‍ കഴിഞ്ഞില്ല . പെട്ടെന്ന് അകത്തു നിന്നും എന്‍റെ പേരു വിളിച്ചു. .
തകര്‍ന്ന മനസുമായി ആ interview boardന്‍റെ മുന്‍പില്‍ ഞാന്‍ ഇരുന്നു. അവര്‍ എന്തൊക്കെയോ എന്നോട് ചോദിച്ചു ഞാന്‍ എന്തൊക്കെയോ അവരോട് പറഞ്ഞു ഒന്നും ഓര്‍മയില്ല. മനസ്സില്‍ മുഴ്വന്‍് ലാലേട്ടന് ഒന്നും വരുത്തല്ലേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു
" ok interview is over ...you wait outside " ...ങേ ...ഞാന്‍ ഞെട്ടിയുണര്‍ന്നു.

പുറത്തെത്തിയ ഞാന്‍ ആദ്യം അന്വേഷിച്ചത് ഇതിന്‍റെ സത്യാവസ്ഥ ആയിരുന്നു.
വെറും ഒരു കള്ളം. മെസ്സേജ് അയച്ച സേവ്യറെ ഇനിം വിളിക്കാന്‍ തെറികളൊന്നും ബാക്കിയില്ലാരുന്നു. പെട്ടെന്ന് attender പുറത്തു വന്നു എന്നെ വിളിച്ചു എന്‍റെ ഓഫര്‍ ലെറ്റര്‍ റെഡി ആയിരിക്കുന്നു.
സാലറി 7000 രൂപ. കണ്ണും പൂട്ടി 10,000 രൂപ കിട്ടുമായിരുന്ന ജോലി ഞാന്‍ മാത്രമാണത്രേ ഇങ്ങനെ accept ചെയ്തത് . അവരെന്നോട് സാലറി ചോദിച്ചിരുന്നോ? ഒന്നും ഓര്‍മയില്ല. എങ്കിലും ലാലേട്ടന് ഒന്നും പറ്റിയില്ലല്ലോ ...പിന്നെ ജോലിം കിട്ടിയില്ലേ...ഇതില്‍ പരം എന്ത് വേണം .
അങ്ങനെ സന്തോഷത്തോടെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു...